Jun 12, 2012

ദേശാടനകിളിയാകുന്ന തമിഴന്‍


  




ആഴക്കടലും ജീവിതവും തമ്മിലെ വ്യത്യാസം എന്താണ് നമ്മല്‍ പലരേയും ഒന്നു കുഴപ്പിക്കുന്ന ഈ ചോദ്യം  ഒരു ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥിയോടായിരുന്നു. 'മൂവായിരം നോട്ടിക്കല്‍ മൈല്‍ സാര്‍'. 
അതെ മരതക മണ്ണില്‍ ജനിച്ച് വീണ ഓരോ തമിഴനും ഈ ദൂരം ഒരു സ്വപ്‌നമാണ്.
സ്വന്തമായി ഒരു പിടി മണ്ണ് എന്ന ഏത് മനുഷ്യന്റേയും ചിന്ത്‌പോലെ സ്വന്തമായി ഒരു രാജ്യത്തിന്റെ വിലാസം എന്നതാണ് അവന് ഈ ദൂരം.
ആഭ്യന്തര യുദ്ധം താറുമാറാക്കിയ ലങ്കയുടെ വാര്‍ത്തകള്‍ മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലേക്ക് കടക്കുന്നു. പുലിതലവന്‍ വേലുപിള്ള പ്രഭാകരനെ വധിച്ച് സിംഹള സേന ട്രിങ്കോമാലിയിലും മുല്ലത്തീവിലും ജാഫ്‌നയിലും കൊടിപാറിച്ചിട്ടും ശ്രീലങ്കന്‍ തമിഴരുടെ പാലായനം തുടരുകയാണ്. 
പാക് കടലിടുക്ക് നീന്തി ഇന്ത്യയിലേക്ക് ഇന്ത്യയില്‍ നിന്ന് ക്രിസ്മസ് ദ്വീപിലേക്ക് ദേശാന്തരങ്ങള്‍ കടന്നുള്ള ഈ യാത്രയില്‍ അവന്‍ തമിഴ്പുലിയായും തമിഴ് തീവ്രവാദിയായും 'ഇലങ്കന്‍' നായായും മുദ്രകുത്തപ്പെടുന്നു. രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുമ്പോള്‍ പുറം തള്ളപ്പെടുന്ന മനുഷ്യജീവനുകളുടെ കഥയിലെ പുറംപോക്കുകളാണിവര്‍.
ജാതിയോ മതമോ രാഷ്ട്രമോ ഇവര്‍ക്ക് കൂട്ടില്ല. പരസ്പരം വാക്കാല്‍ കൂട്ടിയ കരാറില്‍ ഇവര്‍ ജീവിക്കുന്നു. പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി.








കുടിയേറ്റം എന്നും ഭാഗ്യം തേടിയുള്ള യാത്രയാണ് കൂടുതല്‍ മെച്ചപ്പെട്ട ആഹാരം, വസ്ത്രം, ജീവിതം ഇവ മോഹിച്ചാണ് ജനിച്ച മണ്ണ് ഉപേക്ഷിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി മനുഷ്യര്‍ യാത്രയാകുന്നത് എന്നാല്‍ മരതക ദ്വീപില്‍ നിന്നും  നാട് വിടുന്ന തമിഴ് വംശജര്‍ക്ക് മുന്നില്‍ ഇത്തരം ആവിശ്യങ്ങളൊന്നുമില്ല.  ഭൂമിയില്‍  ജനിച്ച തങ്ങള്‍ക്ക്  ഏതെങ്കിലും ഒരു രാജ്യത്തെ പൗരന്മാരായി ജീവിക്കണമെന്ന ആഗ്രഹവുമായിട്ടാണ് മല്‍സ്യബന്ധനയാനങ്ങളിലും ചെറുവള്ളങ്ങളിലും ഒരോ തമിഴനും ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കുന്നത്. ഇവിടെ നിന്നും ആസ്‌ത്രേലിയയിലേക്കോ, കാനഡയിലേക്കോ  പാലായനം ചെയ്യാമെന്ന് ് ഇവര്‍ സ്വപ്‌നം കാണും. പലപ്പോഴും തിരകളെ കീറിമുറിച്ചുള്ള യാത്ര സ്വപ്‌നമായി കടലില്‍ അവസാനിക്കും. ചുരുക്കം ചിലര്‍ കര പറ്റും. കുറച്ച് പേരാകട്ടെ തീരം വിടുന്നതിന് മുന്നേ പോലിസിന്റെ പിടിയിലും. കൊല്ലത്തു നിന്നും ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച  151 ശ്രീലങ്കന്‍ തമിഴ് വംശജര്‍ പിടിയിലാകുന്നത് ഇത് മൂന്നാം തവണയാണ്. ഇതില്‍ 107 ആണുങ്ങളും 19 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. ഓരോ തവണ പിടിയിലാകുമ്പോഴും ആളുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.








അഭയാര്‍ഥി ക്യാംപ് എന്ന നരകം


ശ്രീലങ്കയില്‍ 1983  എല്‍.ടി.ടി.ഇയും  സൈന്യവുമായി ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ ഇന്ത്യയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിനും തുടക്കമായി. ആഭ്യന്തരയുദ്ധം കൊടുംമ്പിരി കൊണ്ട 1988-1990 കളില്‍ പ്രതിവര്‍ഷം 20000 പേരാണ് ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി  എത്തിയത്്. തമിഴ് വംശജരായ ഇവരെ  ധനുഷ്‌കോടിയിലെ മണ്ഡപത്ത്  ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള അഭയാര്‍ഥി ക്യാംപുകളില്‍ താമസിപ്പിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടിലെ തന്നെ വല്‍സരവാക്കം,പിരാമതി, തിരുവാലൂര്‍, ആര്‍ച്ചെല്ലൂര്‍, തിരുവണ്ണാമലെ എന്നിവവിടങ്ങളിലെ ക്യാപുകളിലേക്ക് മാറ്റുന്നു. തകര മേല്‍ക്കൂരയില്‍ നിര്‍മിച്ചിട്ടുള്ള  പത്തു ചരുരശ്ര അടി വിസ്തീര്‍ണമുള്ള മറയാണ് ക്യാംപ്. ഇതിനുള്ളിലാണ്  ഒരു കുടുംബം കഴിയുന്നത്.  പുരുഷന്മാര്‍ക്ക് 1,000 രൂപ,സ്ത്രീകള്‍ക്ക് 750രൂപ, കുട്ടികള്‍ക്ക് 450 രൂപ വീതം മാസംതോറും അഭയാര്‍ഥികള്‍ക്ക്   തമിഴ്‌നാട് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. കുട്ടികളെ പഠിപ്പിക്കുവാനും നല്ല വസ്ത്രം നല്‍കുവാനുമായി ക്യാംപില്‍ നിന്നും  ആണുങ്ങള്‍ പുറം പണിക്ക് പോകും. പെയിന്റിങും, കൂലിപ്പണിയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത് അഭയാര്‍ഥികളായതിനാല്‍ ശമ്പളം കുറവാണ്. ക്യാംപില്‍ നിന്നും മൂന്ന് ദിവസത്തില്‍ കൂടുതല്‍ പുറത്തുനില്‍ക്കാനാവില്ല അതല്ലങ്കില്‍ തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് വേണം. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാന്‍പോലും അനുവാദമില്ല. പുറത്തുള്ളവരുടെ രേഖ ഉപയോഗിച്ചാണു സിം കാര്‍ഡ് എടുക്കുന്നത്. പുറത്ത് പോയവര്‍ തിരികെ എത്തുമ്പോള്‍ തമിഴ്‌നാട്  ക്യു ബ്രാഞ്ച് പൊലിസ് എത്തും.പിന്നെ ചോദ്യംചെയ്യലും  ക്രൂര മര്‍ദ്ദനവുമാണ്. ക്യാംപിലെ ദുരിതം പുറംലോകത്തെത്തിക്കാന്‍ പലവട്ടം ഇവര്‍ ശ്രമിച്ചിട്ടുണ്ട്. പത്രലേഖകരെ ക്യാംപില്‍ കൊണ്ടുവന്നു അഭയാര്‍ഥികളുടെ ജീവിതം പുറത്ത് കൊണ്ടുവരുവാന്‍ ശ്രമിച്ച യുവാക്കള്‍ക്കു ക്രൂര മര്‍ദനമാണ് കിട്ടിയത്. ഈ നരകത്തില്‍  സ്വന്തമായി ഒരു പിടി മണ്ണ് എന്ന സ്പനമാണ് ഇവരെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. അതിനായി ദിവസങ്ങളോളം മല്‍സ്യബന്ധന ബോട്ടിലെ ഐസ് ബോക്‌സിനുള്ളില്‍ ശ്വാസം അടക്കിപ്പിടിച്ച് കിടന്ന് കടല്‍ കടക്കാന്‍ ഇവര്‍ തയ്യാറടുക്കുന്നത്.






കണ്ണീരണിഞ്ഞ ജീവിതങ്ങള്‍


ഞാന്‍ അണ്ണാമലെ യുനിവേഴ്‌സിറ്റി ക്യാംപസില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് കഴിഞ്ഞ് നാല് വര്‍ഷമായി പെയിന്റ് പണിക്ക് പോവുകയാണ്. പ്രായമായ രണ്ട് സഹോദരമാരുണ്ട്. ഞങ്ങളുടെ അപ്പ 20 വര്‍ഷം മുമ്പ്  ശ്രീലങ്കയില്‍ നിന്നും അഭയാര്‍ഥിക്യാംപിലെത്തിയതാണ് 26 കാരനായ ദുരണ്‍സിലെ പറഞ്ഞു. തിരുവണ്ണാമലൈ ക്യാംപില്‍ നിന്നും എത്തിയതാണ് ദുരണ്‍ സിലെ. അച്ഛന്‍ കൂലിപ്പണിയെടുത്താണ് എന്നെ പഠിപ്പിച്ചത്. ഞങ്ങള്‍ ഒരു നേരം പോലും നല്ലരീതിയില്‍ ആഹാരം കഴിച്ചിട്ടില്ല. സഹോദരിമാരും പ്ലസ് ടു വരെ പഠിച്ചു. പക്ഷേ എനിക്ക് സര്‍ക്കാരോ സ്വകാര്യ കമ്പനിയിലോ ജോലി ലഭിക്കില്ല കാരണം ഞങ്ങള്‍ ഒരു രാജ്യത്തിന്റേയും പൗരന്മാരല്ല.  ദുരണ്‍സിലയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു. സഹോദരിമാരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണം വിറ്റിട്ടാണ് ദുരണ്‍സിലെ  ഒന്നരലക്ഷം രൂപ ഏജന്റിന് നല്‍കിയത്. ദുരണ്‍ സിലെയുടെ കൂടെ ഡിഗ്രി പഠിച്ചവരും മള്‍ട്ടിമീഡിയാ കോഴ്‌സ് കഴിഞ്ഞവരുമായ നിക്‌സന്‍, മതി,ഡേവിഡ്,കുമാര്‍ എന്നിവരുമുണ്ട്.
 ഭര്‍ത്താവ് മരിച്ചിട്ട് പത്ത് മാസമായി. ക്യാംപില്‍ തെരുവ് പട്ടിയെ കുഴിച്ചിടുന്നത് പോലെ അടക്കുകയായിരുന്നു അദ്ദേഹത്തെ. മരണാനന്തര  ചടങ്ങുകള്‍ ചെയ്യാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. 42 വയസ്സുള്ള പരമശിവയുടെ വാക്കുകളാണിവ. പ്ലസ് ടു കഴിഞ്ഞ മകനെ പഠിപ്പിച്ച് ഒരു ജോലിവാങ്ങിക്കണം. ചത്താല്‍ സ്വന്തം സ്വന്തം മണ്ണില്‍ അടക്കണമെന്നാണ് ആഗ്രഹം. മകന്‍ സേവ്യറും  ഇതേ ബോട്ടില്‍ ഉണ്ടായിരുന്നു.ഭര്‍ത്താവ് ബെനക്ടിക്കിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സേവ്യറിനെ ഡിഗ്രി പഠിപ്പിക്കണമെന്നത്. എന്നാല്‍ അഭയാര്‍ഥിയായതിനാല്‍ അവന് പ്ലസ് ടുവിന് ശേഷം സ്‌കൂളുകാര്‍ ടി.സി നല്‍കിയില്ല. ഏങ്ങനേയും ആസ്‌ത്രേലിയയില്‍ പോയി രക്ഷപ്പെടണമെന്നായിരുന്ന ആഗ്രഹം. ബോട്ട് കടലില്‍ ഇറങ്ങിയതാണ് എന്നാല്‍ വിധി ഞങ്ങളെ വേട്ടയാടുകയായിരുന്നു. പരമശിവയുടെ വാക്കുകളില്‍ നിരാശ നിറഞ്ഞു. 


തഞ്ചാവൂര്‍ ജില്ലയിലെ കടലൂര്‍ കട്ടമണ്ണാര്‍കോവിലില്‍ കഴിഞ്ഞ 18 വര്‍ഷമായി ഫോട്ടോഗ്രാഫറായി ജോലിനോക്കുകയാണ് സുരേഷ് ദാസ്(52). 1989 ല്‍ അഭയാര്‍ഥിയായി എത്തിയതാണ്. മകന്‍ എന്‍ജിനീയറിങിന് പഠിക്കുന്നു. മകള്‍ പ്ലസ് ടു കഴിഞ്ഞ് വീട്ടില്‍ നില്‍ക്കുന്നു കാട്ട് മണ്ണാര്‍കോവിലില്‍ പരിചയക്കാരന്റെ പേരില്‍ വാങ്ങിയ വസ്തുവില്‍ വീട് വെച്ചാണ് താമസിക്കുന്നത്. സ്വന്തമായി മൊബൈല്‍ കണക്ഷനോ,ഗ്യാസ്‌കണക്ഷനോ ഇല്ല ഒരു ബൈക്ക് വാങ്ങണമെങ്കിലും  മറ്റൊരാളുടെ പേരില്‍ വേണം എന്തിനാണ് ഇങ്ങനെ ഒരു ജീവിതം സുരേഷ് ദാസ് ചോദിച്ചു. ഓരോ അഭയാര്‍ഥിക്കും ഇത്തരം യാത്രക്ക് പ്രചോദനമാകുന്നത് ജീവിതത്തിലുണ്ടാകുന്ന ഇത്തരം  തിക്താനുഭവങ്ങളാണ്




ക്രിസത്മസ് ദ്വീപ് എന്ന സ്വപ്‌നം ദേശം


ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ സ്വപനരാജ്യമാണ് ആസ്‌ത്രേലിയ. അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് ഈ രാജ്യത്ത് നിന്നും എത്തുന്നവര്‍ക്ക് ലഭിക്കുന്ന പരിഗണനയാണ് ഇവരെ ഈ തീരം തൊടാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്‌ത്രേലിയയിയുടെ  വടക്ക് പടിഞ്ഞാറന്‍ തീരത്ത് പെര്‍ത്ത് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ദ്വീപാണ് ക്രിസ്ത്മസ് ദ്വീപ്. ഇന്ത്യനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും 360 കിലോമീറ്റര്‍ കടല്‍ ദൂരമാണ് 2600 ചതുരശ്ര കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ ദ്വീപിലേക്ക്്.   ദ്വീപ് സമൂഹത്തില്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ അഭയാര്‍ഥി പുനരധിവാസ പദ്ധതിയുടെ കീഴില്‍ ഇമിഗ്രേഷന്‍ ഡിറ്റനേഷന്‍ സെന്റര്‍(ഐ.ഡി.സി) പ്രവര്‍ത്തിക്കുന്നുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ട് കടല്‍ കടന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക്  ആവശ്യമായ വൈദ്യസഹായവും ചികില്‍സയും നല്‍കി അന്താരാഷ്ട്ര നിയമമനുസരിച്ച് ഇവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളി താല്‍ക്കാലിക പൗരത്വം നല്‍കി വരുന്നു. ഈ സൗകര്യം മുതലെടുത്താണ് അഭയാര്‍ഥികളാക്കപ്പെടുന്ന ശ്രീലങ്കക്കാര്‍ ഈ ദ്വീപിനെ തങ്ങളുടെ സ്വപ്‌നദേശമായി കാണുന്നത്. ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടക്കുമ്പോള്‍ അഭയാര്‍ഥികളാകുന്ന തമിഴര്‍ക്ക് മുമ്പ്  മരതക ദ്വീപിലേക്ക്  തിരികെ പോകാമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ എല്‍.ടി.ടി.ഇ പരാജയപ്പെടുകയും പുലിതലവന്‍ പ്രഭാകരന്‍ വധിക്കപ്പെടുകയും ചെയ്തതോടെ ആ പ്രതീക്ഷയറ്റു. അതിന് ശേഷമാണ് ആസ്‌ത്രേലിയയില്‍ പൗരത്വം നേടുക എന്ന ചിന്ത  ഇവര്‍ക്കിടയില്‍ വ്യാപിക്കുന്നത്. എന്റെ ഭര്‍ത്താവ്  ഇങ്ങനെ ഓസ്‌ട്രേലിയയിലേക്കു പോയിട്ടുണ്ട്. അവര്‍ അവിടെ സുഖമായി കഴിയുന്നു. പൗരത്വം കിട്ടുന്നുണ്ട്. അവരെ ഫോണില്‍ വിളിക്കും. ചിലര്‍ ഇടയ്ക്കു ക്യാംപില്‍ വന്നു വിവാഹം കഴിഞ്ഞു കുടുംബസമേതം പോകും. 15 ദിവസം കൊണ്ട് ആസ്‌ത്രേലിയയില്‍ എത്താമെന്നാണ് ഏജന്റുമാര്‍ പറയുന്നത്. 32 കാരിയായ രാംജിത പറഞ്ഞു. 




കൊല്ലം എന്ന സുരക്ഷിത തീരം 


കൊല്ലത്തെ മല്‍സ്യബന്ധന തുറമുഖങ്ങളുടെ പരാധീനതകളാണ് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍  കൊല്ലം തീരം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍. ബോട്ടുകളില്‍ അധികൃതരുടെ കൃത്യമായ പരിശോധനകളില്ലാത്തതിനാല്‍ ആര്‍ക്കും ഇവിടെ മല്‍സ്യബന്ധനം നടത്താം. കൊല്ലത്ത് നിന്നും ബോട്ട് വാങ്ങുവാന്‍ ഏറെ ബുദ്ധിമുട്ടില്ലന്നതും തമിഴ്‌നാടുമായി കൊല്ലം അതിര്‍ത്തി പങ്കിടുന്നതിനാല്‍ തമിഴ്‌നാട്ടുകാരുടെ സാനിധ്യം പ്രദേശവാസികളില്‍ സംശയം ജനിപ്പിക്കില്ലന്നതും യാത്രക്ക് ഏജന്റുമാരുടെ സുരക്ഷിത കേന്ദ്രമായി കൊല്ലത്തെ മാറ്റുന്നു. ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോകാമെന്ന വാഗ്ദാനം നല്‍കിയാണ് അഭയാര്‍ഥികളെ ഇവിടെ എത്തിക്കുന്നത്. ഇതിന്റെ മറവില്‍ പല ഇടപാടുകളും നടക്കുന്നുണ്ടെങ്കിലും പൊലിസ് നിരീക്ഷണം. 2010 മേയ് ഏഴിനു തമിഴ്‌നാട്ടില്‍ നിന്നുള്ള 37 അഭയാര്‍ഥികളെ നഗരത്തിലെ ലോഡ്ജില്‍ നിന്നു പിടികൂടിയിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ  ഇവരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായകമായ വിവരങ്ങളാണ് ലഭിച്ചത്. എല്‍.ടി.ടി.ഇ തലവനായിരുന്ന പുലി പ്രഭാകരന്റെ ഉറ്റ അനുയായി പരാശരന്‍ (ശിവ-36) അറസ്റ്റിലായതോടെയാണു മനുഷ്യകടത്തിന്റെ  ഗൗരവം  പൊലിസിനു മനസ്സിലാകുന്നത്. ശ്രീലങ്കന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ശിവയുടെ ഇടതുകാലില്‍ വെടിയേറ്റിരുന്നു.  1990 മുതല്‍ പത്തു വര്‍ഷം എല്‍.ടി.ടി.ഇയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു ശിവ വെളിപ്പെടുത്തിയത്. ഷാര്‍പ് ഷൂട്ടര്‍ കൂടിയായ ശിവ കുഴിബോംബ് സ്‌ഫോടനം നടത്തുന്നതിലും വിദഗ്ധനാണ്. യുദ്ധത്തില്‍ പരുക്കേറ്റവരെ ചികില്‍സിക്കുകയും ചെയ്തിരുന്നു.
ശ്രീലങ്കന്‍ വംശജരെ ഓസ്‌ട്രേലിയയിലേക്കു കടത്തുന്നതിന് പ്രധാന ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഇയ്യാളില്‍ നിന്നും ഹവാല പണമിടപാടുകളുടെ രേഖകളും കണ്ടെടുത്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 28  ശക്തികുളങ്ങരയില്‍ നിന്നും ബോട്ടില്‍ കടക്കാന്‍ ശ്രമിച്ച 18 ശ്രീലങ്കന്‍ കുടുംബങ്ങളെ  പോലിസ് അറസ്റ്റ് ചെയ്തു.ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് 151 പേരുമായി കടക്കാന്‍ ശ്രമിച്ച ബോട്ട് പിടിയിലായിരിക്കുന്നത്. ശ്രീലങ്കയിലെ ജാഫ്‌ന, ട്രിങ്കോമാലി സ്വദേശികളാണ് ഇവരില്‍ ഏറിയപങ്കും. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ ഏറെ നേരിട്ടവര്‍
ആസ്‌ത്രേലിയായിലേക്ക് കടക്കുന്നതിന് ഒരാളുടെ പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപവരെയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്.  


















ഓരോ അഭയാര്‍ഥിയുടെ കഥകള്‍ നമ്മളെ  ഞെട്ടിക്കുന്നതാണ്. ശ്രീലങ്കയില്‍ വസ്തുവും കൃഷിയും ഉണ്ടായിരുന്നവര്‍ എല്ലാം ഉപേക്ഷിച്ചാണ് പുറപ്പെട്ടത്. 2006  മേയില്‍  എല്‍.ടി.ടി.ഇയെ പൂര്‍ണമായും പരാജയപ്പെടുത്തി സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തെങ്കിലും തമിഴരുടെ നേരെയുള്ള പീഢനത്തിന് അറുതിയായില്ല. ശ്രീലങ്ക സൈന്യത്തിന്റെ പീഢനത്തെ കുറിച്ച്  പറയുമ്പോള്‍ അഭയാര്‍ഥികളുടെ മുഖത്തു നിന്നും അത് വായിച്ചെടുക്കാം.ഗര്‍ഭിണികള്‍, ഒരു വയസ്സുപോലുമാകാത്ത കുട്ടികള്‍, മുത്തശ്ശിമാര്‍.... എല്ലാവരും ഓസ്‌ട്രേലിയയിലെത്തി ജീവിതം തിരിച്ചുപിടിക്കാമെന്നു പ്രതീക്ഷിച്ചു തമിഴ്‌നാട്ടിലെ ക്യാംപുകളില്‍ നിന്ന് ഒളിച്ചോടിയവരാണ്.  നാല്‍പ്പത്തിയഞ്ച് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന മല്‍സ്യബന്ധനയാനത്തില്‍ 15 ദിവസം ഐസ് ഇട്ടുവെയ്ക്കുന്ന മുറിക്കുള്ളില്‍ അട്ടിയിട്ട് യാത്രതചെയ്യുന്ന ഇവരില്‍ എത്രപേര്‍ സുരക്ഷിതരായി തീരം ചേരുമെന്ന് അറിയില്ല. മരിച്ചാല്‍ മൃതദേഹം മറ്റുള്ളവര്‍ യാത്രക്കിടയില്‍ കടലിലേക്ക്ഏറിയും............... കരയില്‍ സ്വന്തമായി മണ്ണും സ്വപ്‌നവുമില്ലാത്തവര്‍ക്ക് കടലിന്റെ അനന്തത  സ്വപ്‌നം കാണാവുന്നതിലുമപ്പുറമാണ്..........

No comments: