Jan 12, 2014
ചിത്രാക്ഷരങ്ങള്‍: പടിഞ്ഞാറ്റിന്‍കരയുടെ റിപ്പബ്ലിക്
ചിത്രാക്ഷരങ്ങള്‍: പടിഞ്ഞാറ്റിന്‍കരയുടെ റിപ്പബ്ലിക്: പടിഞ്ഞാറ്റിന്‍കരയുടെ റിപ്പബ്ലിക് ..............If you can tell stories, create characters, devise incidents, and have sincerity an...
Jan 4, 2014
ദൈവിക സന്നിധിയിലേക്ക് ഒരു അപ്രതീക്ഷിത യാത്ര
........തീര്‍ച്ചയായും മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗ്രഹീതമായും ലോകര്‍ക്ക് മാര്‍ഗ്ഗദര്‍ശ്ശകമായും(നിലകൊള്ളുന്നു.)....
(വിശുദ്ധ ഖുര്‍ആന്‍.3-96).
ദൈവം ചില കാര്യങ്ങള്‍ നടത്തുവാനുദ്ദേശിച്ചാല്‍ നാവിലൂടെ പുറത്തേക്ക് വരുന്ന വാക്കുകള്‍ നമ്മടേതായിക്കൊള്ളണമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മനസ് വളരെ അസ്വസ്ഥമായിരുന്നു. ജോലിയില്‍(സൗദി അറേബ്യയിലെ അല്‍ഖസീമില്‍ ഹൗസ് ഡ്രൈവറാണ് ഞാന്‍) വേണ്ടത്ര ശ്രദ്ധിക്കുവാന്‍ കഴിയാത്ത അവസ്ഥ. നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ഗൗരവമായ ആലോചനകള്‍ നടക്കുന്നുണ്ട്. ഈ അസ്വസ്ഥകള്‍ക്കിടയിലാണ് ഡിസംബര്‍ 17 ബുധനാഴ്ച മാഡത്തെ(മാഡം ഹേലാ മുഹമ്മദ് അല്‍ അഖീല്‍-ഖുവാര സ്‌കൂളിലെ അധ്യാപികയാണ്)സ്‌കൂളില്‍ നിന്നും നിന്നും അല്‍ ഖസീം എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ഞാന്‍ പതിവില്ലാതെ അവരോട് ചോദിച്ചത്
.....നാളെ സ്‌കൂള്‍ അവധിയാണോ?.
മാഡത്തിന്റെ കൂടെ സ്‌കൂളിലേക്ക് വരുന്ന മറ്റ് രണ്ട് ടീച്ചര്‍മാര്‍ക്ക് നാളെ ക്ലാസ് ഉണ്ടാകുമോ എന്നാണ് ഞാന്‍ ഉദ്ദേശച്ചത്.
.....ഇല്ല എന്ന മറുപടിക്ക് ഒപ്പം എന്താ താഹിര്‍? എന്ന ചോദ്യവും
പതിവില്ലാത്ത ഒരു ചോദ്യത്തിനോട് ആകാംഷ കലര്‍ന്ന പ്രതികരണമായിരുന്നു ആ ചോദ്യം.
.....എന്നാല്‍ ഞാന്‍ നാളെ ഉംറക്ക് പോകട്ടെ....... എന്റെ മറുപടി പെട്ടന്നായിരുന്നു.
......എങ്ങനെ പോകും വിമാനത്തിലോ ?
......അല്ല ബുറൈദയില്‍ നിന്നും ബസില്‍.
സൗദിയിലെത്തി 10 മാസം പിന്നിട്ടിട്ടും ഉംറക്ക് പോകുന്നതിന്റെ ചിട്ടവട്ടങ്ങളെ കുറിച്ച് അറിയില്ലെങ്കിലും എന്റെ മറുപടി പെട്ടന്നായിരുന്നു.
......ശരി താഹിര്‍ മുഹമ്മദിനോട് ചോദിച്ചിട്ട് പൊയ്‌ക്കൊള്ളു .
അവരുടെ മറുപടി മുഴുവന്‍ ഞാന്‍ കേട്ടോ എന്ന് എനിക്ക് ഇപ്പോഴും സംശയമാണ്.എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ 200 റിയാല്‍ കൈയ്യില്‍ തന്നിട്ട് എന്റെ ഹദിയ ആണന്ന് പറഞ്ഞാണ് മാഡം റിയാദിലേക്ക് പോയത്.
കഅ്ബ ഏതൊരു മുസല്‍മാന്റേയും സ്വപ്‌നം. തിരിച്ചു വരുന്ന വഴിക്ക് എനിക്ക് വണ്ടി ശരിക്കും ഓടിക്കുവാന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ കാരണമില്ലാതെ നിറഞ്ഞൊഴുകുന്നു. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. പത്ത് മാസമായി ഒരോ പ്രാര്‍ഥനയിലും നീ എന്നെ കഅ്ബയിലേക്ക് എത്തിക്കുവാന്‍ വൈകിക്കുന്നതെന്തേ നാഥാ എന്ന മനസ് നിറഞ്ഞ് ചോദിച്ചതിന് ഉത്തരം ലഭിച്ചത്‌പോലെ. എയര്‍പോര്‍ട്ടില്‍ നിന്നും 10 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടായത്. സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് ഞാന്‍ കടന്നുവരികയായിരുന്നു. ആദ്യം ഖഫീലിനെ വിളിക്കാം മുഹമ്മദിന്റെ നമ്പര്‍(ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ അഖീല്‍- എന്റെ മാഡത്തിന്റെ സഹോദരന്‍ എന്റെ കഫീല്‍) ഡയല്‍ ചെയ്യുവാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടുവിചാരമുണ്ടായത്.
എപ്പോള്‍ യാത്രപുറപ്പെടും? എങ്ങനെ?. ഇന്ന് ബുധന്‍ പറഞ്ഞ് കേട്ട അറിവ് വെച്ച് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ഉംറ തീര്‍ഥാടക സംഘങ്ങള്‍ യാത്ര തിരിക്കും. അപ്പോഴാണ് ഞാന്‍ സമയം ശ്രദ്ധിക്കുന്നത് 11 മണി. എന്ത് ചെയ്യും പെട്ടന്ന് തന്നെ ഗുവാരയിലുള്ള റഫീഖിനെ ബന്ധപ്പെട്ടു ബുറൈദയിലെ ഏതെങ്കിലും ഉംറ ഗ്രൂപ്പിന്റെ നമ്പര്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബുറൈദയിലുള്ള സഫീര്‍ കടയ്ക്കലിനെ വിളിച്ചു. കാര്യം പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു. രണ്ട് ഫോണ്‍ വിളിക്കും മറുപടി പെട്ടന്ന് ലഭിച്ചു. ഉംറക്ക് ഇന്ന് ഇനി സീറ്റ് ലഭ്യമല്ല അടുത്ത ആഴ്ചത്തേക്ക് ബുക്ക് ചെയ്യട്ടോ? ഒരു നിമിഷം ഹൃദയത്തിലേക്ക് എന്തോ വലിയ ഭാരം കെട്ടിയിറക്കിയതുപോലെ ഞാന്‍ തകര്‍ന്നു പോയി. അല്ലാഹുവേ നീ എന്നെ അല്‍പ്പനേരത്തേക്ക് ആശിപ്പിച്ചത് മാത്രമാണോ. ആ പുണ്യഭൂമിയില്‍ കാല് കുത്തുവാന്‍ നീ എനിക്ക് സമയമാക്കിയിട്ടില്ലേ?. അതുവരെ ഭാരമില്ലാതെ അലഞ്ഞ് നടന്ന എന്റെ ചിന്തകള്‍ എന്നെ വല്ലാതെ കുത്തി നോവിക്കാന്‍ തുടങ്ങി. ഓടുന്ന കാറിലിരുന്നു ഞാന്‍ പൊട്ടിക്കരഞ്ഞു. അല്ലാഹുവേ ഇത് എനിക്ക് ലഭിച്ച ഒരു അവസരമാണ്( ബലിപെരുന്നാളിന് റിയാദില്‍ പോയപ്പോള്‍ ജനുവരിയില്‍ സ്‌കൂള്‍ അവധിക്ക് നാല് ദിവസത്തെ ഉംറ യാത്ര എന്റെ കഫീല്‍ ഉറപ്പ് നല്‍കിയിരുന്നു). നല്ലതും ചീത്തയും തിരിച്ചറിയുവാന്‍ കഴിയുന്നവന്‍ നീ മാത്രമാണ് ഈ യാത്ര എനിക്ക് നല്ലതിന് വേണ്ടിയാണങ്ക്ില്‍ എന്നെ നീ കഅ്ബയിലെത്തിക്കണേ നാഥാ അല്ലെങ്കില്‍ ഉചിതിമായ സമയത്തേക്ക് മാറ്റി വെയ്ക്കണമേ...
കരച്ചിലിനും പ്രാര്‍ഥനയ്ക്കുമിടെ വണ്ടി അയ്യൂനിലെത്തിയിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം നിരാശയോടെ പുറത്തിറങ്ങിയ എനിക്ക് മുന്നില്‍ ജാലിയാത്തിന്റെ(മതപ്രബോധനത്തിനുള്ള സൗദി സര്‍ക്കാര്‍ സ്ഥാപനം) ബോര്‍ഡ് .നേരെ ജാലിയാത്തിലേക്ക് ചെന്നു. അവിടുത്തെ ഹിന്ദിക്കാരനായ മുദീറിനോട് കാര്യങ്ങള്‍ പറഞ്ഞു. ഇന്നും നാളെയും അവിടെ നിന്നും ഉംറക്ക് പുറപ്പെടുന്നില്ലെന്ന് മറുപടി കിട്ടി. പുറത്തേക്ക് ഇറങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ വിളി ''മുഹമ്മദ് ' അദ്ദേഹം ആര്‍ക്കോ ഫോണ്‍ ചെയ്യുകയാണ്. ഞാന്‍ തിരികെ നടന്നു. ഫോണ്‍ സംഭാഷണത്തിനിടയില്‍ ഇരിക്കാന്‍ അദ്ദേഹം ആംഗ്യം കാട്ടി. ബുറൈദ ജാലിയാത്തിലെ ആളുകളുമായി അദ്ദേഹം സംസാരിക്കുകയാണ്. മുഹമ്മദ് ഇന്ന് ഉംറക്ക് വണ്ടിയില്ല നാളെ ബുറൈദയില്‍ നിന്നും ഒരു സംഘം പുറപ്പെടുന്നുണ്ട് താല്‍പര്യമുണ്ടെങ്കില്‍ സീറ്റ് ബുക്ക് ചെയ്യാം. ശരിക്കും ആ ഒരു നിമിഷത്തെ എങ്ങനെ വരികളിലേക്ക് പകര്‍ത്തണമെന്ന് എനിക്ക് അറിയില്ല. ഇന്‍ഷ അല്ലഹ്. എന്റെ ഇക്കാമ നമ്പരും ഫോണ്‍ നമ്പരും നല്‍കി പുറത്തിറങ്ങി മുറിയിലേക്ക് ഞാന്‍ ഓടുകയായിരുന്നു. മുറിയിലെത്തി അല്‍പ്പനേരം പ്രാര്‍ഥിച്ചു. ഉച്ച നമസ്‌കാരത്തില്‍ ശരിക്കും എന്റെ കണ്ണുകള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു.
തുടര്‍ന്നുള്ള സമയം പരിമിതമായിരുന്നു. ഉംറയ്ക്കുള്ള സാധനങ്ങള്‍ വാങ്ങണം ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്രപറയണം.ഇതിനിടെ കഫീലിനെ വിളിച്ച് യാത്രയുടെ കാര്യം പറഞ്ഞു. ഞാന്‍ വിളിക്കുമ്പോള്‍ കഫീല്‍ ആദ്യം എന്നോട് പറഞ്ഞത് ഉംറയുടെ ആശംസകളാണ്. തുടര്‍ന്ന് അവന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കുവാനും യാത്രയില്‍ സൂക്ഷമത പാലിക്കുവാനുമുള്ള വസിയത്ത്.
വ്യാഴം ഉച്ചക്ക് രണ്ട് മണിക്കാണ് ബുറൈദ ജാലിയാത്തില്‍ നിന്നും ബസ് പുറപ്പെടുന്നത് ഇനി ഉംറയുടെ ചടങ്ങുകളെ പറ്റി ധാരണയുണ്ടാക്കുക എന്നതാണ് മുന്നിലെ കടമ്പ. നേരെ ജാലിയാത്തിലെത്തി ഉംറ ഹജ്ജ് എന്ന ചെറുപുസ്തകം വാങ്ങി. ഏല്ലാ കാര്യങ്ങളും രാത്രി ഏഴ് മണിക്ക് മുന്നേ ഒതുക്കി തീര്‍ത്തു സഹമുറിയനായ മുഹമ്മദ് ഹജ്ജ്(തമിഴ്‌നാട്ടിലെ കടലൂര്‍ സ്വദേശി) അണ്ണന്‍ ഉംറയ കുറിച്ച് ലഘുവിവരണം നല്‍കി.രാത്രിതന്നെ സാധനങ്ങള്‍ തയ്യാറാക്കി വെച്ചെങ്കിലും നിദ്ര എന്നെ കൈവിട്ടിരുന്നു. ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഉണര്‍ന്ന് ഫജര്‍ സല(പ്രഭാത നമസ്‌കാരം) ആയോ എന്ന് വാച്ചില്‍ നോക്കികൊണ്ടിരുന്നു. ഒരുവിധത്തില്‍ നേരം വെളുപ്പിച്ചു. രാവിലെ പത്ത് മണിക്ക് വണ്ടിയുമായി ബുറൈദയില്‍ എത്തി. ഷെഫീഖിന്റെ റൂമിന് മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് താക്കോല്‍ കൈമാറി.രണ്ട് മണിക്കാണ് ബസ് ഉച്ചനമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ് പോകാമന്ന് അവന്‍ പറഞ്ഞു.
.........എനിക്ക് ഭക്ഷണം വേണ്ട നോമ്പാണ്. നീ എന്നെ ജാലിയാത്തില്‍ എത്തിക്കുക.
ഷെഫീക്കിനോട് അല്‍പം ദേഷ്യപ്പെട്ടോ എന്ന് സംശയം. അങ്ങനെ അവന്റെ വണ്ടിയില്‍ ജാലിയാത്തില്‍. അവിടെ എത്തി സീറ്റ് ഉറപ്പിച്ച് രസീത് കൈപറ്റി ബാഗ് വെച്ച ശേഷം സമീപത്തെ പള്ളിയിലേക്ക്. ഉച്ചപ്രാര്‍ഥനയ്ക്ക് ശേഷം വീണ്ടും ജാലിയാത്തിന്റെ ഓഫീസിലേക്ക് ഒരു ഹിന്ദിക്കാരന്‍ വന്നു സലാം പറഞ്ഞു അടുത്തിരുന്നു. യു.പി സ്വദേശി അഹമ്മദ് ഖാന്‍ പുള്ളിയും ഉംറയ്ക്കാണ് ആറ് വട്ടം ഉംറപൂര്‍ത്തീകരിച്ചു വീണ്ടും പോകുന്നു കാര്യങ്ങള്‍ പറഞ്ഞരിക്കുന്നതിനടെ തമിഴ്‌നാട് പന്‍പൊലി സ്വദേശിയായ മുഹമ്മദ് അബ്ദുല്ലയെ പരിചയപ്പെട്ടു. മുഹമ്മദ് അടുത്ത വെള്ളിയാഴ്ച നാട്ടിലേക്ക് പോവുകയാണ് മുമ്പ് ഉംറചെയ്തിട്ടുണ്ട്. അല്‍ഹംദുലില്ല ഉംറ ചെയ്ത പരിചയമുള്ള ഒരു സഹയാത്രികനെ കിട്ടിയിരിക്കുന്നു. (സര്‍വ്വ സ്തുതിയും നിനക്ക് മാത്രം)ഇനി ഭയപ്പെടേണ്ടല്ലൊ.
കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ഒരാള്‍ കൂടെയുണ്ടാകുന്നത് ദിക്കും ഭാഷയും അറിയാത്ത ഒരു യാത്രയില്‍ എത്രത്തോളം പ്രയോജനകരമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളു. (കഅ്ബയുടെ നാഥന്റെ അരികിലേക്കുള്ള യാത്രയായതിനാല്‍ എന്റെ സംരക്ഷണത്തിന് എത്ര കൃത്യമായിട്ടാണ് അവന്‍ ഇടപെടലുകള്‍ നടത്തുന്നതെന്ന് ഇന്നലെതൊട്ട് ഓരോ അനുഭവങ്ങളിലൂടെയും വ്യക്തമാണ്.) ഞങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടെ കടലൂര്‍ സ്വദേശികളായ ഹിജാര്‍,റിയാസ് എന്നിവരും എത്തി. ഇരുവരുടേയും ആദ്യത്തെ ഉംറയാണ്. പിന്നീട് പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് കാക്ക. മാഹി സ്വദേശി ഇര്‍ഷാദ് എന്നിവര്‍ ഞങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ന്നു ഇരുവരും അഞ്ചില്‍ കൂടുതല്‍ തവണ മക്ക സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതില്‍ മുഹമ്മദ് കാക്ക 77ല്‍ ഹജ്ജ് നിര്‍വഹിച്ചിരിക്കുന്നു. നല്ല സഹയാത്രികരെ ലഭിച്ചാല്‍ യാത്രയുടെ പകുതി ദൂരം കുറഞ്ഞ് കിട്ടും എന്ന് കേട്ടിട്ടുണ്ട്. ഒന്നര മണിയോടെ ബസുകള്‍ എത്തിതുടങ്ങി. മൂന്നാം നമ്പര്‍ ബസിലാണ് ഞങ്ങള്‍ക്ക് ടിക്കറ്റ്. രണ്ട് മണിയോടെ ബസിനുള്ളില്‍ സീറ്റ് പിടിച്ചു. അടുത്തടുത്ത സീറ്റുകളില്‍ ഇറിപ്പുറപ്പിച്ചു. 2.30 ഓടെ പാക്കിസ്ഥാനിയായ ഡ്രൈവറും ബംഗ്ലാദേശ് സ്വദേശിയായ അമീറും യാത്രയില്‍ പാലിക്കേണ്ട മര്യാദകളെകുറിച്ചും ഉംറയുടേയും ഇരുഹറമുകളുടേയും പ്രാധാന്യത്തെപ്പറ്റിയും ലഘുവിവരണം നല്‍കി. തുടര്‍ന്ന് യാത്രയ്ക്ക് മുന്നുള്ള പ്രാര്‍ഥനയോടെ വിശുദ്ധ ഗേഹത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു
യാത്രാരംഭത്തില്‍ സഹയാത്രികര്‍ തമ്മിലുള്ള ബന്ധം സുദൃഡമായി. പരസ്പരം ആഹാരം പങ്കുവെച്ചും വിശേഷങ്ങള്‍ പറഞ്ഞും വിശുദ്ധ ഗേഹത്തിന്റെ വര്‍ണനകളാലും രസകരമായി. അസര്‍ നമസ്‌കാരത്തിനായി ബസ് പമ്പിലൊതുക്കി നമസ്‌കാരാനന്തരം അമീറിന്റെ വക ലഘുപ്രഭാഷണം ചോദ്യങ്ങളും ഉത്തരവുമായി രസകരമായ യാത്ര. ബസ് പിന്നിടുന്ന വഴിക്കുരുവശവും ചെറുകുന്നുകളും മരുഭൂമികളും മാത്രം. കാഴ്ചകള്‍ കേട്ടിട്ടുള്ള പ്രവാചക(സ.അ) ചരിത്രങ്ങളിലേക്ക് മനസിനെ മടക്കി. വാഹന സൗകര്യമെന്നത് ഒട്ടകവും കുതിരയും മാത്രമായിരുന്ന കാലത്ത് ഈ മരുഭൂമിയിലൂടെയാണ് പ്രവാചക(സ.അ)നും സഹാബാക്കളും ഇസ്്ലമിന്റെ സന്ദേശവാഹകരായി കടന്നു പോയത്. അല്ലാഹ് എത്ര ദുഷ്‌കരമായിരുന്നു അവര്‍ പിന്നിട്ട വഴിത്താരകള്‍. ചിന്തകള്‍ക്കിടയിലെപ്പോഴോ ചെറുമയക്കത്തിലേക്ക് വഴുതിയ എന്നെ ഇര്‍ഷാദിന്റെ വിളിയാണ് ഉണര്‍ത്തിയത്.
..........താഹിര്‍ മഗ്‌രിബ് ബാങ്കിന് സമയമാകുന്നു നോമ്പ് തുറക്കുന്നില്ലെ?
കൈയ്യില്‍ കരുതിയിരുന്ന ഇത്തപ്പഴവും വെള്ളവും എടുത്ത് ഞാന്‍ തയ്യാറായി. ഇനി നോമ്പ് തുറക്കുവാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി. ഈത്തപ്പഴം മറ്റുള്ളവര്‍ക്കായി വിതരണം ചെയ്തു. ബാങ്കിന്റെ സമയമായപ്പോഴേക്കും എന്റെ മുന്നില്‍ ആഹാര സാധനങ്ങളുടെ ചെറിയ കൂമ്പാരം തന്നെ പ്രത്യക്ഷപ്പെട്ടു. ബസിലെ സഹയാത്രികര്‍ പങ്ക് വെച്ചതാണ്. നോക്കു സദുദ്ദേശത്തോടെയുള്ള ഒരു യാത്രയില്‍ എത്ര ദുര്‍ബലനായ വിശ്വാസിയോടും നാഥന്‍ കാണിക്കുന്ന അനുഗ്രഹം. ഇഷാനമസ്‌കാരത്തിനും ഭക്ഷണത്തിനും ആയി മാത്രമേ വാഹനം നിര്‍ത്തുവെന്ന അറിയിപ്പ് ഡ്രൈവര്‍ നല്‍കി. സന്ധ്യാ നമസ്‌കാരം പിന്തിച്ച് ജം(ഒരുമിച്ച് നമസ്‌കരിക്കല്‍) ചെയ്ത് നമസ്‌കരിക്കുന്നതിന്റെ നിയ്യത്ത് വെയ്ക്കുവാനും നിര്‍ദേശമുണ്ടായി. രാത്രി ഒമ്പതോടെ വഴിയരുകില്‍ ഭക്ഷണത്തിനും നമസ്‌കാരത്തിനുമായി ബസ് നിര്‍ത്തപ്പെട്ടു. നമസ്‌കാരശേഷം അടുത്തുകണ്ട ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ആറ് പേര്‍ ചേര്‍ന്ന് മൂന്ന് കബ്‌സ വാങ്ങി. കൂട്ടത്തിലുള്ള ഭക്ഷണം സംതൃപ്തിക്കൊപ്പം പോക്കറ്റിന്റെ കനംകുറയാതെ കാക്കുകയും ചെയതു. യാത്രാരംഭത്തില്‍ തന്നെ അമീര്‍ ഞങ്ങളോട് തുടര്‍ന്ന് ചെയ്യേണ്ട കര്‍മ്മങ്ങളെ കുറിച്ച് സംസാരിച്ചു. ഒരു മണിയോടെ നമ്മള്‍ തായിഫിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത.് അവിടെ നിങ്ങള്‍ കുളിച്ച് ശുദ്ധിവരുത്തി ഇഹ്‌റാമിന്റെ വസ്ത്രം (തുന്നലില്ലാത്ത വെള്ള മുണ്ടും മേല്‍മുണ്ടും) ധരിക്കണം. അതിന് ശേഷം ഉംറയുടെ നിയ്യത്ത് (ഉദ്ദേശം) വെയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ലഭിച്ചതോടെ ബസ് സജീവമായി എല്ലാവരും തായിഫിനായി കാത്തിരിപ്പ് തുടങ്ങി.
തായിഫിനടുത്തുള്ള സെയ്‌ലുല്‍ കബീര്‍(ഖര്‍നൂല്‍ മനാസില്‍) എന്ന സ്ഥലത്താണ് ഞങ്ങളുടെ ബസ് ഇപ്പോള്‍(നജദുകാരുടെ മീഖാത്ത് ആണ് ഇവിടം). മക്കയുടെ പുറത്തുനിന്നു വരുന്നവര്‍ ഇഹ്‌റാമില്‍(ഹജ്ജിന്റേയോ ഉംറയുടേയോ കര്‍മങ്ങളിലേക്ക് തയ്യാറെടുപ്പിനെ ഇഹ്‌റാം എന്ന് പറയുന്നു) പ്രവേശിക്കുന്നതിന് പ്രവാചകന്‍(സ.അ) നിര്‍ദേശിച്ച സ്ഥലങ്ങളാണ് മീഖാത്ത്. രാത്രി ഒന്നര ആയിരിക്കുന്നു തണുപ്പുകാലമായതിനാല്‍ നല്ല കുളിരുണ്ട് എന്നാലും എല്ലാവരും വസ്ത്രങ്ങളുമായി മസ്ജിദിനരുകിലെ കുളിപ്പുരയിലേക്ക് നടന്നു. തീര്‍ഥാടകര്‍ക്കായി സൗദിസര്‍ക്കാര്‍ നടത്തുന്ന സേവനങ്ങളെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാകില്ല. വിശാലമായ കുളിമുറികളുടെ നീണ്ട നിര അഞ്ഞൂറോളം വരുമെന്ന് ഒരു സുഹൃത്ത് പറഞ്ഞു. നിരവധി ബസുകള്‍ ഞങ്ങള്‍ക്ക് മുന്നേ അവിടെ എത്തിയെങ്കിലും അല്‍പ്പം പോലും തിക്കും തിരക്കുമില്ല. പത്ത് മിനിറ്റ് കാത്തിരിപ്പിന് ശേഷം എനിക്കും കുളിമുറി ലഭിച്ചു. കൂട്ടത്തില്‍ പറയാതിരിക്കാന്‍ നിവൃത്തിയില്ല ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന കുളിമുറി സൂക്ഷിക്കുന്ന രീതി അത്ഭുതകരം തന്നെയാണ്. അത്ര വൃത്തിയാണ് എപ്പോഴും ചൂടുവെള്ളം സുലഭം. അങ്ങനെ ഇഹ്‌റാമിനു മുമ്പുള്ള കുളി നിര്‍വ്വഹിച്ചു. ഇഹ്‌റാമിന്റെ വസ്ത്രം ധരിച്ച് പുറത്തെത്തി ഇതുവരെ നമ്മുക്ക് അനുവദനീയമായ പലതും ഇനി നിഷിദ്ധമാണ്.
നാഥാ ഇതാ നിന്റെ അനുഗ്രഹത്താല്‍ ഞാന്‍ ഇഹ്‌റാമിന്റെ വേഷം അണിഞ്ഞിരിക്കുന്നു. ഈ തണുപ്പിലും ഈറനോടെ രണ്ട് തുണിക്കഷണത്തിനുള്ളില്‍ നില്‍ക്കുമ്പോള്‍ എനിക്ക് നിന്റെ ഋതുക്കളെ തിരിച്ചറിയുവാന്‍ കഴിയുന്നല്ല. ഇത്ര നൈര്‍മല്യത ഈ വസ്ത്രത്തിനും നീ നല്‍കിയിട്ടുണ്ടോ?.
തൊട്ടടുത്ത മസ്ജിദില്‍ കയറി രണ്ട് റക്കായത്ത് സുന്നത്ത് നമസ്‌കാരം. പെട്ടന്ന് വണ്ടിയിലെത്തണം കൂടെയുള്ളവരും എത്തിക്കഴിഞ്ഞു. കൂട്ടത്തില്‍ മുതിര്‍ന്ന മുഹമ്മദ്കാക്ക കാരണവരുടെ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞു.
........... പരമാവധി എല്ലാവരും ഒരുമിച്ചു നില്‍ക്കുവാന്‍ ശ്രമിക്കണം. കൂട്ടംതെറ്റിയാലും നിശ്ചയിക്കപ്പെട്ട സ്ഥലത്ത് എത്തിച്ചേരണം. നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ചെറിയ സംഘം വാഹനത്തിലേക്ക്.
നിയ്യത്ത് വാഹനതത്തില്‍ വെച്ചാകമെന്ന് പറഞ്ഞു. പ്രവാചകന്‍(സ.അ) നിയത്ത് വെച്ചത് വാഹനത്തില്‍ വെച്ചായതിനാല്‍ അതില്‍ സുന്നത്തുമുണ്ട്. ബസില്‍ കയറി നിയത്ത് വെച്ചു തുടര്‍ന്ന് തല്‍ബിയത്തിലേക്ക് (ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക് ലാ ശരീക്ക ലക ലബ്ബയ്ക്ക്, ഇന്നല്‍ ഹംദ,വന്നിഅ്മത്ത ലക്കവല്‍മുല്‍ക്ക്, ലാ ശരീക്ക ലക് -അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു.നിന്റെ വിളികേട്ടെത്തിയിരിക്കുന്നു.നിന്റെ വിളി ഞാനിതാ ചെവിക്കൊണ്ടിരിക്കുന്നു.നിനക്ക് യാതൊരു പങ്കുകാരനുമില്ല നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു.സ്തുതിയും അനുഗ്രഹവും നിനക്ക്,രാജാധികാരവും നിനക്ക് തന്നെ തീര്‍ച്ച. നിനക്ക് പങ്കാളിയായി ആരും തന്നെയില്ല). ഇഹ്‌റാമില്‍ തുടങ്ങി കഅ്ബ കാണുന്നത് വരെ തല്‍ബിയത്ത് ചൊല്ലല്‍ ശ്രേഷ്ഠമാണ്. ബസ് തല്‍ബിയത്ത് ധ്വനികളാല്‍ മുഖരിതമായി. വിവിധ രാജ്യക്കാര്‍,ഭാഷക്കാര്‍ എല്ലാവരുടേയും നാവില്‍ നിന്നും ദൈവവിളിക്കുത്തരം നല്‍കുന്നതിന്റെ മധുര്യമാര്‍ന്ന വചനങ്ങള്‍ മാത്രം. എത്രമനോഹരമാണീ നിമിഷങ്ങള്‍.
.........അതാ മക്കയുടെ മിനാരം...
അബ്ദുല്ലയാണ് വിച്ച് കൂവിയത്. വിന്‍ഡോഗ്ലാസിലൂടെ മക്കയുടെ ക്ലോക്ക് ടവറിനുമുകളിലെ ചന്ദ്രക്കല തെളിഞ്ഞുകാണാം അതോടെ എല്ലാ കണ്്ഠങ്ങളില്‍ നിന്നും അള്ളാഹുവിന്റെ രാജാധികാരത്തിന് സാക്ഷ്യം വിളികള്‍ ഉച്ചസ്ഥായിലായി.
മക്ക ! മക്ക ! മക്ക !
...ദൂരെ ഞാന്‍ മക്കയുടെ ചിഹ്നം കണ്ടു. കഅ്ബയുടെ പ്രകാശവലയം കണ്ടു. എന്റെ റബ്ബേ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാമോ?. ഇബ്രാഹിം നബി(അസ്സലാത്തുവസ്സലാം)യുടെ കരങ്ങളാല്‍ അല്ലാഹു നിര്‍മിച്ച കഅ്ബ. ഇസ്മായില്‍ പരമ്പരയിലൂടെ ഇന്നും ലോകത്തിന്റെ വെളിച്ചമായി നാഥന്‍ പരിപാലിക്കുന്ന വിശുദ്ധ ഗേഹം. എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി. ആയിരം കിലോമീറ്റര്‍ ദൂരവും ഉണ്ടാകത്ത അസ്വസ്ഥത.
ബസിന്റെ വേഗത്തില്‍ ആദ്യമായി സംശയം തോന്നി. ഡ്രൈവര്‍ ബസ് വളരെ പതുക്കയാണ് ഓടിക്കുന്നത്. നോക്കിയിരിക്കെ കഅ്ബയുടെ വെളിച്ചം ഞങ്ങള്‍ക്ക് സമീപസ്ഥമായി. ബസ് പട്ടണത്തെ വലംവെച്ച് ഒരു പാലത്തിന് സമീപം നിര്‍ത്തി.
........... എല്ലാവരും ഇവിടെ ഇറങ്ങുക.ഇന്‍ഷാ അല്ലാഹ് നാളെ ഉച്ചക്ക് 1.30 ഇതേ സ്ഥലത്ത് എത്തുക. അടുത്ത് തന്നെ നിങ്ങളുടെ മുറികള്‍ ശരിയാക്കിയിട്ടുണ്ട്. ഡ്രൈവറുടെ പഷ്തൂണ്‍ കലര്‍ന്ന ഹിന്ദി മുഹമ്മദ് കാക്ക ഞങ്ങള്‍ക്കായി പരിഭാഷപ്പെടുത്തി. അല്‍ഹംദുലില്ല ! ഞങ്ങള്‍ മക്കയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മീറ്ററുകള്‍ക്കപ്പുറത്ത് വെള്ളിവെളിച്ചത്തില്‍ കഅ്ബയുടെ മിനാരങ്ങള്‍ ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നു.
ബാഗുകളുമായി കഅ്ബയ്ക്ക് നേരെ നടക്കുവാനാഞ്ഞ ഞങ്ങളുടെ മുന്നിലേക്ക് അമീര്‍ ഓടിയെത്തി.
..........ഭായി ആദ്യം റൂമിലെത്തി ലഗേജ് വെച്ച ശേഷം കഅ്ബയിലേക്ക് പോകാം.
നാഥന് സ്തുതി കഅ്ബയ്ക്ക് അരകിലോമീറ്റര്‍ ദൂരത്തിലാണ് ഞങ്ങള്‍ക്ക് മുറി കിട്ടിയിരിക്കുന്നത്. വൃത്തിയുള്ള മുറി. ആറ് കിടക്കകള്‍ ബാത്ത് റൂമും മറ്റും വൃത്തിയുള്ളത്.
തന്റെ അഥിതികളെ പ്രപഞ്ചനാഥന്‍ എപ്രകാരമാണ് വരവേല്‍ക്കുന്നതെന്ന് നമ്മള്‍ക്ക് ചിന്തിക്കുവാന്‍ പോലും സാധിക്കില്ല്‌ല്ലോ. മുറിയിലെത്തി ലഗേജ് വെച്ച് ചെറിയ ശുദ്ധി വരുത്തി ഞങ്ങള് പുറത്തേക്കിറങ്ങി.
തല്‍ബിയത്തിന്റെ ഒരു മായിക പ്രപഞ്ചത്തിലാണ് ഞങ്ങള്‍. എവിടെ നിന്നും അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തുന്ന ദിക്‌റുകള്‍ മാത്രം. ലോകം ആ മിനാരചുവട്ടിലേക്ക് ചുരുങ്ങിയത് പോലെ വെള്ള പുതച്ച് ലോകത്തിന്റെ വലിപ്പചെറുപ്പങ്ങള്‍ എത്ര നിസാരമെന്ന് കാട്ടി ആയിരങ്ങള്‍ ഒഴുകുകയാണ് എല്ലാ ചുവടുകളും മക്കയിലേക്ക്. ഞങ്ങള്‍ പതുക്കെ ആ മാന്ത്രികതയില്‍ അലിഞ്ഞില്ലാതായി. അര കിലോമീറ്റര്‍ ദൂരമേ അല്ലെന്ന് കാലുകള്‍ മനസിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു നടത്തമെന്നോ ഓട്ടമെന്നോ പറയാവുന്ന ആ ചലനം. പുലര്‍ച്ചെ 3.30 ഓടെ ഞങ്ങള്‍ സ്വപ്‌നഗേഹത്തിന്റെ കവാടത്തിലെത്തി. ഇരു വശങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍. അതിലൊന്നിന്റെ മുകളില്‍ മക്കടവറിന്റെ കൂറ്റന്‍ ഘടികാരവും. ഈ ടവറില്‍ നിന്നാണ് മക്കയുടെ ബാങ്കൊലി ലോകത്തിന്റെ വിവധകേന്ദ്രങ്ങളിലേക്ക് മുഴക്കപ്പെടുന്നത്.(ഇരുപത്തിനാല് മണിക്കൂറും സജീവമായ ടെലികാസ്റ്റിലൂടെ മക്കയുടെ ഓരോ ചലനവും ലോകത്തിന്റെ മുന്നിലെത്തിക്കപ്പെടുന്നുണ്ട്). പതുക്കെ കഅ്ബയുടെ പുറംപള്ളിയില്‍ പതിച്ചിരിക്കുന്ന വെണ്ണക്കല്ലിലേക്ക് കാലെടുത്ത് വെച്ചു. സര്‍വ്വശക്തനായ ദൈവത്തിന് സ്തുതി ! ശരീരത്തിനും മനസിനും ഭാരം കുറഞ്ഞപോലെ കഅ്ബയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം. ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. എന്റെ കൈയ്യില്‍ ഇര്‍ഷാദ് മുറുകെ പിടിച്ചു. എത്രമനോഹരമാണ് റബ്ബേ ഈ നിമിഷങ്ങള്‍ ഇവിടെ കറുത്തവനും വെളുത്തവനും ഇല്ല. പണ്ഡിതനും പാമരനും ഇല്ല. സമ്പത്തിന്റേയോ ദാരിദ്രത്തിന്റേയോ ഏറ്റക്കുറച്ചിലുകള്‍ ഇല്ല. നീ മാത്രം.
തീര്‍ഥാടക സീസണ്‍ ആരംഭിച്ചിട്ടേയുള്ളു പുലര്‍ക്കാലത്തും ആയിരങ്ങള്‍ വെള്ളരിപ്രാവുകള്‍ പോലെ ഒഴുകുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഫഹദ് ഗേറ്റിനരുകില്‍ എത്തിക്കഴിഞ്ഞു ഗേറ്റ് നമ്പര്‍ 78. ഒരിക്കല്‍ കൂടി മുഹമ്മദ് കാക്കയുടെ ഓര്‍മ്മപ്പെടുത്തല്‍ സുബഹി നസ്‌കാരത്തിന് ശേഷം മുറിയില്‍ ഒത്തു ചേരാം. ഫഌറ്റിലേക്കുള്ള വഴി അറിയില്ലെങ്കില്‍ ഈ വാതിലിനു മുന്നില്‍ ഒത്തുകൂടാം. അതെ ഇനി മറ്റുള്ളവരെ കാത്തു നില്‍ക്കുവാന്‍ ആര്‍ക്കും സമയമില്ല. അനുഗ്രഹങ്ങളുടെ കവാടത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നു. നിനക്കായി ധാരാളം സമ്മാനങ്ങള്‍ കാത്തുവെച്ചുകൊണ്ട് പ്രപഞ്ച നാഥന്‍ കാത്തിരിക്കുകയാണ്. ഇബ്രാഹിമിന്റേയും ഇസ്മായിലിന്റേ(അസ്സലാത്തു വസ്സലാം)യും ദൈവം. മുഹമ്മദ്(സ.അ) നിനക്ക് പരിചയപ്പെടുത്തിയ ഏകദൈവം. ഞങ്ങള്‍ പുറം പള്ളിയിലേക്ക് കാലെടുത്തു വെച്ചു. തീര്‍ഥാടകരുടെ തിരക്ക് തുടങ്ങിയിരിക്കുന്നു. മുന്നില്‍ വിരിച്ച പരവതാനിയിലൂടെ മുന്നോട്ട് ഒഴുകുകയായിരുന്നു ഞങ്ങള്‍.
....ഹജ്ജ് ഹജ്ജ് കുല്ലു ഇഹ്‌വാന്‍, യാ അള്ളാ ആത്തി താരീഖ് ബനാത്ത് ... (തീര്‍ഥാടകാ എല്ലാവരും സഹോദരങ്ങളാണ് സ്ത്രീകള്‍ക്ക് വഴി നല്‍കുക) എന്നിങ്ങനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. മുന്നേ നടന്ന മുഹമ്മദ് കാക്ക വേഗം കുറച്ച് ഞങ്ങള്‍ക്കായി കാത്തുനിന്നു. പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ബസില്‍ വെച്ച് കാല് വേദനയുടെ കഥകളും പറഞ്ഞ മനുഷ്യനാണ്. ഇവിടെയെത്തിയപ്പോള്‍ ഞങ്ങളെ ബഹുദൂരം പിന്നിലാക്കിയത്. കഅ്ബയിലേക്കുള്ള പാത ശാരിരികമോ മാനസികമോ ആയ തയ്യാറെടുപ്പുകളുടെ ആരംഭമോ പര്യവസാനാമോ അല്ല. അത് ദൈവാനുഗ്രഹത്തിന്റ പ്രചോദനം തന്നെയാണ്. ചേര്‍ത്തു പറയേണ്ട കാര്യം ഉംറയ്ക്കായുള്ള ആഗ്രഹം മനസില്‍ ഉണ്ടായത് മുതല്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. കഅ്ബയിലെത്തുമ്പോള്‍ ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം എന്നിങ്ങനെ പക്ഷെ ഈ ജനസഞ്ചയത്തില്‍ എല്ലാ ചിന്തകളും അഹദ് (എകത്വം) എന്ന് മാത്രമായി ചുരുങ്ങുകയാണ്.
കഅ്ബയെ ആദ്യം കാണുമ്പോള്‍ സലാം പറയണം. എല്ലാ പള്ളികളിലും കയറുമ്പോള്‍ പറയുന്ന സലാം. അല്ലാഹുവിന്റെ പേരില്‍,അല്ലാഹുവിന്റെ തിരുദൂതരില്‍ അവന്റെ കൃപാ കടാക്ഷവും ശാന്തിയുമുണ്ടാകട്ടെ,അല്ലാഹുവേ നിന്റെ കൃപാകവാടങ്ങള്‍ നീ എനിക്ക് വേണ്ടി തുറന്ന് തരേണമേ. എന്നിങ്ങനെയാണ് ആ വരികളുടെ അര്‍ഥം. എത്ര യാഥാര്‍ഥ്യബോധമാണ് ഇസ്്‌ലാമിന്റെ ഓരോ പ്രാര്‍ഥനയിലും. ഇത്രയും നാള്‍ ഈ വരികള്‍ ഉരുവിട്ടുരുന്നെങ്കിലും ഇപ്പോഴാണ് അതിന്റെ അന്തരിക ഭാവം നമ്മളിലേക്ക് കടന്നു വരുന്നത്. അല്ലാഹുവിന്റെ ഭവനത്തില്‍വെച്ച് അവന്റെ പ്രവാചകന് വേണ്ടി പ്രാര്‍ഥിക്കുക. അതിലൂടെ താന്‍ അയച്ച ദൂതനാണ് പ്രവാചകന്‍ എന്ന ഓര്‍മ്മപ്പെടുത്തല്‍. പിന്നീട് ദൈവാനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറക്കുന്നതിനായുള്ള അപേക്ഷ. താനാണ് എല്ലമെന്ന് ചിന്തിക്കുന്ന മനുഷ്യന് തിരിച്ചറിവിന്റെ പാഠമാണിത്.
തല്‍ബിയത്തുകള്‍ നിശബ്ദമായി. അമ്പരപ്പില്‍ ഞാന്‍ മുന്നോട്ട് എത്തി നോക്കി. അല്ലാഹുവേ ! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാമോ എന്റെ മുന്നില്‍ കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കില്ല. കണ്ണുകളെയോ മനസിനെയോ ശരീരത്തെയോ എനിക്ക് വിശ്വാസമില്ലായിരുന്നു. കാല്‍ ഉയര്‍ത്തി തറയില്‍ ചവുട്ടി നില്‍ക്കുന്ന സ്ഥലത്തെ തിരിച്ചറിയാന്‍ ഞാന്‍ ശ്രമം നടത്തി. അടുത്ത നിമിഷം തന്നെ കണ്ണുകള്‍ ആ സുന്ദര കാഴ്ചയെ മറയ്ക്കുന്നതായി തോന്നി. കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്.
......അല്ലാഹ്! കഅ്ബ ! കഅ്ബ ! കഅ്ബ ! എന്ന് മാത്രം എന്റെ നാവില്‍ നിന്നും പുറത്തേക്ക് വന്നു. ഇത് അവിടെക്കൂടിയിരിക്കുന്ന ആയിരങ്ങളുടെ തുടര്‍ച്ചയില്‍ നിന്നുള്ള അനുഭവം മാത്രമായിരുന്നു. ഞങ്ങള്‍ കഅ്ബയ്ക്ക് അരികിലേക്ക് നടന്നു. അഭൗമികമായ ഒരു വലയം പോലെ കഅ്ബയ്ക്ക് ചുറ്റും ചലിക്കുന്ന മനുഷ്യ രൂപങ്ങള്‍ അവര്‍ ചലിച്ചുകൊണ്ടേ ഇരിക്കുകയാണ്. വളരെ നാളുകളായി വീട്ടില്‍ നിന്നും അകന്നു കഴിയേണ്ടി വന്ന കുട്ടിക്ക് വീട്ടിലെത്തുമ്പോള്‍ ഉണ്ടാകുന്ന വികാരമായിരുന്നു ഓരോ മുഖങ്ങളിലും. ആയിരങ്ങള്‍ ഒരേ സമയം കഅ്ബയ്ക്ക് പ്രദിക്ഷണം വെയ്ക്കുന്നു ഒരാള്‍ പോലും മറ്റൊരാള്‍ക്ക് തടസമാകുന്നില്ല. പലരും ഖുര്‍ ആന്‍ ഓതിക്കൊണ്ടാണ് ത്വവാഫ്(പ്രദിക്ഷണം) ചെയ്യുന്നത്. പക്ഷേ ഒരാള്‍ മറ്റൊരാളെ തള്ളിമാറ്റുകയോ മറികടക്കുകയോ ചെയ്യുന്നില്ല. തനിക്ക് വരച്ച് നല്‍കിയ പാതയിലൂടെ സഞ്ചരിക്കുന്ന അനുസരണയുള്ള ചെമ്മരിയാട്ടിന്‍ പറ്റങ്ങളായി മനുഷ്യന്‍ മാറുകയാണിവിടെ ഇവിടെ.
അസുലഭമായ ആ കാഴ്ചയില്‍ നിന്നും കണ്ണെടുക്കുവാനാകുന്നതേയില്ല എങ്കിലും സമയത്തെകുറിച്ചുള്ള ബോധം ഞങ്ങളെ ഉംറയുടെ ചടങ്ങുകളിലേക്കെത്തിച്ചു. ഹജറുല്‍ അസ്‌വദിന്റെ നേരെ നടന്നുകൊണ്ട് ഞങ്ങളും ആ വലയത്തില്‍ അലിഞ്ഞുചേര്‍ന്നു. കൈയ്യുയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ (അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവാണ് വലിയവന്‍.... ഇവിടെ ഉപയോഗിക്കുവാന്‍ പറ്റുന്ന എറ്റവും മനോഹരമായ വചനങ്ങള്‍ ഇതു തന്നെയല്ലെ. ഇസ്്‌ലാമിന്റെ ഏതൊരു ആരാധനാ വചനങ്ങള്‍ ശ്രദ്ധിച്ചാലും ഇത്തരത്തില്‍ പ്രാര്‍ഥിക്കുന്നവും പ്രാര്‍ത്ഥിക്കപ്പെടേണ്ടവനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചുരുളഴിയുന്നത് കാണാം. നീയാണ് വലിയവന്‍ എന്ന് ഉദ്‌ഘോഷിക്കുന്നതിലൂടെ എന്നിലെ വലിപ്പമെന്ന ബോധത്തെ വലിച്ച് താഴെയിടുന്നു.അതോടെ നിര്‍മലമായ ഒരു സൂഷ്മതലത്തിലേക്ക് പ്രാര്‍ഥന കടന്നു ചെല്ലുന്നു. അവിടെ വലിപ്പ ചെറുപ്പമോ പൗരോഹിത്യത്തിന്റെ മന്ത്രോച്ചാരണങ്ങളോ ഇല്ല. പറയുവാനുള്ളത് കേള്‍ക്കേണ്ട കാതുകളിലേക്ക്് എത്തെപ്പെടുകയാണ്. അറിവിന്റേയോ ഭാഷയുടെയോ അതിര്‍വരമ്പുകള്‍ ദൈവത്തിനും നമ്മള്‍ക്കുമിടയില്‍ നിന്നും മായ്ക്കപ്പെട്ടിരിക്കുന്നു).
ത്വവാഫിന്റെ ആരംഭത്തിന് ഹജറുല്‍ അസ്‌വദിനെ ചുംബിക്കുകയോ സാധിച്ചില്ലെങ്കില്‍ തൊട്ടുമുത്തുകയോ.അല്ലെങ്കില്‍ ഹജറുല്‍ അസ്്‌വദിന്റെ നേരെ തിരിഞ്ഞ് നിന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുകയോ ചെയ്യണം. ഞങ്ങള്‍ക്ക് ദൂരെ നിന്ന് ആംഗ്യം കാണിക്കുവാനേ സാധിക്കുമായിരുന്നുള്ളു. അവിടെനിന്നും ഞങ്ങള്‍ ത്വവാഫ് ആരംഭിച്ചു. പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും ത്വവാഫില്‍ ശ്രേഷ്ഠമാണ്. മുന്നോട്ടുള്ള യാത്രയില്‍ മക്കാമു ഇബ്രാഹമും പിന്നിട്ട് റുക്‌നുല്‍ യമാനിയില്‍(ഹജറുല്‍ അസ്‌വദിന് തൊട്ടു മുമ്പുള്ള മൂല) കൈ ഉയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് ഉച്ചരിച്ചുകൊണ്ട് ഹജറുല്‍ അസ്‌വദ് വരെ............ ഞങ്ങളുടെ നാഥാ ഇഹത്തിലും പരത്തിലും നീ ഞങ്ങള്‍ക്ക് നന്മ നല്‍കണമേ, ഞങ്ങളെ നരക ശിക്ഷയില്‍ നിന്നും കാക്കണമേ ..........എന്നുള്ള പ്രാര്‍ഥന ചൊല്ലി ഒരു പ്രദിക്ഷണം പൂര്‍ത്തിയാക്കി.
കഅ്ബയുടെ നാഥാ നീയാണ് രക്ഷകന്‍ !. ഉറപ്പിക്കാനാകാത്ത യാഥാര്‍ഥ്യത്തില്‍ ഒഴുകി നടക്കുന്നതായിട്ടാണ് ഓരോ ത്വവാഫും എനിക്ക് അനുഭവപ്പെട്ടത്. കണ്ടതോ അനുഭവിച്ചതോ ആയ കാര്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാന്‍ വാക്കുകളുടെ മനോഹരമായ കോര്‍ത്തിണക്കല്‍ അനിവാര്യമാണ്. കഅ്ബയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന ആനന്ദം, നിര്‍വൃതി, ഭയം, സ്‌നേഹം, കരുതല്‍, ഇതെല്ലാം പറഞ്ഞറിയിക്കുന്നതിനെക്കാള്‍ എത്രയോ അപ്പുറമാണ്. ശരീരത്തിന്റേയും, മനസിന്റേയും ഭാരം പൂര്‍ണമായും നഷ്ടപ്പെട്ട് ചിന്തകളില്‍ നിന്നും മോചനം ലഭിച്ച്, ഒഴുകി നടക്കുന്ന അപ്പൂപ്പന്‍ താടിയായി നമ്മള്‍ മാറും (അപ്പൂപ്പന്‍ താടിക്ക് കാറ്റിന്റെ ഗതിക്കനുസരിച്ചേ പാറിനടക്കുവാന്‍ പറ്റുകയുള്ളു എന്നത് എന്റെ ഉദാഹരിക്കുവാനുള്ള കഴിവ് കുറവായി കാണേണ്ടതാണ്). ഏഴ് പ്രാവശ്യത്തെ പ്രദിക്ഷിണം പൂര്‍ത്തിയാക്കി. മക്കാമു ഇബ്രാഹിമിന്റെ അടുക്കലെത്തി ത്വവാഫിന്റെ രണ്ട് റക്കാഅത്ത് നമസ്‌കാരം നിര്‍വ്വഹിച്ചു. ഇനി സഅ്‌യ്‌ന്റെ നടത്തമാണ്. സഫയില്‍ നിന്നും മര്‍വ്വയിലേക്കും തിരിച്ചും ഏഴ് പ്രാവശ്യമാണ് ഈ ചടങ്ങ്.
സഫയും മര്‍വ്വയും നമ്മളോട് ചരിത്രം വിളിച്ചോതുന്നുണ്ട്. അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ ചരിത്രം. ഹാജറാ ബീബീയേയും പിഞ്ചുകുഞ്ഞായിരുന്ന ഇസ്മായില്‍ നബിയേയും ദൈവിക കല്‍പ്പന പ്രകാരം മരുഭൂമിയില്‍ ഉപേക്ഷിക്കുന്ന ഇബ്രാഹിം നബി(അസ്സലാത്തു വസ്സലാം). തന്നെയും വാര്‍ധ്യക്യത്തില്‍ ദൈവം തന്ന കണ്‍മണിയേയും ഉപേക്ഷിക്കുവാനുള്ള തീരുമാനം അറിഞ്ഞ ഹാജറാബീബീ ഇബ്രാഹിം നബിയോട് ചോദിച്ചത് ഞങ്ങളെ ഉപേക്ഷിക്കുവാനുള്ള തീരുമാനം അല്ലാഹുവില്‍ നിന്നുള്ളതാണോ എന്നാണ്. അതേ എന്ന മറുപടിക്ക് എങ്കില്‍ അല്ലാഹു ഞങ്ങളെ കാത്തുകൊള്ളും എന്ന മറുപടി നല്‍കിയതിലൂടെ വിശ്വാസത്തിന്റെ രീതീശാസ്ത്രമല്ലെ പ്രവാചക കുടുംബം നമ്മെ പഠിപ്പിക്കുന്നത് ?. സഫയ്ക്കും മര്‍വ്വയ്ക്കുമിടയില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് വാര്‍പ്പുകള്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ഒരേസമയം സഅ്‌യിന്റെ നടത്തത്തിന് സൗകര്യം ഒരുക്കുന്നു. എങ്കിലും ആ രണ്ട് മലകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സഫയുടേയും മര്‍വയുടേും ഇടയിലെ നടത്തം നമ്മളോട് ഒരുപാട് കാര്യങ്ങള്‍ വിളിച്ചോതും മരുഭൂമിയിലെ കൊടും ചൂടില്‍ ദാഹിച്ച് കരയുന്ന കുഞ്ഞിന്റെ ദാഹമകറ്റുവാന്‍ ഒരിറ്റുജലത്തിനായി പരക്കം പാഞ്ഞ ഹാജറാ ബീബി. സഫമലയുടെ മുകളിലും തിരിച്ച് മര്‍വാമല മുകളിലും കയറി യാത്രാസംഘങ്ങല്‍ അതുവഴി കടന്നു പോകുന്നുണ്ടോ എന്ന് തിരഞ്ഞ മാതൃത്വം. മലയില്‍ നിന്നും ഇറങ്ങി അടുത്ത മലയിലേക്കുള്ള സമതലത്തില്‍ നിര്‍ത്താതെ അവര്‍ ഓടിയതിന്റെ പ്രതീകമായിട്ടായിരിക്കണം ഇന്നും അവിടെ പുരുഷന്‍മാര്‍ ഓടുന്നത്. ഒടുവില്‍ ഇസ്മായില്‍ നബി കാലിട്ടടിച്ച സ്ഥലത്ത് നിന്നും സംസം വെള്ളം പുറപ്പെടുന്നു. ചരിത്രം നമ്മോട് തിരിഞ്ഞ് ചിന്തിക്കുവാന്‍ ആവശ്യപ്പെടുകയാണ്. വിശ്വാസം വാക്കുകളിലല്ല പ്രവര്‍ത്തിയിലാണ് മുന്‍ഗാമികള്‍ കാട്ടിയതെന്ന തിരിഞ്ഞു നോട്ടം. സഫയിലെത്തിയാല്‍ ഈ വചനങ്ങള്‍ ഉരുവിടല്‍ മഹത്വമേറിയതാണ്
' തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറ:യോ നിര്‍വ്വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദിക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല.ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു'. (വിശുദ്ധ ഖുര്‍ ആന്‍... 2 - 158)
സഅ്‌യിന്റെ നടത്തം മര്‍വയില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മര്‍വയുടെ മുകളില്‍ ഇരിപ്പുറപ്പിച്ചു പ്രഭാത നമസ്‌കാരത്തിന്റെ ബാങ്ക് കൊടുക്കുവാന്‍ സമയമായി. ഹറം ഷെരീഫിലെ ആദ്യ ഫര്‍ള് നമസ്‌കാരം. എനിക്ക് അവിടെ ഇരിപ്പുറച്ചില്ല വരു നമ്മള്‍ക്ക് ക്അ്ബയ്ക്കരിലേക്ക് പോകാം. നമസ്‌കാരം അവിടെ നിര്‍വ്വഹിക്കാം. കൂടെയുള്ളവരെ കൂടി കൂട്ടി ആ തിരക്കിലും ((അപ്പോഴേക്കും ആ പ്രദേശം മുഴുവന്‍ നമസ്‌കാരത്തിന്റെ സഫ്ഫ് (നിര) കെട്ടിയിരുന്നു). കഅ്ബയിലേക്ക് നടന്നു. കഅ്ബയുടെ അല്‍പ്പം അകലെയാണ് ഞങ്ങള്‍ക്ക് ഇടം ലഭിച്ചത്. സുബഹ് നമസ്‌കാരാനന്തരം ഞങ്ങള്‍ ഫഹദ് ഗേറ്റില്‍ ഒത്തുകൂടി. ഞാന്‍ അജര്‍,റിയാസ് എന്നിവരുടെ ആദ്യ ഉംറയാണ്. ഇനി മുടികളയണം അതോടെ ഉംറ പൂര്‍ത്തിയാകും. പള്ളിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുവാന്‍ എല്ലാവര്‍ക്കും മടി. ലക്ഷ്യ സ്ഥാനത്തെത്തി ഇനി എങ്ങോട്ടെന്ന ചോദ്യമാണ് എല്ലാ മുഖങ്ങളിലും.
............ഇന്നു വെള്ളിയാഴ്ചയാണ് മുടികളഞ്ഞ് മുറിയില്‍ പോയി ഫ്രെഷായി ഉടന്‍ തന്നെ തിരിച്ചെത്തണം. ഇര്‍ഷാദാണ് ഒരു പോംവഴി കണ്ടെത്തിയത്. പിന്നെ വൈകിയില്ല തൊട്ടടുത്ത ബാര്‍ബര്‍ ഷാപ്പിലേക്ക്. ഞങ്ങള്‍ തല മൊട്ടയടിച്ചു. ആദ്യ ഉംറയില്‍ മുടി വടിക്കുന്നതാണ് ഉത്തമമെന്ന് ബസില്‍ വെച്ച് അമീര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മുറിയിലേക്ക് കുളിക്കും അല്‍പ്പം വിശ്രമത്തിനും ശേഷം ഒമ്പതരയോടെ വീണ്ടും ഹറമിലേക്ക്. വെള്ളിയാഴ്ചയാണ് ആളുകള്‍ ഹറമിലേക്ക് ഒഴുകുകയാണ് തിരക്കിലൂടെ നൂണ്ട് കഅ്ബയുടെ തൊട്ടടുത്ത് തന്നെ ഞങ്ങള്‍ ഇടം പിടിച്ചു. രണ്ട് റക്കാഅത്ത് സുന്നത്ത് നമസ്‌കാരത്തിന് ശേഷം അല്‍പ്പസമയം പ്രാര്‍ഥന എന്റ കൈയ്യിലുണ്ടായിരുന്ന ഖുര്‍ ആന്‍ അര്‍ഷാദ് വാങ്ങി സുറത്തില്‍ കഅ്ഫ്ഫ് ഓതുവാന്‍ തുടങ്ങി. ഞാന്‍ കഅ്ബയിലേക്ക് മിഴിപായിച്ച് അങ്ങനെ ഇരുന്നു. മുന്നില്‍ ആയിരങ്ങള്‍ ത്വവാഫില്‍. ഒരു വലയം നമ്മളെ ചുറ്റുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കഅ്ബയിലേക്ക് നോക്കി ഇരിക്കുമ്പോള്‍ എന്തൊരു മനസുഖമാണ്. ഒന്നും ചോദിക്കുവാനും പറയുവാനുമില്ല. ശാന്തമായ മനസ്. അര്‍ഷാദിന്റെ പാരായണം പൂര്‍ത്തിയായിരിക്കുന്നു. ഞാന്‍ ഖുര്‍ആന്‍ വാങ്ങി സൂറത്തുല്‍ കഅ്ഫ്ഫും യാസീനും ഓതീതിര്‍ത്തു അപ്പോഴേക്കും ബാങ്ക് മുഴങ്ങി.
അനുഗ്രഹങ്ങളുടെ പെരുമഴാണ് എന്നെ സംബന്ധിച്ച് ഈ തീര്‍ഥാടനം. ആദ്യത്തെ യാത്രയില്‍ തന്നെ ജുമാനമസ്‌കാരം കഅ്ബയില്‍. അല്‍ഹംദുലില്ല ! ജുമാ നമസ്‌കാരം നിര്‍വ്വഹിച്ച് പുറത്തിറങ്ങി. ഇനി ഉച്ചഭക്ഷണം ശേഷം രണ്ട് മണിയോടെ ചരിത്ര സ്ഥലങ്ങളിലേക്ക് ഒരു ചെറിയ യാത്ര. ഡ്രൈവര്‍ക്ക് ഓരോ യാത്രികനും പത്ത് റിയാല്‍ അധികം നല്‍കി തരപ്പെടുത്തിയതാണ്. സമീപത്തുള്ള ഒരു ഹോട്ടലില്‍ നിന്നും കബ്‌സ കഴിച്ചു മുറിയിലെത്തി വീണ്ടും ബസിലേക്ക്. ഡ്രൈവര്‍ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കടുംപിടിത്തക്കാരനാണന്നു തോന്നുന്നു. 2.15 ഓടെ ബസ് പുറപ്പെട്ടു ആദ്യം മുസ്ഥലിഫയിലേക്ക് ഹജ്ജ് തീര്‍ഥാടകര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ടെന്റുകള്‍ കണ്ടു പിന്നെ മിനാതാഴ്‌വരയിലേക്ക്. മിനാതാഴ്‌വര ശരിക്കും ഒരു വെളളക്കൊട്ടാരം പോലെ തോന്നിച്ചു. നിരനിയയായി ആയിരക്കണക്കിന് ടെന്റുകള്‍. കല്ലെറിയുന്ന ജംറയും കണ്ട് ബസ് അറഫാ മൈതാനിയിലേക്ക് പുറപ്പെട്ടു. പ്രവാചകന്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തിയ സ്ഥലം .മനസ് വല്ലാത്ത അവസ്ഥയിലായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ജമാഅത്ത് നടക്കുന്ന പള്ളി ഇവിടെ ഉണ്ട്. തുടര്‍ന്ന് ജബലുല്‍ രഹ്മയിലേക്ക്.
അടുത്ത ലക്ഷ്യം ജബലുല്‍ നൂര്‍ ആണ്. പ്രവാചകന് (സ.അ) ആദ്യമായി ദൈവിക വെളിപാടുണ്ടായ ഹിറാ ഗുഹ ഇവിടെയാണ്. ജബലുല്‍ നൂറിന്റെ താഴ്‌വാരത്ത് ബസ് നിര്‍ത്തി. ഡ്രൈവര്‍ മൈക്കിലൂടെ മലമുകളില്‍ കയറുവാന്‍ മൂന്ന് മണിക്കൂറെങ്കിലും വേണെമന്ന് അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് അവിടെ ഇറങ്ങി മലകയറാം തിരിച്ച് മുറിയിലേക്ക് ടാക്‌സിയില്‍ എത്തെണമെന്ന് മാത്രം. സമയം നാല് മണി. കൂടെയുണ്ടായിരുന്ന അബ്ദുറഹ്മാന്‍ കൊണ്ടോട്ടി മലകയറ്റത്തിന്റെ ഒരു ചെറു വിവരണം നല്‍കി. ഇപ്പോള്‍ മലകയറുവാന്‍ ആരംഭിച്ചാല്‍ ഹിറാഗുഹയിലെത്തുമ്പോഴേക്കും ഇരുള്‍ വീഴും പിന്നെ ഇറക്കം ബുദ്ധിമുട്ടാകും. പതിനഞ്ച് വര്‍ഷത്തോളം മദീനയില്‍ ജോലിചെയ്ത അദ്ദേഹത്തിന് മക്കയുടെ മദീനയുടേയും വഴികളും ചരിത്രങ്ങളും നല്ല വശമാണ്. യാത്രില്‍ നല്ലൊരു ഗൈഡ് കൂടിയായിരുന്നു ജമാഅത്ത് പ്രവര്‍ത്തകനായ അദ്ദേഹം. ശരി അല്ലാഹു നമ്മുക്ക് ആ സ്ഥലം കാണുവാന്‍ ഇപ്പോള്‍ വിധിച്ചിട്ടില്ല. പ്രവാചകന് (സ.അ) ആദ്യമായി ദൈവിക വെളിപാട് ലഭിച്ച ഹിറാ ഗുഹ സന്ദര്‍ശനം സ്വപ്‌നമാക്കി മാറ്റി ഞ്ങ്ങള്‍ തിരികെ പോകുവാന്‍ തീരുമാനിച്ചു. ഒരിക്കല്‍ കൂടി ആ മലമുകളിലേക്ക് നോക്കി. തല ഉയര്‍ത്തുമ്പോള്‍ ആകാശത്തോളം ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലനിര.890 അടിഉയരമുള്ള ചെങ്കുത്തായ മലയിലൂടെ എറുമ്പകളെ പോലെ മനുഷ്യര്‍ കയറുന്നു. അല്ലാഹുവേ ഈ മലനിരകളിലാണല്ലോ നിന്റെ പ്രവാചകന്‍(സ.അ) അസ്വസ്ഥതയുടെ മനസുമായി ഇരിക്കുമ്പോള്‍ ഖദീജാ (റ.അ)ആഹാരവുമായി കയറി ഇറങ്ങിയത്. ഇവിടെ നിന്നുമാണ് നീ ലോകത്തിന്റെ വെളിച്ചമായി ആദ്യ ഖുര്‍ആന്‍ വചനങ്ങള്‍ മലക്ക് ജിബ്‌രില്‍ മുഖേനെ പ്രവാചകനിലേ(സ.അ)ക്ക് എത്തിച്ചത്. അവിടെ നിന്നും തിരിച്ച് കഅ്ബയിലേക്ക് നാലര മണിയാകുന്നു കഅ്ബയിലെത്തി ഞങ്ങള്‍ അസര്‍ നമസ്‌കരിച്ചു. തുടര്‍ന്ന് മഗ്്‌രിബ് ഇഷാ നമസ്‌കാരങ്ങള്‍ക്കായി ഇരിപ്പുറപ്പിച്ചു. ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍ തൊട്ടു മുന്നില്‍ കഅ്ബ, ചുറ്റും വലംവെയ്ക്കുന്ന ആയിരങ്ങള്‍ അതുംനോക്കി അലസമായി? അങ്ങനെ ഇരിക്കുക ആ ഇരുത്തത്തില്‍ തന്നെ ചോദ്യവും ഉത്തരവും എല്ലാം കഴിഞ്ഞിരിക്കുന്നു ഇനി എവിടേക്കും പോകുവാനില്ല. എറ്റവും സുരക്ഷിതമായ കരങ്ങളിലെത്തിച്ചേര്‍ന്നിരിക്കുന്നു എന്ന ചിന്തമാത്രം. സമയം എത്ര പെട്ടന്നാണ് നമ്മെ വിട്ട് പിരിയുന്നത്. മഗ്‌രിബും, ഇഷാ നമസ്‌കാരവും കഴിഞ്ഞിരിക്കുന്നു.സമയം എട്ട് മുപ്പത്. നാല് മണിക്കൂറുകളായി ഒരേ സ്ഥലത്തുള്ള ഇരിപ്പാണ്. പുറത്തെ എത്രമനോഹര കാഴ്ചകളും പത്ത് മിനിറ്റിനുള്ളില്‍ നമ്മുടെ കണ്ണുകള്‍ക്ക് അരോചകമാവുമെങ്കില്‍ ഈ ആരാധനാലയത്തില്‍ മണിക്കൂറുകളുടെ ദൈര്‍ഘ്യം കുറഞ്ഞുപോകുന്നതായ പരാതിയേ നിങ്ങള്‍ക്കുണ്ടാകു. ഒമ്പതോടെ ഞങ്ങള്‍ ഹറമിന് പുറത്തേക്കിറങ്ങി. ഇനി എന്തെങ്കിലും കഴിക്കണം. വഴിയരുകില്‍ കണ്ട ബ്രോസ്റ്റ് കടയിലേക്ക് കയറി. മലയാളികളുടേതാണ് അവിടെ നിന്നും മൂന്ന് ബ്രോസ്റ്റും പെപ്‌സിയും ഒരു കൂബ്ബൂസും വാങ്ങി മുറിയിലേക്ക്. കുളിച്ച് ഭക്ഷണത്തിനായി ഇരുന്നു. ആളെണ്ണം കൂടുതലാണങ്കിലും ആഹാരം അധികമാകുന്നു.
ഇനി എന്താണ് പരിപാടി ? മുഹമ്മദ് കാക്കയാണ്.
.......ഞാന്‍ ഹറമിലേക്ക് പോകുന്നു.
.......ശരി അരമണിക്കൂര്‍ വിശ്രമിക്കുക എന്നിട്ടാകാം. അപ്പോള്‍ കഅ്ബയില്‍ തിരക്ക് കുറയും പന്ത്രണ്ട് മണിവരെ അല്‍പം തിരക്ക് കുറയുവാനാണ് സാധ്യത. ഞാന്‍ ഇനി പുലര്‍ച്ചെ ഉള്ളു അല്‍പ്പംകിടക്കണം.
ഇര്‍ഷാദും ഡ്രസ് മാറി മുമ്പ് കഅ്ബസന്ദര്‍ശനം നടത്തിയിട്ടുള്ളതിനാല്‍ അവനും ഉറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്.
...... ഞങ്ങളും വരുന്നു അജറും റിയാസുമാണ്............ പോകുന്ന സമയത്ത് വിളിക്കണേ.
...ശരി എന്ന് പറഞ്ഞ് ഞാന്‍ പുറത്തേക്ക് ഇറങ്ങി.
പത്ത് മണിയോടെ ഞാന്‍ പുറപ്പെടാന്‍ തയ്യാറായി. മറ്റുള്ള രണ്ട് പേരേയും കൂട്ടി ഹറമിലേക്ക്. ശരിയാണ് തിരക്കിന് അല്‍പ്പം കുറവുണ്ട്. ത്വവാഫിനായി കഅ്ബയ്ക്ക് അടുത്തേക്ക് ചെന്നു ഹജറുല്‍ ്അസ്്‌വദിന്റെ അരികില്‍ എത്തപ്പെടാനാകില്ല അത്രക്കുണ്ട് കൂട്ടം. തിരിക്കിനിടയിലൂടെ ഊളയിട്ട് കില്ലയില്‍ പിടിച്ച് ദുഅ ചെയ്യുവാനാരംഭിച്ചു. അനുഭവം വിവരണാതീതം. അവിടെ നിന്നും നിരങ്ങി നിരങ്ങി ഹജറുല്‍ അസ്‌വദിനടുത്തേക്ക് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പിറകില്‍ നിന്നുണ്ടായ ഒരു ചെറിയ തിരക്കില്‍പെട്ട് ഞാന്‍ മുന്നോട്ട് നീങ്ങി അല്ലാഹ് ! ഇതാ തൊട്ടുമുന്നില്‍ ഹജറുല്‍ അസ്്വദ് ഞാന്‍ തല അകത്തേക്കിട്ടു ചുംബിച്ചു. എന്റെ പ്രവാചകന്‍(സ.അ) ചുംബിച്ച ഹജറുല്‍ അസ്‌വദ്. ഒരുമിനിറ്റ് സമയം ധാരാളമായിരുന്നു. പിന്നീട് ത്വവാഫിലേക്ക്. കണ്ണുകള്‍ മാത്രമല്ല എങ്ങലടിച്ച് എന്റെ ശരീരവും കരയുകയാണന്ന് തിരിച്ചറിയുവാന്‍ പറ്റുന്നുണ്ടായിരുന്നു. പൊട്ടിക്കരച്ചിലുമായി ഞാന്‍ കഅ്ബയെ വലംവെച്ചു. ഇതെല്ലാം എന്നെ ആരോ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ത്വവാഫിന് ശേഷം മക്കാമു ഇബ്രാഹിമിനുള്ളില്‍ കയറി രണ്ട് റക്കാഅത്ത് നമസ്‌കാരം. ത്വവാഫിന്റെ നമസ്‌കാരം പൂര്‍ത്തിയാക്കി കഅ്ബയുടെ വാതിലിലേക്ക്. തിരിക്കിലും ആ വാതിലില്‍ എത്തിപ്പിടിച്ചു. ഞാന്‍ എത്തിതൊടുമ്പോള്‍ എന്റെ മുന്നിലുള്ള സഹോദരന്‍ എനിക്കായി മാറിതന്നു. എത്രനേരമായെന്ന് എനിക്ക് ഓര്‍മയില്ല. എപ്പോഴോ ഉറക്കത്തില്‍ ഉണരുന്നതുപോലെ ഒരു അനുഭവമാണ് എന്നെ ചിന്തകളിലേക്ക് മടക്കിയത്. ശരിക്കും ഞാന്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു. മനസില്ലാമനസോടെ കഅ്ബയുടെ വാതിലില്‍ നിന്നും കൈയ്യെടുത്തു. അപ്പോഴും അവിടെ തിരക്ക് നിയന്ത്രിക്കുവാന്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇഹ്‌വാന്‍ ഇഹ്‌വാന്‍ യംശി (സഹോദരാ സഹോദരാ നീങ്ങു ) എന്ന് പറയുന്നുണ്ടായിരുന്നു. താല്‍കാലിക മത്താഫിന്റെ താഴെ ഞാന്‍ ഇരിപ്പുറപ്പിച്ചു. അല്‍ഹംദുലില്ല നീ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. രാവിലെ എനിക്ക് നഷ്ടപ്പെടുമോ എന്ന് കരുതിയ സൗഭാഗ്യങ്ങള്‍ നീ തിരികെ തന്നിരിക്കുന്നു.
മണി ഒന്നാകുന്നു കൂടെയുള്ളവരെ കാണുന്നില്ല. സുറത്തുല്‍ യാസീന്‍ ഓതുവാന്‍ ആരംഭിച്ചു സമയം പാഴാക്കുന്നതില്‍ അര്‍ഥമില്ലല്ലോ. അല്‍പ്പനേരം പിന്നിട്ടപ്പോഴേക്കും സഹയാത്രികര്‍ എന്നെ തേടിയെത്തി. എന്നാല്‍ ഇനി റൂമിലേക്ക്് മടങ്ങാം. രാവിലെ സുബഹ് നമസ്‌കാരത്തിന് നേരത്തേ എത്തണം. അങ്ങനെ ഞങ്ങള്‍ കഅ്ബയില്‍ നിന്നും മുറിയിലേക്ക് മടങ്ങി. പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ ഞാന്‍ ഉണര്‍ന്നു ഉറക്കമെന്ന് പറയുവാനാകില്ല ചെറിയ മയക്കമോ വിശ്രമമോ ആയിരുന്നു അത്. പെട്ടന്ന് തന്നെ കുളിച്ച് തയ്യാറായി മറ്റുള്ളവരും അപ്പോഴേക്കും ഉണര്‍ന്ന് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടായിരുന്നു. നാല് മണിയോടടുക്കെ ഞങ്ങള്‍ കഅ്ബയിലേക്ക് തിരിച്ചു. മനസില്‍ ചെറിയ വിഷമം ഇനി എതാനും മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ക്ക് ഈ പുണ്യഭൂമി വിടേണ്ടതുണ്ട്. ഇനി വിദായുടെ ത്വവാഫ് ആണ്(വിടവാങ്ങല്‍).ഉംറയ്ക്കും ഹജ്ജിനും വേണ്ടി വീണ്ടും ഇവിടെയെത്തുവാനുള്ള അവസരവും അതിനിടയിലെ കാലതാമസം കുറയ്ക്കുവനും നാഥനോട് പ്രാര്‍ഥിച്ചുകൊണ്ടുഉള്ള ത്വവാഫ്. തവാഫിന് ശേഷം കഅ്ബയോട് സലാം പറഞ്ഞ് ഇറങ്ങണം സുബഹി നമസ്‌കാരം പുറംപള്ളിയില്‍ നിസ്‌കരിക്കണം എന്ന തീരുമാനത്തിലാണ് ഞങ്ങള്‍ ഹറമിലെത്തിയത്.ത്വവാഫില്‍ നില്‍ക്കുമ്പോള്‍ മനസ് ശരിക്കും കരയുകയായിരുന്നു. നാഥാ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നിന്റെ വിശുദ്ധ ഗേഹത്തില്‍ ചിലവഴിക്കുവാനായത്. എന്റെ പ്രാര്‍ഥനകളും കര്‍മ്മങ്ങളും നീ സ്വീകരിക്കണേ. ഈ യാത്രയ്ക്ക് പുറപ്പെടുന്ന വിവരമറിഞ്ഞ് എന്നോട് ദുഅ കൊണ്ട് വസിയത്ത് ചെയ്ത ആളുകളുടെ ആഗ്രഹങ്ങളെ നീ സഫലീകരിച്ച് കൊടുക്കണേ പ്രാര്‍ഥനയ്ക്കും ദുഅ്‌യക്കും ശേഷം സലാം പറഞ്ഞ് പുറത്തേക്ക്. ചെറിയ വിങ്ങലുകള്‍ എല്ലാ മുഖത്തും ഉണ്ട് ഇനി എന്നാണ് ഈ അനുഗ്രഹത്തിന്റെ പൂന്തോപ്പില്‍ കാല് കുത്താനാകുക. പുറപള്ളിയില്‍ ബാങ്കിനായി ചെറിയ കാത്തിരിപ്പ്. നമസ്‌കാരത്തിന് ശേഷം ഒരിക്കല്‍ കൂടി കഅ്ബയിലേക്ക് നോട്ടം പാഞ്ഞു. ആഹഌദകരമായ നിമിഷങ്ങള്‍ക്ക് സമാപ്തി. ഏഴ് മണിയോടെ ബസ് പുറപ്പെടാന്‍ തയ്യാറായി യാത്രക്കാരെല്ലാം എത്തിയിരിക്കുന്നു. യാത്രാരംഭത്തിന്റെ ചെറുബഹളങ്ങള്‍, അങ്ങനെ ഞങ്ങള്‍ മക്കയോട് സലാം ചൊല്ലി മദീനയിലേക്ക് യാത്രയായി.
മദീന... എന്ത് പറഞ്ഞാണ് ഈ വാക്കുകളെ ഞാന്‍ വിശദീകരിക്കേണ്ടത്. ഹിജ്‌റപുറപ്പെട്ട പ്രവാചകനും (സ.അ) സഹാബത്തിനും താങ്ങും തണലുമായ നഗരം. മക്കാമുശ്‌രിക്കുകളെക്കാള്‍ ദീനിന്റെ പതാകവാഹകരാകുവാന്‍ ഭാഗ്യം ലഭിച്ച ദേശക്കാര്‍. മദീന പുണ്യനഗരിയാണ് പ്രവാചക ജീവിതവും ഇസ്്‌ലാമിന്റെ വിജയപരാജയങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നാട്. ബസില്‍ മദീനയുടെ ചരിത്രം വിശദീകരിച്ചു നല്‍കുവാന്‍ അബ്ദുറഹ്മാന്‍ കൊണ്ടോട്ടി ഏറെ ഉല്‍സാഹിച്ചിരിന്നു. ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ നന്മയിലേക്കുള്ള തിരിച്ച് പോക്കാണ്. ബസ് യാത്ര വീണ്ടും സജീവമായി. ഇടക്ക് നാസ്തയ്ക്കായി ഒരു ചെറിയ ബ്രേക്ക്.തുടര്‍ന്ന് ചരിത്രം കടന്നു വന്ന ഭൂമികയിലേക്ക് ഒരു ഊളയിടലുകള്‍. വഴിക്കിരുവശവും മലനിരകളാണ്.സങ്കല്‍പ്പത്തിനുമപ്പുറം തരിശായിക്കിടക്കുന്ന മരുഭൂമിയുടെ വന്യത മലനിരകള്‍ക്കും ഉണ്ട്. പച്ചപ്പിന്റെ ലാഞ്ചന ഈ തണുപ്പുകാലത്തും അന്യമാണ്. അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന ചെറുമരങ്ങള്‍ മാത്രം. ഈ വഴിത്താരയിലൂടെയാണ് പ്രവാചകനും (സ.അ)സഹാബാത്തും ഇസ്്‌ലാമിന്റെ സന്ദേശ വാഹകരായി യാത്രചെയ്തത്. അവര്‍ക്ക് തീവെയിലിലും കൊടുംതണുപ്പിലും കൂട്ടിനുണ്ടായിരുന്നത് ഏകദൈവ വിശ്വാസം മാത്രവും. മനസിലൂടെ വായിച്ചതും കേട്ടറിഞ്ഞതുമായ ഇസ്്‌ലാമിക ചരിത്രത്തിന്റെ ഒരു തിരിച്ച് പോക്കുണ്ടായി. ഇനി അരമണിക്കൂര്‍ യാത്രമാത്രം നമ്മള്‍ മദീനയോടടുത്തിരിക്കുന്നു. ഡ്രൈവറുടെ അനൗണ്‍സ്‌മെന്റാണ് ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. ഇന്‍ഷാ അല്ലാഹ് നമ്മള്‍ക്ക് ളുഹര്‍ നസ്‌കാരം മദീനയില്‍ നമസ്‌കരിക്കുവാനാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് നിങ്ങള്‍ക്ക് പ്രവാചകന്റെ (സ.അ)വീടും ഖബറിടവും സന്ദര്‍ശിക്കാം.പള്ളിയില്‍ റിയാളുല്‍ ജന്ന(സ്വര്‍ഗ്ഗത്തോപ്പ്) എന്ന സ്ഥലത്ത് നമസ്‌കരിക്കലും പ്രാര്‍ഥിക്കലും ഏറ്റവും ശ്രേഷ്ഠകരമാണ് അമീറിന്റെ ലഘുവിവരണമാണ്. ചെറുമയക്കത്തിലായിരുന്ന യാത്രികരില്‍ ഭൂരിഭാഗവും തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
ദൂരെ മദീനാ മുനവ്വറയുടെ മിനാരങ്ങള്‍ കണ്ടുതുടങ്ങി അല്‍ഹംദുലില്ല നീ മക്കയിലും മദീനയിലും എന്നെ എത്തിച്ചിരിക്കുന്നു.ബസ് നിര്‍ത്തിക്കഴിഞ്ഞു. എല്ലാവരും ഇറങ്ങി ഓടുകയാണ് ളുഹര്‍ നമസ്‌കാരത്തിന്റെ സമയമായിരിക്കുന്നു. ചിലപ്പോള്‍ നമ്മള്‍ക്ക് ജമാഅത്ത് ലഭിക്കുവാന്‍ സാധ്യതയില്ല. എങ്കില്‍ രണ്ടാമത്തെ ജമാഅത്തിന്റെ കൂടെ കൂടുക. ഓട്ടത്തിനിടയില്‍ അബ്ദുറഹ്മാനിക്ക വിളിച്ച് പറയുന്നുണ്ടായിരുന്നു.പള്ളിയുടെ വാതിലിലേക്ക് കയറിയതും ഇഖാമത്ത് നല്‍കുന്നു നാഥന്റെ അനുഗ്രഹം ഹറമുകളില്‍ ഒരുവക്കത്ത് ജമാഅത്ത് എനിക്കായി അവന്‍ കാത്ത് വച്ചിരുന്നല്ലോ. വുളുചെയ്തു സഫിനൊപ്പം കൈ കെട്ടി. സുന്നത്ത് നമസ്‌കാരവും പൂര്‍ത്തിയാക്കിയപ്പോഴേക്കും മുഹമ്മദ് കാക്കയുടെ വിളി ജന്നത്തുല്‍ ബക്കിയയില്‍ ഖബറടക്കം നടക്കുന്നു ചിലപ്പോള്‍ നമ്മള്‍ക്ക് അവിടം കാണുവാനാകും. ഓടിയെത്തിയ ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. സന്ദര്‍ശകര്‍ക്ക് അസര്‍ മുതല്‍ മഗ്‌രിബ് വരെയാണ് സമയം ഇപ്പോള്‍ മരിച്ച ആളിന്റെ ബന്ധുക്കള്‍ക്ക് മാത്രമേ പ്രവേശനമുള്ളു. മരണത്തില്‍ പോലും അല്ലാഹുവിന്റെ അനുഗ്രഹം എന്ന് പറയുന്നത് ഇതിനെയാണ് നൂറ്കണക്കിന് സഹാബിമാരും മഹാന്‍മാരും മറവ് ചെയ്യപ്പെട്ട സ്ഥലത്ത് അതും പ്രവാചകന്റെ(സ.അ) വീട്ടിനടുത്ത് പ്രവാചകന്റെ (സ.അ) പള്ളിക്കരുകില്‍ ഒരു ഖബര്‍ കിട്ടുകയെന്നാല്‍ തന്നെ പുണ്യമല്ലേ. അവിടെ നിന്നും തിരിച്ച് വീണ്ടും പള്ളിക്കുള്ളിലേക്ക്. മദീനാപള്ളി. ഇതാ ഞാന്‍ എന്റെ സ്വപ്‌ന ഗേഹത്തിലെത്തിയിരിക്കുന്നു. എന്റെ പ്രവാചകന്‍ (സ.അ)ഇവിടെ നിന്നുമാണ് ദീനിന്റെ പാഠങ്ങള്‍ ലോകത്തിന്് ചൊല്ലിക്കൊടുത്തത്. ബദറിന്റെ വിജയത്തിലും ഉഹദിന്റെ പാഠങ്ങളിലും ഖന്തക്കിന്റെ സമാനതകളില്ലാത്ത വിജയത്തിനും പ്രവാചകന്‍ (സ.അ) നേതൃത്വം കൊടുത്തത് ഈ മുറ്റത്തു നിന്നാണ്. ഇവിടെയാണ് അബൂബക്കറും(റ.അ), ഉമറും(റ.അ),ഉസ്മാനും(റ.അ), അലിയും(റ.അ), അയിഷാ (റ.അ), ഫാത്തിമ(റ.അ) മറ്റനേകം സഹാബിമാരും ദീനിന്റെ വിദ്യാര്‍ഥികളായത്. എത്രമനോഹരമായ സ്ഥലത്താണ് ഞാന്‍ എത്തപ്പെട്ടത്. ഇനി റിയാളുല്‍ ജന്നയില്‍ രണ്ട് റക്കാഅത്ത് നമസ്‌കരിക്കണം പള്ളിക്കുള്ളില്‍ തിരക്ക് അസാധ്യമായിരുന്നു. ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം വളരെകുറച്ച് മാത്രവും. നമസ്‌കാരം പ്രവാചക(സ.അ)ന്റെ മിംബറിന് പിറകില്‍ നിന്നും നിര്‍വ്വഹിച്ചു. അല്‍പ്പനേരം ഖുര്‍ആന്‍ ഓതി പ്രാര്‍ഥനയിലേക്ക്. തുടര്‍ന്ന് പ്രവാചകന്റെ വീടും ഖബറും കാണുവാനായി നീണ്ട നിരയുടെ അവസാന കണ്ണികളായി. അതാ കൈയ്യെത്തും ദൂരത്ത് പ്രവാചകന്റെ(സ.അ)വീട്. പള്ളിക്കുള്ളില്‍ തന്നെയാണ്. ചുറ്റും കമ്പിവേലികെട്ടി സുരക്ഷിതമാക്കിയിരിക്കുന്ന.ഇരുമ്പു മറയിലെ ദ്വാരത്തിലൂടെ നോക്കാം. എത്ര ചെറുതായിരുന്നു ഇസ്്‌ലാമിന്റെ നായകന്റെ വീട്. തൊട്ടപ്പുറത്ത് പുണ്യനബിയുടെ (സ.അ) ഖബറാണ് സലാം പറഞ്ഞു. അപ്പറുവും ഇപ്പുറവുമായി അബൂബക്കര്‍ സിദ്ധീഖും (റ.അ)അയിഷ(റ.അ) ഉണ്ട്. തിരക്ക് നിയന്ത്രിക്കുവാന്‍ നില്‍ക്കുന്ന പോലിസുകാര്‍ എന്നെ മുന്നിലേക്ക് മാറ്റുവാന്‍ ശ്രമിച്ചു. ഞാന്‍ പതുക്കെ ആ കൈകളില്‍ പിടിച്ചു പറഞ്ഞു ഷോയി സബൂര്‍ മുഹമ്മദ്,അന ഷൂഫ് വാഹിദ് മറ റസൂല്‍(സ.അ). അര്‍ഥം ശരിയാരുന്നോ എന്ന് എനിക്കറിയില്ല എന്റെ അറബി തുടക്കക്കാരന്റേതാണ്. (ഞാന്‍ ഉദ്ദേശിച്ചത്. അല്‍പ്പം കൂടി ക്ഷമിക്കു മുഹമ്മദേ,ഞാന്‍ ഒന്നു കൂടി നോക്കട്ടെ എന്റെ പ്രവാചകനെ(സ.അ)). വീണ്ടും സലാം പറഞ്ഞ് പുറത്തേക്ക് കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്നെ ഇവിടെ നിന്നും പറഞ്ഞയക്കുകയാണല്ലോ നാഥാ എന്ന ചിന്ത അസ്വസ്ഥനാക്കി. ഇനി പുറത്തേക്ക് മദീന പ്രവാചകന്‍ (സ.അ) വ്യാപാരം നടത്തിയ നാടാണ് നേരേ മുന്നില്‍ ദാറുസലാമിന്റെ സെന്റര്‍. അവിടെയെത്തി തസ്ബിയും രണ്ട് ബുക്കുകള്‍ prayer according to sunnah,prophes of islam രണ്ടും വാങ്ങി.പിന്നെ കുറച്ച് അത്തറും. ഇനി ബസിലേക്ക് .അടുത്ത ലക്ഷയം ഉഹദ് മലനിരകളാണ്. യുദ്ധത്തിലൂടെ നിരവധി പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഉഹദ്. ഞങ്ങള്‍ ഉഹദ് മലയുടെ താഴ്‌വാരത്തിലെത്തി. ഇവിടെയാണ് ഇസ്്‌ലാമിന്‍െ രണ്ടാമത്തെ യുദ്ധം നടക്കുന്നത് വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടം മദീനക്ക് പുറത്ത് ശത്രുക്കളെ നേരിടാമെന്ന പ്രവാചക നിര്‍ദേശത്തെ തുടര്‍ന്നാണ് ഇസ്്‌ലാമിക സൈന്യം ഉഹദിലെത്തിയത് ഉഹദ് മലനിരകളുടെ താഴ്‌വാരത്ത് ചെറിയ കുന്നിന് മുകളില്‍ അമ്പത് അംഗ അമ്പെയ്ത്ത് സംഘത്തെ പ്രവാചകന്‍ ശത്രുക്കളെ തുരത്തുന്നതിനായി നിര്‍ത്തിയിരുന്നു. ഉഹദില്‍ പ്രവാചകനും സംഘവും തമ്പടിച്ചിട്ടുണ്ടെന്ന് അറിഞ്ഞെത്തിയ സംഘത്തിന് ശക്തമായ ശരമാരിയില്‍ തിരിഞ്ഞോടേണ്ടി വന്നു യുദ്ധവിജയത്തെ തുടര്‍ന്ന് ശരമെയ്ത്തുകാര്‍ താഴേക്ക് ഇറങ്ങിയ സമയത്ത് സംഘടിച്ചെത്തിയ ശത്രുക്കളില്‍ നിന്നും ഇസ്്‌ലാമിക സൈന്യത്തിന് തിരിച്ചടിയുണ്ടായി.ഞങ്ങള്‍ മുഴുവനും മരിച്ചുവീണാലും നിങ്ങള്‍ അവിടെ നിന്നും ഇറങ്ങരുതെന്ന് പ്രവാചകന്‍ അമ്പെയ്തുകാരോട് നിര്‍ദേശിച്ചിരുന്നു. യുദ്ധം വിജയിച്ചപ്പോള്‍ ഗനീമത്തിനായി അവരില്‍ കുറച്ച് പേര്‍ താഴേക്ക് ഇറങ്ങുകയായിരുന്നു നേതൃനിര്‍ദേശം ലംഘിക്കുന്നവര്‍ക്കുള്ള തിരിച്ചടിയുടെ പാഠമാണ് ഉഹദിന്റെ ഈ ചരിത്രമിന്നും. യുദ്ധഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഹംസ(റ.അ),ഹിന്ദും, വംശിയും മനസിലൂടെ കടന്നുപോയി. ഹംസ(റ.അ)യുടെയും മറ്റ് സഹാബിമാരുടേയും ഖബര്‍സ്ഥാനിനടുത്ത് നില്‍ക്കുമ്പോള്‍ അറിയാതെ മനസ് ഏങ്ങലടിക്കുന്നുണ്ടായിന്നു. ഉഹദില്‍ നിന്നും മസ്ജിദുല്‍ ഖിബിലത്തൈനിലും മസ്ജിദില്‍ ഖുബയിലേക്കും യാത്ര. മസ്ജിദില്‍ ഖുബയില്‍ രണ്ട് റക്കായത്ത് നമസ്‌കരിച്ചാല്‍ ഉംറയുടെ പ്രതിഫലമാണന്ന് പ്രവാചകന്‍(സ.അ) പഠിപ്പിച്ചിട്ടുണ്ട്. മക്കയില്‍ നിന്നും പ്രവാചകനും സംഘവും മദീനയിലേക്കെത്തിയപ്പോള്‍ മദീനാ നിവാസികള്‍ സ്വീകരിച്ച സ്ഥലമാണ് ഖുബ. നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി അസര്‍ സമയാണ് ഇനി മടക്കം മനസില്‍ നിന്നും വലിയ ഭാരം ഇറക്കി വെച്ചത് പോലെ.
സൗദിയില്‍ ഹൗസ് ഡ്രൈവര്‍ വിസയുണ്ടെന്ന് വിളിച്ചറിയിച്ച എന്റെ മാമ എന്നോട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. വലിയ ചിലവില്ലാതെ നിനക്ക് ഇവിടെയെത്താം ഉംറ നിയ്യത്താക്കി വന്നാല്‍ മതി. ജോലി നന്നായില്ലെങ്കില്‍ ഉംറചെയ്ത് മടങ്ങാം. എത്ര അര്‍ഥവത്തായിരിക്കുന്നു ആ വാക്കുകള്‍. എന്റെ ഉംറ പൂര്‍ത്തിയായിരിക്കുന്നു(ഇന്‍ഷാ അല്ലാഹ്).ഞാന്‍ കഅ്ബം കണ്ടു പ്രവാചകന്റെ പള്ളിയിലെത്തി സലാം പറഞ്ഞു. ഇനി എന്ത് വേണം എനിക്ക്. ബസ് പുറപ്പെടുകയായിരുന്നു..മദീനയെ പിന്നിലാക്കി തിരിച്ച് ഖസീമിലേക്ക്്. ഇല്ല എനിക്ക് ഇനിയും ഇവിടെ വരാതിരിക്കുവാനാകില്ല. അതിനാല്‍ തന്നെ താല്‍കാലികമായ വിടപറച്ചിലില്‍ ഔചിത്യവുമില്ല. നാഥാ ഇനിയും ഈ പുണ്യഗേഹങ്ങളിലെത്തുവാന്‍ നീ എനിക്ക് അവസരം നല്‍കണമേ എന്ന പ്രാര്‍ഥന മാത്രം......
ആദ്യ തീര്‍ഥാടനത്തിലെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുവാനാണ് ഞാന്‍ ശ്രമിച്ചത് ഏന്റെ അറിവ്കുറവും ഏഴുതുവാനുള്ള കഴിവില്ലായ്മയും വായനയ്ക്ക് വലിയ വിരസത സൃഷ്ടിക്കുമെന്ന് അറിയാം എങ്കലും പിഴവുകളും തെറ്റുകളും ചൂണ്ടിക്കാട്ടമെന്ന പ്രതീക്ഷയോടെ.......................
Subscribe to:
Posts (Atom)