Mar 30, 2012

ആണവ നിലയം തുറക്കാന്‍ അനുമതി: കൂടംകുളത്ത് സംഘര്‍ഷാവസ്ഥ, 120 പേര്‍ അറസ്റ്റില്‍

എസ് മുഹമ്മദ് താഹിര്‍ തിരുനെല്‍വേലി: കൂടംകുളം ആണവ നിലയം തുറക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി ആണവം നിലയം തുറക്കുകയാണ് പ്രതിവിധിയെന്ന് ചൂണിക്കാട്ടിയാണ് ജയലളിത സര്‍ക്കാര്‍ ആണവ നിലയത്തിന് പ്രവര്‍ത്തന അനുമതി നല്‍കിയത്. പ്രദേശ വാസികളുടെ പുനരധിവാസത്തിനായി 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയം അധികൃതര്‍ വ്യക്തമാക്കി. കൂടംകുളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷ ചുമതല സംസ്ഥാന പോലിസ് ഏറ്റെടുത്തു. എട്ടു ജില്ലകളിലായി 8000 ഓളം സായുധ പോലിസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ആണവ നിലയം തുറക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ സമരസമിതി നേതാക്കളായ അഡ്വ. ശിവസുബ്രമണ്യം, ഗണേഷന്‍, രാജലിംഗം, ജയിംസ്, അണ്ണാരാജ്, എന്നിവരടക്കം പത്തുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് രാധാപുരത്തെക്കുള്ള റോഡ് ഉപരോധിച്ച സ്ത്രീകളും കുട്ടികളും അടങ്ങിയ 120 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വാര്‍ത്ത അറിഞ്ഞ ഉടനെ ഇരന്തിക്കരയിലെ പള്ളികളില്‍ മണിമുഴക്കി. സമീപ ഗ്രാമങ്ങളില്‍ നിന്നും 10000 ഓളം ആളുകള്‍ ഇരന്തിക്കരയിലെ സമര പന്തലിലേക്ക് എത്തി. പോലിസ് റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ നിന്നും ജനം ബോട്ടുകളിലാണ് രാത്രി വൈകി സമരപന്തലിലേക്ക് എത്തിയത്. പ്രദേശത്തെക്കുള്ള വൈദ്യുതിയും ജല വിതരണവും നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ആണവ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ഡോ. ഉദയകുമാര്‍, പുഷ്പരാജന്‍ എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇരന്തിക്കരയിലും കൂടംകുളത്തും കുടിവെള്ളം ഉള്‍പ്പടെ നിരോധിച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. നാളെ പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷ എഴുതേണ്ട നൂറു കണക്കിന് വിദ്യാര്‍ഥികളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരക്കാരെ രാത്രിയോടെ തന്നെ അറസ്റ്റ് ചെയ്ത് തിരുനെല്‍വേലിയിലേക്ക് മാറ്റാനാണ് പോലിസ് നീക്കം. കൂടംകുളത്തെക്കും ഇരന്തിക്കരയിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

No comments: