Oct 15, 2011

സഭാരംഗങ്ങള്‍ക്ക് മിഴിവേകാന്‍ ഹൈ സെന്‍സിറ്റീവ് ക്യാമറ




നിയമസഭയിലെ പ്രക്ഷുബ്ധ രംഗങ്ങളെക്കുറിച്ചുള്ള തര്‍ക്കവും അവ്യക്തതയും ഈ സമ്മേളനത്തോടെ അവസാനിക്കുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള ക്യാമറകള്‍ മുഴുവന്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. അഞ്ചരക്കോടി ചെലവില്‍ ഹൈ സെന്‍സിറ്റീവ് ക്യാമറകള്‍ സ്ഥാപിക്കുന്നത് ബജാജാണ്. നിയമസഭാ സെക്രട്ടേറിയറ്റ് അന്താരാഷ്ട്ര ടെന്‍ഡറിലൂടെയാണ് ഇവരെ ചുമതലയേല്‍പ്പിച്ചത്. ഇപ്പോഴത്തെ സഭാ സമ്മേളനം നവംബര്‍ ആദ്യവാരം അവസാനിച്ചാലുടന്‍ ഇപ്പോഴത്തെ ക്യാമറകള്‍ നീക്കും. സംപ്രേഷണ യോഗ്യമായ ക്യാമറകളാണ് ബജാജ് സ്ഥാപിക്കുന്നത്. നിയസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം കൂടിയതു പരിഗണിച്ച് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ എണ്ണം കൂട്ടുന്നതും സജീവ പരിഗണനയിലാണ്. ആറ് വനിതാ എംഎല്‍എമാരുണ്ടെങ്കിലും രണ്ട് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ മാത്രമാണുള്ളത്.
നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാഗ്വാദവും കൈയ്യാങ്കളിയുമുള്‍പ്പെടെ ഉണ്ടാകുമ്പോള്‍ ഇന്നലത്തെപ്പോലെ അതിനെച്ചൊല്ലിയുണ്ടാകുന്ന തര്‍ക്കം പരിഹരിക്കാന്‍ വീഡിയോ പരിശോധിക്കാറുണ്ട്. എന്നാല്‍ നിലവിലെ ക്യാമറകളുടെ കാലപ്പഴക്കവും ഗുണമേന്മക്കുറവും മൂലം ദൃശ്യങ്ങള്‍ അവ്യക്തമാണ്. ഇത് തര്‍ക്കങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനു പകരം പുതിയ തര്‍ക്കങ്ങള്‍ ഉണ്ടാകാനാണ് ഇടയാക്കുന്നത്. ധനവിനിയോഗ ബില്ല് വോട്ടെടുപ്പില്‍ യുഡിഎഫ് കള്ള വോട്ട് ചെയ്‌തെന്ന പ്രതിപക്ഷ ആരോപണത്തെത്തുടര്‍ന്ന് വിഡിയോ പരിശോധിച്ചപ്പോഴും ഇന്നലെ വിഡിയോ പരിശോധിച്ചപ്പോഴും ഇതേ പ്രശ്‌നമുണ്ടായി. എന്നാല്‍ ജി കാര്‍ത്തികേയന്‍ സ്പീക്കറായി ചുമതലയേറ്റ ഉടനേതന്നെ നിയമസഭയിലെ ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നവീകരിക്കാന്‍ നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് ടിവി പോലെ നയമസഭാ ടിവി ചാനല്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും വേണ്ടെന്നുവെച്ചു. പത്ത് കോടി രൂപയാണ് നിയമസഭാ ടിവി ചാനല്‍ തുടങ്ങുന്നതിന് കണക്കാക്കിയത്. ചാനല്‍ പ്രവര്‍ത്തന സജ്ജമാകുമ്പോഴേയ്ക്കും ഇത് 15 കോടിവരെയാകാം എന്നും വിലയിരുത്തലുണ്ടായി. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുമായി സ്പീക്കറും നിയമസഭാ സെക്രട്ടറിയും സംസാരിച്ചിരുന്നു. സഭാ സമ്മേളനം ഇല്ലാത്തപ്പോള്‍ ചാനല്‍ ലൈവ് ആയി നിലനിര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടുകളും കൂടി പരിഗണിച്ചാണ് തല്‍ക്കാലം വേണ്ടെന്നു തീരുമാനിച്ചത്.
വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ എംഎല്‍എമാരും ഉള്‍പ്പെട്ട ഇന്നലത്തെ വിവാദത്തെത്തുടര്‍ന്ന് വിഡിയോ പരിശോധന നടത്തിയ ശേഷവും തര്‍ക്കം നിലനില്‍ക്കുകയാണ്. സിപിഎം എംഎല്‍എമാരായ ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ജ് രജനിയെ കൈയേറ്റ്ം ചെയ്‌തെന്ന് ഭരണപക്ഷവും ഇല്ലെന്ന് പ്രതിപക്ഷവും വാദിക്കുന്നു. ഇന്നലെ വിഡിയോ പരിശോധിച്ചപ്പോള്‍, കോടിയേരി ബാലകൃഷണനുമായി ആശയ വിനിമയം നടത്തിയ ശേഷം ഈ രണ്ട് എംഎല്‍മാരും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നിരയിലേയ്ക്ക് ഇടിച്ചുകയറുന്നത് കാണാന്‍ കഴിഞ്ഞു. രജിയുടെ തൊപ്പി പോകുന്നതും അവര്‍ പിന്നിലേയ്ക്ക് മാറുന്നതും അവ്യക്തമായി കാണാമെങ്കിലും കൂട്ട ബഹളത്തിനിടയിലെ ദൃശ്യങ്ങള്‍ അവ്യക്തമാണ്. ക്യാമറയുടെ പഴക്കവും ഗുണമേന്മക്കുറവും ഇതിന്റെ കാരണങ്ങളില്‍പെടുന്നു. വനിതയാണെന്ന് മനസിലാക്കാതെയും മനപ്പൂര്‍വമല്ലാതെയും സംഭവിച്ചതാണെന്ന് പ്രതിപക്ഷവും മനപ്പൂര്‍വും വനിതയെ ആക്രമിച്ചെന്ന് ഭരണപക്ഷവും ആവര്‍ത്തിക്കുകയാണ്.
നാല് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഭരിക്കുന്നത് എന്നതിനാല്‍ ഇന്നലത്തെപ്പോലുള്ള പ്രശ്‌നങ്ങളും തര്‍ക്കങ്ങളും വിഡിയോ പരിശോധനയുമൊക്കെ ഇടയ്ക്കിടെ വേണ്ടിവരുമെന്നുറപ്പാണ്. യുഡിഎഫിനും നിയമസഭാ സെക്രട്ടേറിയറ്റിനും ഈ ആവശ്യത്തോട് മുഖം തിരിക്കാനും കഴിയില്ല.
ബജാജിന്റെ പുതിയ ഹൈ സെന്‍സിറ്റീവ് ക്യാമറകള്‍ വരുന്നതോടെ സഭയിലെ ബഹളങ്ങളുടെ ഓരോ രംഗവും വളരെ വ്യക്തതയോടെ ദൃശ്യമാകും.

No comments: