Oct 27, 2011

മണിപ്പുരില്‍ സേനയുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കും

ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്​പ) മണിപ്പുരില്‍ പിന്‍വലിച്ചേക്കും. . ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് സംസ്ഥാനത്തെ പൂര്‍ണമായി ഒഴിവാക്കാനോ ഘട്ടം ഘട്ടമായി പിന്‍വലിക്കാനോ വേണ്ട ഭേദഗതി വരുത്താനോ ആണ് നിര്‍ദേശം. ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തതായി വിശ്വസ്തകേന്ദ്രങ്ങള്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ മണിപ്പുരില്‍ ഈ നിയമം പിന്‍വലിക്കുന്നതില്‍ കുഴപ്പമില്ലെന്ന നിഗമനത്തിലാണ് യോഗം എത്തിയത്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയ്ക്കായി ഉടനെ സമര്‍പ്പിക്കും. അന്തിമതീരുമാനമെടുക്കുമ്പോള്‍ പ്രതിരോധമന്ത്രാലയത്തിന്റെ അഭിപ്രായവും കണക്കിലെടുക്കേണ്ടി വരും.

വിഘടനവാദം നിലനില്‍ക്കുന്ന ജമ്മുകശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് 'അഫ്‌സ്​പ'നിലവിലുള്ളത്. ഈ നിയമപ്രകാരം തീവ്രവാദത്തെ നേരിടാന്‍ സൈന്യത്തിന് വിപുലമായ അധികാരങ്ങളാണ് ഈ മേഖലകളില്‍ നല്‍കിയിട്ടുള്ളത്. ഇതിനെതിരെ നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ദീര്‍ഘകാലമായി പ്രതിഷേധിച്ചു വരികയാണ്.

ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയും നഗ്‌നമായ മനുഷ്യാവകാശ ധ്വംസനത്തിന് സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും അധികാരം നല്‍കുകയും ചെയ്യുന്ന കരിനിയമമാണ് ഇതെന്നാണ് പ്രധാനവിമര്‍ശം. എന്നാല്‍ ഇത് തീവ്രവാദികള്‍ നടത്തുന്ന പ്രചാരണമാണെന്ന നിലപാടിലാണ് സൈന്യം. മണിപ്പുരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മിള പതിറ്റാണ്ടിലേറെയായി നടത്തുന്ന ഉപവാസ സമരത്തിലൂടെ ഈ നിയമം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

താത്പര്യം ഉണ്ടായിട്ടല്ല മണിപ്പുര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ 'അഫ്‌സ്​പ' നിലനിര്‍ത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തീവ്രവാദപ്രവര്‍ത്തനം രൂക്ഷമാകുന്നതാണ് ഇത് ഏര്‍പ്പെടുത്താന്‍ കാരണം. സാഹചര്യങ്ങള്‍ക്കനുസൃതമായി ഈ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തോട് അനുഭാവപുര്‍വമുള്ള പരിഗണന ആഭ്യന്തര മന്താലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു.

കശ്മീരിലും 'അഫ്‌സ്​പ' ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഒമര്‍അബ്ദുള്ള മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ കശ്മീരില്‍നിന്ന് നിയമം പിന്‍വലിക്കുന്നതിനോട് പ്രതിരോധ മന്ത്രാലയം കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. മണിപ്പുരിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. തീവ്രവാദി അക്രമങ്ങള്‍ താരതമ്യേന കുറഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

No comments: