Aug 24, 2015

പച്ചക്കറി വിപ്ലവം നീണാള്‍ വാഴട്ടെ






ഓണത്തിന് 2000 ല്‍ അധികം ജൈവ പച്ചക്കറി ചന്തകളുമായ് എത്തിയ സി.പി.എമ്മിന്റെ നിലപാട് തികച്ചും അഭിനന്ദനാര്‍ഹമാണ്.കേരളത്തെ വീണ്ടും കാര്‍ഷികസമൃദ്ധിയിലേക്കെത്തിക്കുവാന്‍ ഈ നിലപാട് സഹായകരമാകും എന്നത് അവിതര്‍ക്കമാണ്. ഇന്നിന്റെ ഒരു ഭക്ഷണആവശ്യം എന്ന നിലയില്‍ ഇത് ഒരു നല്ല മുന്നേറ്റമാണ്. ഈ സംരംഭത്തെ ഹൃദയത്തില്‍ നിന്നും കൈതട്ടി ഞാന്‍ അഭിനന്ദിക്കുന്നു.

ഇനി രാഷ്ട്രീയമായ ചില കാരണങ്ങളിലേക്ക് കടക്കാം.


പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരങ്ങളുടെ പരാജയവും അഴിമതിയാരോപണങ്ങള്‍ നിരന്തരം ഉയര്‍ന്ന ഒരു സര്‍ക്കാരിനെതിരെ തുടരെ തുടരെ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ പരാജയവും നല്‍കിയ തിരിച്ചടികളില്‍ നിന്നാണ് സി.പി.എം ജനപിന്തുണ പിടിച്ചെടുക്കുവാന്‍ ഈ സംരംഭവുമായി മുന്നോട്ട് വന്നത്. ഇത് അവരെ സംബന്ധിച്ച് ഒരു പുതിയ പരീക്ഷണമല്ലായിരുന്നു.ഒരു പക്ഷെ ആലപ്പുഴയില്‍ മാരാരിക്കുളത്ത് തോമസ് ഐസക് എന്ന ജനകീയഎം.എല്‍.എ പരീക്ഷിച്ച് വിജയിപ്പിച്ച ഒരു മോഡല്‍ മറ്റിടങ്ങലിലേക്ക് പറിച്ച് നട്ടു എന്ന് മാത്രം. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും വയലേലകളിലേക്ക് സി.പി.എം മടങ്ങമ്പോള്‍ ഉള്ള രാഷ്ട്രീയ സാഹചര്യം ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതില്ലെ?. 

സംഘപരിവാരം അധികാരത്തിലെത്തി എന്ന് മാത്രമല്ല മോദിയിസത്തില്‍ ഫാസിസ്റ്റ് ചിന്താകഗികള്‍ക്ക് സാധാരണക്കാര്‍ പോലും അനുകൂലമാകുന്ന ഒരു സ്ഥിതിവിശേഷം. നിഷ്പക്ഷമതികള്‍ പോലും സംഘപരിവാരം ഒരു ഭീഷണിയല്ല എന്ന് ചിന്തിക്കുകയും രാജ്യത്തിന്റെ പൈതൃകത്തേയും സാംസ്‌കാരിക ബോധത്തേയും തങ്ങള്‍ക്ക് അനുകൂലമാക്കുവാന്‍ സംഘപരിവാരസംഘടനകള്‍ നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കാലഘട്ടം.വിലക്കയറ്റവും രൂപയുടെ മൂല്യതകര്‍ച്ചയും അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നു. ഭൂമിഏറ്റെടുക്കല്‍,കര്‍ഷക ആത്മഹത്യ എന്നുവേണ്ട എല്ലാഭരണാധികാരികളും കോര്‍പറേറ്റ് സേവക്ക് മല്‍സരിക്കുന്നു.കേരളത്തില്‍ പോലും തങ്ങളുടെ ഇടം കൃത്യമായി ഉറപ്പിക്കുവനാന്‍ ജാതിമതസംഘടകളെ കൂട്ട് പിടിക്കുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം വളരെ വിപ്ലവകരമായ ഒരു സമരമുഖവുമായി രംഗത്തെത്തിയിരിക്കുന്നെതെന്നത് ആശ്ചര്യജനകം കൂടിയാണ്. രൂപീകരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തങ്ങളുടെ ശത്രുക്കളില്‍ രണ്ടാമതായി സംഘപരിവാരം കണ്ടെത്തിയ കമ്യൂണിസറ്റുകള്‍ ശത്രു ശക്തിപ്രാപിക്കുമ്പോള്‍ നടത്തുന്ന എല്ലാ സമരപരിപാടികളും ചര്‍ച്ചചെയ്യപ്പെടേണ്ടതില്ലെ?


കാരണം മുമ്പ് ഇന്ത്യഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും അവര്‍ക്കെതിരെ ശക്തമായ പ്രചാരവേലകള്‍ നടത്തുകയും സമരമുഖം തുറക്കുകയും ചെയ്ത ഇടത്പക്ഷം ഇന്ന് കുറ്റകരമായ മൗനത്തിലേക്കാണ് പോകുന്നത് എന്നത് സമീപകാല കാഴ്ചകള്‍ നമ്മോട് പറയുന്നുണ്ട്.ഇവിടെ സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക എന്ന ഉദ്ദേശം ഇല്ല മറിച്ച് പൊതുയിടത്തില്‍ തങ്ങള്‍ മുന്നേ സൂചനകള്‍ നല്‍കിയഅപകടം അടുത്തെത്തുമ്പോള്‍ ബോധവല്‍ക്കരണത്തിനുമപ്പുറം പിന്മാറ്റം എന്നത് എത്രത്തോം ഭയാനകരമാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്.കേരള രൂപീകരണത്തിന് ശേഷം ആദ്യം സര്‍ക്കാര്‍ ഉണ്ടാക്കുകയും പിന്നീട് അഞ്ച് കൊല്ലം ഇടവിട്ട് ഭരണം നടത്തുകയും ചെയ്ത സി.പി.എം നടത്തുന്ന പച്ചക്കറി കൃഷി കാലഘട്ടത്തിന് യോജിച്ചതാണ്. ഈ വിപ്ലവത്തിന്റെ അനിവാര്യതയെ കുറിച്ച്  സ്വന്തം അണികളെ  ബോധിപ്പിക്കുവാന്‍ കഴിഞ്ഞേക്കും.എന്നാല്‍ നിങ്ങല്‍ കാലങ്ങളായി ഈ സമൂഹത്തോട് വിളിച്ച് പറഞ്ഞ യാഥാര്‍ഥ്യങ്ങളെ മറക്കുവാന്‍കേരള സമൂഹത്തിന് പെട്ടന്ന് സാധിച്ചില്ലന്ന് വരില്ല സാര്‍.......... 


ആ ഭീഷണികള്‍ മുന്നില്‍ യാഥാര്‍ഥ്യങ്ങളായി നിറയുമ്പോള്‍ പച്ചക്കറി വിപ്ലവം എന്ന മാറ്റം തികച്ചും ആമാശയപരമാണന്ന സത്യം ആ ഓരിയിടലിലൂടെ പുറത്തേക്ക് വല്ലാതെ തള്ളുന്നു.............