Jan 22, 2012
ചില റബിയുല്‍ അവ്വല്‍ ചില ചിന്തകള്‍
സര്‍വ്വലോക രക്ഷിതാവിനാകുന്നു സര്‍വ്വ സ്തുതിയും വിചാരണ ദിനത്തില്‍ അവന്റെ കാരുണ്യത്തിന്റെ തണല്‍ നമ്മുടെ മേല്‍ ചൊരിയുവാന്‍ ഇടയാക്കട്ടെ............
വിശുദ്ധിയുടെ മാസമെന്നതിന് നിര്‍വ്വചനമായി ഒരു പക്ഷേ ഉപയോഗിക്കാവുന്ന ഒരു പദമാണ് റബിയുല്‍ അവ്വല്‍ ഹിജ്‌റ വര്‍ഷത്തിലെ ഈ മാസത്തിന്റെ പ്രത്യേകത ലോകത്തിന്റെ നായകന്‍ മുഹമ്മദ്‌നബി(സ) ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമെന്നതാണ്.
ലോകത്തിന് അനുഗ്രഹമായിട്ട് സര്‍വ്വലോക രക്ഷിതാവ് അല്ലാഹു അയച്ചപ്രവാചകന്റെ ജന്മം കൊണ്ടും മരണം കൊണ്ടും ഈ മാസം മുസ്‌ലിം ലോകത്തിന് പ്രിയപ്പെട്ടതാണ്. ഏക ദൈവവിശ്വാസമെന്ന ദൈവിക വിളംബരം നമ്മിലേക്കെത്തിക്കുവാനെത്തിയ പ്രവാചകന്‍(സ) ജന്മദിനം ആഘോഷിക്കുന്ന തന്ത്രപ്പാടിലാണ് മഹല്ലുകളും പ്രവാചക സ്‌നേഹം വിളിച്ചോതുന്ന സംഘടനകളും............. ഒരു നിമിഷം നാം ചിന്തിച്ചാല്‍ പ്രവാചകന്റെയോ മറ്റുള്ളവരുടേയോ ജന്മദിനം ആഘോഷിക്കുവാന്‍ നമ്മുക്ക് അവകാശമുണ്ടോ? കാലങ്ങളായി മുസ്‌ലിം ലോകത്ത് നടക്കുന്ന വാഗ്വാദങ്ങളിലൊന്നാണ് ഇത്. വിശദമായ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടനല്‍കിയ വിഷയത്തിന്റെ ഉള്ളടക്കം എന്ത് തന്നെയാണങ്കിലും ഇന്നിന്റെ ആഘോഷങ്ങള്‍ ഒരു സമുദായത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.നബിദിനാഘോഷം വേണമെന്ന് വാദിക്കുന്നവരുടെ പ്രധാന വാദം മുത്ത് റസൂലിന്റെ(സ) ജന്മദിനം പ്രവാചകനോ(സ)ടുള്ള സ്‌നേഹം കൊണ്ടാണ് മുസ്‌ലിം ലോകം ആഘോഷിക്കുന്നതെന്നാണ്. പരിശോധിക്കപ്പെടേണ്ടത്. പ്രവാചക സ്‌നേഹം നാം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്നാണ്.
ഒന്നാമതായി വിശുദ്ധ ഖുര്‍ ആനിലോ സഹീഹായ ഹദീസുകളിലോ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതിനെ പറ്റി തെളിവുകള്‍ നമ്മുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് സഹാബക്കാളുടെ കാലഘട്ടത്തിലും താബിയിങ്ങളുടെ കാലഘട്ടത്തിലും തബഅത്താബിയിങ്ങളുടെ കാലഘട്ടത്തിലും ഇത്തരം ഒരു ആഘോഷം സംഘടിപ്പിച്ചതായി രേഖകള്‍ കണ്ടെത്തുവാനാകില്ലന്നാണ് പണ്ഡിത മതം.എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിത സമൂഹം നമ്മോട് പറയുന്നത് വ്യക്തമായ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നാണ്. പ്രധാനമായും പരിശോധിക്കപ്പെടേണ്ടത് ഖുര്‍ആനിലും ഹദീസുകളാലും സഹാബിചര്യകളാലും തടയപ്പെടുകയോ മാതൃക കാട്ടപ്പെടുകയോ ചെയ്ത ഒരു വിഷയത്തില്‍ എങ്ങനെ കൃത്യമായ ഒരു നിര്‍ണയം നടത്തുമെന്നതാണ് ഇത് കാലങ്ങളായി മുസ്‌ലിം ലോകത്ത് നടക്കുന്ന ഒരു ചര്‍ച്ചയുമാണ്. പ്രവാചകന്മാരുടെ ജന്മദിനങ്ങള്‍ പ്രത്യേകമായി കൊണ്ടാടപ്പെട്ടാല്‍ ഒരു പക്ഷേ അത് മറ്റുള്ളവരകിലെങ്കിലും ബഹുദൈവാരാധനയിലേക്ക് നയിക്കപ്പെടാന്‍ സധ്യതയുണ്ടെന്ന് പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു ഇത്തരമൊരു സംശയത്തിലാണ് ആഘോഷങ്ങളിലെ മിതത്വം ഇസ്‌ലാം വിലക്കുന്നതെന്ന വാദവും ഇവര്‍ക്കുണ്ട്. നമ്മുക്ക് പരിശോധിക്കുവാനുള്ളത് പ്രവാചക(സ)ന്റെ ജന്മദിനം മുസ്‌ലിങ്ങള്‍ ആഘോഷിച്ച് തുടങ്ങിയത് എന്ന് മുതലാണന്നുള്ളതാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ഹിര്‍ബല്‍/ഇര്‍ബല്‍ രാജ്യത്തെ ഭരണാധികാരിയായിരുന്ന മുഫ്ഫസിര രാജാവാണ് നബിദിനാഘോഷത്തിന് തുടക്കയമി#്ടതെന്ന് ഇബ്‌നു ദഹി എഴുതി പുസ്തകത്തില്‍(കാലത്തിനും നൂറ്റാണ്ടുകള്‍ക്ക് ശേഷം നടന്ന/ ആരംഭിച്ച ഒരു ആചാരമാണ് നബിദിനാഘോഷമെന്നാണ് ഇതില്‍ നിന്നും നമ്മുക്ക് മനസിലാക്കുവാനാകുക. നമ്മുടെ മഹല്ലുകളില്‍ വെള്ളിയാഴ്ചകളില്‍ കുത്തുബയ്ക്കായി പണ്ഡിതന്മാര്‍ ആശ്രയിക്കുന്ന പ്രധാന ഗ്രന്ഥമാണ് നബാത്തിയ ഹുത്തുബ കിത്താബ്.
ഇബ്‌നു നബാത്തുല്‍ മിസ്‌രി ഏഴുതിയ ഈ ഗ്രന്ഥത്തില്‍ ഒരോ മാസത്തിലും നടത്തേണ്ട പ്രസംഗങ്ങളെകുറിച്ച് വിഷയ സൂചികയുണ്ട്. ഈ പുസ്തകത്തില്‍ റബിയുല്‍ അവ്വല്‍ മാസത്തിലെ പ്രസംഗത്തിന്റെ വിഷയ സൂചികയായി കൊടുത്തിരിക്കുന്നത് പ്രവാചകന്‍(സ) വഫാത്താണ്. ഈ വിഷയത്തെയാണ് നമ്മുടെ പള്ളിമിമ്പറുകളില്‍ നബിദിനാഘോഷത്തിന്റെ അറിയിപ്പുകളായി പരിണമിപ്പിക്കുന്നത്. നിലവില്‍ പ്രവാചക(സ) സ്‌നേഹമെന്നതിനപ്പുറം മൈക്ക് കെട്ടി അതിര് വിട്ട ആഘോഷങ്ങള്‍ക്കുള്ള ഒരു വേദിയായി റബിയുല്‍ അവ്വല്‍ 12നെ മാറ്റിയിരിക്കുന്നു. ഒരുദിവസത്തിന്റെ ഇടവേളകളില്‍ നോമ്പനുഷ്ഠിച്ച, രാത്രികാലങ്ങളില്‍ ഉറങ്ങാതെ രക്ഷിതാവിനോട് തന്റെ സമൂത്തിന്റെ മോചനത്തിനായി പ്രാര്‍ഥിച്ച ലോകത്തിന് പുണ്യമായി സന്മാര്‍ഗം കാട്ടിയ പ്രവാചക(സ)ന്റെ പേരില്‍ നടക്കുന്ന ആഘോഷങ്ങളുടെ അതിര്‍വരമ്പുകള്‍ പലപ്പോഴും സംഘാടകര്‍ തന്നെ മറക്കുന്നതായിട്ടാണ് കാണുന്നത്. ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു. എന്റെ നാട്ടിലെ മഹല്ലില്‍ നബിദിനത്തിന് പത്ത് ദിവസം മതപ്രഭാഷണവും റബിഉല്‍ അവ്വല്‍11ന് ഉച്ചക്ക് മൗലൂദ് പാരായണവും ശേഷം കന്തിരി(ഒരു തരം നേര്‍ച്ചചോറ്) വിതരണവും നടക്കുന്നുണ്ട് കാലങ്ങളായി നടക്കുന്ന ഈ ചടങ്ങ് ഇപ്പോള്‍ മഹല്ലിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരമാണ്. എത്രയോ മുസ്‌ലിങ്ങള്‍ ഈ ചോറ് പുണ്യമായി കരുതി വാങ്ങിക്കഴിക്കുന്നുണ്ട്. പണ്ഡിത വര്‍ഗ്ഗമേ ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടതില്ലേ?
Jan 19, 2012
:ഒളിനോട്ടത്തിന്റെ രാഷ്‌ട്രീയം
ഏതൊരാളേയും അസ്വസ്‌ഥമാക്കുന്ന ഒരു പ്രധാനവാര്‍ത്തയുമായാണ് ഈയാഴ്‌ച ആരംഭിച്ചത്. വ്യക്‌തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ ഭരണകൂടം നടത്തിയ ഹീനശ്രമത്തെ തുറന്നുകാണിച്ച് ഒരു വാരിക പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് വലിയ കോളിളക്കമൊന്നും സൃഷ്‌ടിക്കാനിടയില്ല. മുസ്ലിം തീവ്രവാദത്തിന്റെ വേണ്ടത്ര എരിവും പുളിയുമില്ലാത്ത വാര്‍ത്തകള്‍ക്ക് അത്രവേഗമൊന്നും കേരളത്തില്‍ കത്തിക്കയറാനാവില്ല.
മുസ്ലിംലീഗ് ദേശീയ സമിതിയംഗവും മുന്‍ എം.പിയുമായ പി.വി അബ്‌ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഇ-മെയിലുകളാണു ചോര്‍ത്താന്‍ ശ്രമിച്ചത്. മാധ്യമസ്‌ഥാപനങ്ങള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, രാഷ്‌ട്രീയ-സാമൂഹികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, എഴുത്തുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി 268 ഇ-മെയിലുകള്‍ നിരീക്ഷിക്കുന്നതായ വാര്‍ത്തയാണു പുറത്തുവന്നത്. ഇതില്‍ 258 എണ്ണം മുസ്ലിം സമുദായത്തിലെ വ്യക്‌തികളും സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഇന്റലിജന്‍സ് ആസ്‌ഥാനത്തുനിന്ന് എ.ഡി.ജി.പി. ഹേമചന്ദ്രനു വേണ്ടി സ്‌പെഷല്‍ ബ്രാഞ്ച് സൂപ്രണ്ട് കെ.കെ.ജയമോഹന്‍, പോലീസ് ആസ്‌ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന് 2011 നവംബര്‍ മൂന്നിനു നല്‍കിയ കുറിപ്പും വിശദാംശങ്ങളുമാണു പുറത്തുവന്നത്. കത്തിനൊപ്പമുള്ള ലിസ്‌റ്റിലെ 268 മെയിലുകളുടെ ഐ.ഡി പരിശോധിക്കാനും, ലോഗ് ഇന്‍ വിശദാംശങ്ങള്‍ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നു കണ്ടെത്തി കൈമാറാനുമാണു നിര്‍ദേശിച്ചത്.
സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രി അന്വേഷിക്കാന്‍ ഉത്തരവിടുകയും മണിക്കൂറുകള്‍ക്കകം ഇന്റലിജന്‍സ് ഡി.ജി.പി റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്‌തു. റിപ്പോര്‍ട്ടില്‍ തൃപ്‌തിയറിയിച്ച് മന്ത്രിസഭ തുടര്‍നടപടികള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരേ കെസെടുത്ത് അവസാനിപ്പിക്കുന്നതിലേക്കു മാറ്റി. ഒരാള്‍ക്കും ഒരു ആവലാതിയുമില്ലാതെ പോലീസ് വിശദീകരണത്തില്‍ തൃപ്‌തരായി കെട്ടടങ്ങുകയും ചെയ്യും.
ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒന്ന്: സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടുന്നുകയറ്റം, രണ്ട്: സംശയിക്കപ്പെടുകയും അവിശ്വാസം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന സമുദായം. മൂന്ന്: ജനാധിപത്യസംവിധാനത്തിലെ സര്‍ക്കാരുകളുടെ മേലുള്ള ഉദ്യോഗസ്‌ഥ ഭരണം. വ്യക്‌തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ പറ്റുന്ന വിധം നിയമനിര്‍മാണം നടത്തുമ്പോള്‍ രാഷ്ര്‌ടീയ നേതൃത്വങ്ങളും മാധ്യമലോകവും, പൗരസമൂഹവും പുലര്‍ത്തിയ നിസംഗതയാണു കാര്യങ്ങള്‍ ഇങ്ങനെയൊക്കെ എത്തിക്കുന്നത്. രാജ്യസുരക്ഷയുടെയും ആഭ്യന്തരഭദ്രതയുടെയും മറപിടിച്ചു നിര്‍മിക്കപ്പെടുന്ന ഓരോ നിയമത്തിന്റെയും ദുരുപയോഗം മൂലം ബലിയാടുകളാക്കപ്പെട്ടവര്‍ രാജ്യത്ത് ഒട്ടേറെയുണ്ട്. നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ഓരോ കരിനിയമവും പ്രത്യേക സാഹചര്യത്തില്‍ ചുട്ടെടുക്കുമ്പോള്‍ പ്രതിഷേധത്തിന്റെ ഒരു മുരടനക്കം പോലും രാജ്യത്തില്ലാതെപോയി.
മുംബൈ ആക്രമണത്തിന്റെ മറവില്‍ ഭേദഗതിക്കുവേണ്ടി യു.എ.പി.എ. എന്ന കരിനിയമം പാര്‍ലമെന്റിലെത്തിയപ്പോള്‍ ഒത്തൊരുമയോടെ കൈയുയര്‍ത്തലാണു നടന്നത്. പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുചെല്ലാന്‍ വഴിയൊരുക്കുന്ന 2008ലെ ഐ ടി ഭേദഗതി നിയമത്തിലും ഈ ഐക്യപ്പെടല്‍ കാണാന്‍ കഴിയുന്നുണ്ട്. സാധാരണജനത്തിനു നേരേ നിറയൊഴിക്കാന്‍ സ്വാതന്ത്ര്യം വകവച്ചുകൊടുക്കുംവിധം സായുധസേനയ്‌ക്കു പ്രത്യേകാധികാരം നല്‍കി അഫ്‌സ്പ നിലവില്‍ വന്നപ്പോഴും എല്ലാവരും ഒന്നിച്ചു കൈയടിക്കുകയായിരുന്നു.
രാജ്യസുരക്ഷയും ആഭ്യന്തരഭദ്രതയും ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നാല്‍ അത് ഏതെങ്കിലും പ്രത്യേക ദിശയിലേക്കു മാത്രം തിരിച്ചുനിര്‍ത്തിക്കൊണ്ടാവരുത്. ബാഹ്യവും ആഭ്യന്തരവുമായ ധാരാളം വെല്ലുവിളികള്‍ രാജ്യം നേരിടുന്നുണ്ട്. ഇതിന്റെ യഥാര്‍ഥ ഉറവിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുകയാണു ചെയ്യേണ്ടത്. ഗൂഢലക്ഷ്യത്തോടെ സൃഷ്‌ടിച്ചുവിടുന്ന പ്രചാരണങ്ങളെ മറയാക്കി ഒരു സമുദായത്തിനുമേല്‍ വീഴ്‌ത്തിയ കരിനിഴല്‍ നമ്മുടെ രാജ്യത്തിന്റെ വിശാലതാല്‍പ്പര്യങ്ങള്‍ക്കു തടസമായി മാറിയിരിക്കയാണ്.
ഭരണകൂട ഭീകരതയ്‌ക്കെതിരേയും വിവേചനങ്ങള്‍ക്കെതിരേയും അവകാശ നിഷേധങ്ങള്‍ക്കെതിരേയും ഉയര്‍ന്നുവരുന്ന സമരങ്ങളെ അമര്‍ച്ചചെയ്യാന്‍, അവരെ നോട്ടപ്പുള്ളികളാക്കലും കരിമ്പട്ടികയില്‍ ചേര്‍ക്കലും പൊതുരീതിയായി ഭരണകൂടങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഇരകള്‍ എപ്പോഴും പാര്‍ശ്വവല്‍കൃത സമൂഹങ്ങളാണ്. രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ ഏറ്റവും പ്രധാന റോള്‍ വഹിച്ച മുസ്ലിം സമുദായത്തെ പ്രതിസ്‌ഥാനത്തു വേട്ടയാടുന്ന പ്രവണതയ്‌ക്ക് ഏറെ ആക്കംകൂട്ടിക്കൊണ്ടിരിക്കുകയാണ്. സൃഷ്‌ടിച്ചുവിടുന്ന നുണക്കഥകളിലൂടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന മുസ്ലിമിനു പൊതു ഇടത്തേക്കു കടന്നുചെല്ലാന്‍പോലും കഴിയാത്തവിധം ശക്‌തമായ മതില്‍ക്കെട്ടുകളാണു സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
പേരുപോലും ഭാരമായി ചുമക്കേണ്ട വേദനയേറിയ അനുഭവങ്ങള്‍ മുസ്ലിംകള്‍ക്കുവേണ്ടി പങ്കുവയ്‌ക്കാന്‍ പൊതുസമൂഹത്തില്‍ നിലപാടെടുക്കാന്‍ ധൈര്യപ്പെടുന്നവര്‍ പോലും കുറയുകയാണ്. അത്രയേറെ ഭീകരചിത്രീകരണമാണു നടന്നുകൊണ്ടിരിക്കുന്നത്. ഈ ഭീതിയുടെ യഥാര്‍ഥചിത്രം വായിച്ചെടുക്കാന്‍ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ പഠനമൊന്നു നോക്കിയാല്‍ മതി.
സ്വത്വം ചോദ്യം ചെയ്യപ്പെടുകയും സുരക്ഷിതത്വ ഭീഷണി നേരിടുകയും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന മുസ്ലിം സമുദായത്തെ കൈപിടിച്ചുയര്‍ത്താന്‍ ബോധപൂര്‍വമായ ഇടപെടല്‍ വേണമെന്ന ശ്രദ്ധേയമായ ശുപാര്‍ശകളാണ് ഒന്നാം യു.പി.എ. സര്‍ക്കാരിനു മുമ്പില്‍ സച്ചാര്‍ വച്ചത്. 64 വര്‍ഷത്തെ മുസ്ലിം പൊതുസാമൂഹിക അവസ്‌ഥകളെ രാജ്യമൊട്ടുക്കുമുള്ള യാഥാര്‍ഥ്യങ്ങള്‍ അവലംബമാക്കിയാണു സച്ചാര്‍ വിലയിരുത്തിയത്. സ്വത്വത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പ്രധാനമായും 1992നു മുമ്പും ശേഷവുമുള്ള പശ്‌ചാത്തലത്തില്‍നിന്നു പെറുക്കിയെടുത്തതാണ്.
1992 നു മുമ്പു വര്‍ഗീയ കലാപങ്ങളുടെ ഭീഷണിനേരിട്ട സമുദായം ശേഷം നിലയ്‌ക്കാത്ത സ്‌ഫോടനങ്ങളുടെ പേരിലെ എണ്ണമറ്റ ബലിയാടുകളുടെ ചരിത്രമാണു നല്‍കുന്നത്. നടന്ന സ്‌ഫോടനങ്ങളത്രയും മുസ്ലിം സമുദായത്തിനു മേല്‍ ആസൂത്രിതമായി കെട്ടിവയ്‌ക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന സ്‌ഫോടനങ്ങളിലെ യഥാര്‍ഥ പ്രതികളത്രയും ഹിന്ദുത്വഭീകരരായിരുന്നുവെന്നു ബോധ്യപ്പെട്ടപ്പോഴേക്കും നികത്താന്‍ കഴിയാത്ത ഒരു വിടവ് രൂപപ്പെടുത്തപ്പെട്ടുകഴിഞ്ഞിരുന്നു. മുസ്ലിം സമുദായത്തെ അന്യവല്‍ക്കരിക്കുന്നതു സര്‍ക്കാര്‍ മുന്‍കൈയോടെ എന്ന ആക്ഷേപം വരെ ഉയര്‍ന്നു തുടങ്ങി.
പൊതു ഇടങ്ങളിലെല്ലാം മുസ്ലിങ്ങള്‍ സംശയിക്കപ്പെടാന്‍ തുടങ്ങി. നല്ല അയല്‍പക്കങ്ങള്‍ക്കിടയില്‍പ്പോലും അകലങ്ങള്‍ തുടങ്ങി. എല്ലാം വ്യാജപ്രചാരണങ്ങളുടെ ഫലമായി സംഭവിച്ചതായിരുന്നു. ഒരു മാസം മുമ്പു മുംബൈയില്‍ പോയപ്പോള്‍ സുഹൃത്ത് സാബിര്‍ പങ്കുവച്ച വേദന ഈ അകലങ്ങളുടെ ആഴം ബോധ്യപ്പെടുത്തുന്നതായിരുന്നു. കുടുംബത്തോടൊപ്പം താമസിക്കാന്‍ ഒരു ഫ്‌ളാറ്റ് അന്വേഷിച്ച് 40 ഇടങ്ങളില്‍ കയറിയിറങ്ങി അദ്ദേഹം. സാബിര്‍ എന്ന പേരായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അന്വേഷണത്തിനിടയില്‍ ചില സ്‌റ്റിക്കറുകള്‍ അദ്ദേഹം കണ്ടുവത്രേ! മുസ്ലിമിനു ഫ്‌ളാറ്റ് നല്‍കില്ല. ഷബാനാ ആസ്‌മിയും ഇമ്രാന്‍ ഹശ്‌മിയും അനുഭവിച്ച വേദനയും ഇതു തന്നെയായിരുന്നു. പരസ്‌പരം വിശ്വാസത്തില്‍ കഴിയേണ്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈവിധം മതിലുകള്‍ സൃഷ്‌ടിക്കുന്നതില്‍ രാജ്യത്തിന്റെ ഭരണസംവിധാനം പങ്കാളിയാവുന്നത് ഏറെ വേദനയുളവാക്കുന്നതാണ്.
മേല്‍ പശ്‌ചാത്തലത്തില്‍ വേണം കേരളത്തിലെ പൗരന്റെ രഹസ്യത്തിലേക്കുള്ള ഒളിനോട്ടത്തെ കാണേണ്ടതും പരിശോധിക്കേണ്ടതും. പ്രബുദ്ധതയില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ നിന്ന് ഇത്തരം നടുക്കുന്ന വാര്‍ത്തകള്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്. ആഭ്യന്തരമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയും പോലീസ് മേധാവിയും എന്തു വിശദീകരണം നല്‍കിയാലും രണ്ടു തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഒന്ന്: പൗരന്‍മാരുടെ സ്വകാര്യതയിലേക്കു കടക്കാന്‍ നടത്തിയ ശ്രമം. രണ്ട്: 268 എണ്ണത്തില്‍ 258 ഉം മുസ്ലിംകളുമായി ബന്ധപ്പെട്ടതു മാത്രമായി എന്നത്. പോലീസ് മേധാവിയോ, മുഖ്യമന്ത്രിയോ വാര്‍ത്ത നിഷേധിക്കുന്നില്ല. പകരം ന്യായങ്ങള്‍ നിരത്തുകയാണ്.
ഒരു മതനിരപേക്ഷ സര്‍ക്കാരാണ് ഇവിടെ നിലനില്‍ക്കുന്നത് എന്നാണു നാം അഭിമാനത്തോടെ സംസാരിക്കുന്നത്. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ പ്രധാന കക്ഷി കേരള സ്‌റ്റേറ്റ് മുസ്ലിംലീഗ് പാര്‍ട്ടിയുടെ ഇരുപത് എം.എല്‍.എമാരാണ്. മുസ്ലിം നേതാക്കളും പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ലേഖകരും ലീഗ് പ്രതിനിധീകരിക്കുന്ന സമുദായം ഉള്‍പ്പെടെയാണ് നോട്ടപ്പുള്ളികളാക്കപ്പെടുകയോ കരിമ്പട്ടികയില്‍പ്പെടുകയോ ചെയ്‌തത്. ലീഗിനെ വിരട്ടി നിര്‍ത്താനുള്ള രാഷ്‌ട്രീയ തന്ത്രമായി ഇതിനെ കണ്ടുകൂടാ.
ഇന്ത്യന്‍ പോലീസ് സേനയില്‍ മതേതര കാഴ്‌ചപ്പാടില്‍ ഏറ്റവും ഉയര്‍ന്ന സ്‌ഥാനമായിരുന്നു കേരള പോലീസിനുണ്ടായിരുന്നത്. പൊതുവേ നിലനില്‍ക്കുന്ന ഒരു മുസ്ലിം വിരുദ്ധതയുടെ നിഴലാട്ടങ്ങള്‍ നമ്മുടെ സേനയിലേക്കും കടന്നുവരുന്നതായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഗൗനിക്കാതിരുന്നുകൂടാ. മുമ്പ് ഒന്നുമില്ലാത്തവിധം മുസ്ലിം സമുദായത്തിനു മേലുള്ള കടന്നുകയറ്റത്തിന്റെ ഫ്‌ളാഗ്‌ഓഫ് നടത്തിയതു കഴിഞ്ഞ ഇടതുസര്‍ക്കാരാണ്. യു.എ.പി.എ. എന്ന കരിനിയമം മുസ്ലിം യുവാക്കള്‍ക്കു നേരേ പ്രയോഗിച്ചതു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്.
ഇടതുസര്‍ക്കാരിന്റെ കാലത്തെ പോലീസ് മേധാവി അതേ സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയാണു നടപ്പാക്കുന്നതെന്ന് ആക്ഷേപം ഭരണമുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ തന്നെയുണ്ട്. ഭരണം മാറുമ്പോള്‍ മാറാതെ നില്‍ക്കുന്ന ഉദ്യോഗസ്‌ഥ നിലപാടുകള്‍ ജനകീയ സര്‍ക്കാരിനെ എവിടെ കൊണ്ടെത്തിക്കുമെന്നു വിലയിരുത്തേണ്ടതു മുഖ്യമന്ത്രി തന്നെയാണ്. യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാവേളയില്‍ മുസ്ലിംലീഗ് എം.എല്‍.എമാരെ കോളറിനു പിടിച്ചു തള്ളിമാറ്റിയ ഉദ്യോഗസ്‌ഥര്‍ കാത്തു സൂക്ഷിക്കുന്ന മനസും പകര്‍ന്നു നല്‍കുന്ന സന്ദേശവും അപകടം നിറഞ്ഞതാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നിയന്ത്രണവുമില്ലാതെ പൗരന്മാരുടെ സ്വകാര്യതയിലേക്കു പോലീസ് കടന്നുകയറാന്‍ ശ്രമിക്കുന്നത്. അതിനു ഭരണകൂടം സംരക്ഷണം നല്‍കുന്നതും. പുറത്തേക്കു ചോര്‍ന്നുപോയ ലിസ്‌റ്റില്‍ ഒരു സമുദായക്കാര്‍ മാത്രമായതുകൊണ്ട്, തങ്ങളെ ബാധിക്കാത്ത പ്രശ്‌നമായി കണ്ട് മാറിനില്‍ക്കുന്ന പൊതുസമൂഹം അപകടകരമായ സൂചനയാണു നല്‍കുന്നത്.
പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ ചോര്‍ത്തല്‍ ഇതിനു മുമ്പേ ആരംഭിച്ചുകാണും. ജനാധിപത്യസംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ നയവും നിലപാടും രൂപീകരിക്കല്‍ ഉദ്യോഗസ്‌ഥരുടെ രാഷ്‌ട്രീയ സാമുദായിക താല്‍പര്യത്തിന് അനുസരിച്ചായിക്കൂടാ.
ഭരണരംഗത്ത് ഉദ്യോഗസ്‌ഥരുടെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്താം. എന്നാല്‍ പൂര്‍ണമായും ഉദ്യോഗസ്‌ഥരാല്‍ നിയന്ത്രിക്കപ്പെടുന്നതാകരുതു ഭരണസംവിധാനം. സര്‍ക്കാരിന്റെ താല്‍പര്യങ്ങളും നയങ്ങളും നടപ്പാക്കലാണ് ഉദ്യോഗസ്‌ഥരുടെ ചുമതല.
സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യേണ്ടതു മുഴുവന്‍ ജനങ്ങളുടെയും താല്‍പര്യങ്ങളാണ്. എന്നാല്‍ നമ്മുടെ സംസ്‌ഥാനത്തു പലപ്പോഴും ഉദ്യോഗസ്‌ഥരുടെ മുമ്പില്‍ ഭരണനേതൃത്വം നിസഹായമാകുന്നതു പതിവായി മാറിയിരിക്കുന്നു. ഇ-മെയില്‍ ചോര്‍ത്തലില്‍ സംഭവിച്ചത് അതുതന്നെയാണ്. ഉദ്യോഗസ്‌ഥരുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്‌തി അടയുകയും മറ്റുള്ളവരെ തൃപ്‌തിപ്പെടുത്തുകയും ചെയ്‌തു.
പൊതുജീവിതത്തിലോ വ്യക്‌തിജീവിതത്തിലോ ഒരിക്കല്‍ പോലും സംശയിക്കപ്പെടേണ്ടവരല്ല ആഭ്യന്തരമന്ത്രാലയം കരിമ്പട്ടികയിലേക്കു ചേര്‍ത്തവര്‍. അപ്പോള്‍ പകര്‍ന്നു നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. പേരും മതവും സംഘടനാ പശ്‌ചാത്തലവും എല്ലാം സംശയിക്കേണ്ടവരാണ് ഇവരെല്ലാമെന്നാണ്. മാതൃഭൂമിയിലെ ജിദ്ദ ലേഖകന്‍പോലും ലിസ്‌റ്റില്‍പ്പെട്ടത് ഇതില്‍ നിന്നാണ്. പ്രാദേശികവും രാഷ്‌ട്രീയവും വ്യക്‌തിഗതവും സാമുദായികവുമായ താല്‍പര്യങ്ങള്‍ പേറുന്ന പോലീസ്‌സേനയിലെ ഒരു വിഭാഗം സൃഷ്‌ടിച്ചു നല്‍കുന്ന ഭീകരചിത്രം വച്ചു കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങിയാല്‍ ജനകീയ സര്‍ക്കാരുകളുടെ പ്രസക്‌തി നഷ്‌ടമാകും.
(എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍എളമരം മംഗളം ദിനപത്രത്തിലെഴുതിയത്)
Jan 14, 2012
സുന്ദരമായ വസന്തത്തിന്റെ ഓര്‍മ പുതുക്കാന്‍ സുന്ദരപാണ്ഡ്യപുരം
വേനല്‍ക്കാലെമെന്നത് ചിലപ്പോഴെക്കെ മടുപ്പിക്കുന്ന ഓര്‍മയാണ് മീനമാസ ചൂടില്‍ കത്തിയെരിയുന്ന സൂര്യനു താഴെ സകലതിനോടും വിരക്തി തോന്നുന്ന കാലം.വേനല്‍ കത്തിനില്‍ക്കുന്ന മീനമാസത്തില്‍ തമിഴ് നാട്ടിലേക്ക് യാത്രപോകണമെന്നു തോന്നിയാലോ .ഒരു പക്ഷേ ചിന്തിക്കുപ്‌നോഴേക്കും തലകുടയും.കൊടുംചൂടില്‍ ഉരുകിയൊലിച്ച് നില്‍ക്കുന്ന തമിഴ് ഗ്രാമങ്ങളെക്കുറിച്ച് അലോചിച്ച് തല വെട്ടക്കുവാന്‍ വരട്ടെ കടുത്തചൂടിലും പ്രകൃതി ഒരുക്കിയ കാഴ്ചയുടെ വസന്തവും പേറി ഒരു ഗ്രാമം നിങ്ങളെ കാത്തിരിപ്പുണ്ട്
(.....സുന്ദരപാണ്ഡ്യപുരം ഒരു ആകാശ ദൃശ്യം....)
.അതെ കോളിവുഡിന്റെയും മലയാള സിനിമാ സംവിധായകരുടെയും ഇഷ്ട ലൊക്കേഷനായ സുന്ദരപാണ്ഡ്യപുരം.പേര് സൂചിപ്പിക്കുന്നത് പോലെ സൗന്ദ്യര്യം വാക്കുകലിലൊളിപ്പിച്ച് സഞ്ചാരികള്‍ക്കായി കാലം കാത്ത് വെച്ച സമ്മാനമായിട്ടാണ് സുന്ദരപാണ്ഡ്യപുരം അറിയപ്പെടുന്നത്.
(......ഗ്രാമത്തിലേക്കുള്ള റോഡ്.....)
തമിഴ്‌നാട്ടിലെ ഏറ്റവും സുന്ദരമായ ഈ ഗ്രാമം ഏത് സമയത്തും അഥിതികള്‍ക്കായി സൗന്ദര്യമൊളിപ്പിച്ച് കാത്തിരിപ്പുണ്ട്. തമിഴ്‌നാടിന്റെ നെല്ലറയായ തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശി താലൂക്കില്‍ സ്ഥിതിചെയ്യുന്ന സുന്ദരപാണ്ഡ്യപുരമെന്ന ഗ്രാമത്തിന് തമിഴ് സംസ്‌കാരത്തോളം പഴക്കമുണ്ടന്നാണ് ചരിത്രകാരന്മാരുടെ മതം. അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരപാണ്ഡ്യരാജാവാണ് ഇന്ന് കാണുന്ന സുന്ദരപാണ്ഡപുരത്തിന്റെ നിര്‍മിതി നടത്തിയത്.
(.....സുന്ദരപാണ്ഡ്യപുരത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള ക്ഷേത്രം.....)
നാലായിരം വര്‍ഷം പഴക്കമുള്ള രാജഗോപാലസ്വാമി ക്ഷേത്രത്തെ വെള്ളപൊക്കത്തല്‍ നിന്ന് സംരക്ഷിക്കുന്നതിനും ഗ്രാമത്തെ ക്ഷേമ സമ്പൂര്‍ണ്ണമാക്കുന്നതിലും ശ്രദ്ധാലുവായിരുന്ന സുന്ദരപാണ്ഡ്യന്റെ പുരം(ഊര്,നാട്ടുരാജ്യം)പിന്നിട് സുന്ദരപാണ്ഡ്യപുരം എന്നറിയപ്പെട്ടു.സുന്ദര പാണ്ഡ്യപുരത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം ഇവിടുത്തെ കാലാവസ്ഥയും ഗ്രാമീണതയുമാണ്.
(..........ഗ്രാമത്തിനുള്ളിലെ തെരുവ്........)
നിശബ്ദമായ അഗ്രഹാര തെരുവുകള്‍ എപ്പോഴും കുളിര്‍കാറ്റ് വീശിയടിക്കുന്ന ഈ തെരുവുകളിലൂടെയുള്ള നടത്തം പോലും ആനന്ദദായകമാണ്.വസന്തകാലത്ത് ഈ ഗ്രാമത്തിലെത്തുന്ന സഞ്ചാരികളെ സുന്ദരപാണ്ഡ്യപുരം സ്വീകരിക്കുന്നത് കണ്ണെത്താദൂരത്തോളം പൂത്ത് നില്‍ക്കുന്ന സൂര്യകാന്തിപാടങ്ങളാണ്.മറ്റ് സമയങ്ങളില്‍ ഗ്രാമത്തിന് ഐശ്യര്യമാകുന്നത് നെല്‍പാടങ്ങളും.
(......വയലേലകള്‍......)
സിനിമയ്ക്കായി വേണ്ടി തമിഴ് താരങ്ങളുടെ ചിത്രങ്ങള്‍ വരച്ചിരിക്കുന്ന വയലേലകള്‍ക്കു നടുവിലെ പാറകകൂട്ടവും മേഞ്ഞ് നടക്കുന്ന കാലിക്കൂട്ടവും ഈഗ്രാമത്തന്റെ കാഴ്ചകളാണ്.
(...സിനിമാ ചിത്രീകരണത്തിനു ഉപയോഗിക്കുന്ന പാറക്കെട്ട്)_...)
(...പരമ്പരാഗത മണ്‍പാത്ര നിര്‍മാണ കേന്ദ്രം....)
(..........തടാക മദ്ധ്യത്തിലെ ക്ഷേത്രം..........)
മറ്റ് തമിഴ് ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായി വൃത്തിയുടെ കാര്യത്തില്‍ സുന്ദര പാണ്ഡ്യപുരം മുന്‍പന്തിയിലാണ്.
Subscribe to:
Posts (Atom)