Oct 11, 2012


പൊന്മുടിയെന്ന കുളിരിനെ തേടി

അനിശ്ചിതത്വം ആണ് എല്ലാ യാത്രയുടേയും വഴികാട്ടി...... 



ഒക്ടോബര്‍ രണ്ട് അവധിയാണന്ന് നോട്ടിസ് കിട്ടിയടം മുതല്‍ ഓഫിസില്‍ ചര്‍ച്ച ഗാന്ധി ജയന്തി ദിനത്തിലെ യാത്ര പ്ലാന്‍ ചെയ്യുന്നതിനെ കുറിച്ചായിരുന്നു. 

 


അവധിയുടെ ആലസ്യം വല്ലാതെ വലയ്ക്കും മുമ്പേ മാനസികമായി യാത്രക്ക് ഞങ്ങള്‍ തയ്യാറായിരുന്നു. സുന്ദരപാണ്ഡ്യപുരവും  കുളത്തൂപ്പുഴ, റോസ് മല എന്നിങ്ങനെ ഹില്‍സ്റ്റേഷനുകളുമാണ് മനസില്‍ ഉണ്ടായിരുന്നത് എങ്കിലും ആലപ്പുഴയിലെ കായലോളങ്ങളിലെ  ബോട്ട് യാത്രയും ചെറുതായി മനസില്‍ മിന്നി. ഒക്ടോബര്‍ ഒന്നിന് രാത്രി പത്തോടെ അത് തീരുമാനത്തിലെത്തി. പൊന്മുടി ഒടുവില്‍ പൊന്മുടി ഫിക്‌സ് ചെയ്തു. 

      കുളത്തൂപ്പുഴ വഴി പൊന്മുടിയെന്നതായിരുന്നു യാത്രയുടെ ലക്ഷ്യവും മാര്‍ഗവും. രാവിലെ എട്ടിന് കൊട്ടാരക്കരയില്‍ നിന്നും പുറപ്പെടണമെന്നായിരുന്നു തീരുമാനം. മാറിമറിയലുകള്‍ക്കൊപ്പം തേജസ് കൊല്ലം ബ്യൂറോയില്‍ നിന്നും സുധീര്‍, ഷെമീര്‍, അജ്മല്‍, കൊട്ടിയം ലേഖകന്‍ അല്‍ അമീന്‍  ഞാന്‍, എന്റെ സഹോദരന്‍, കടയ്ക്കല്‍ ലേഖകന്‍ റാഷിദ് എന്നിങ്ങനെ  യാത്രക്കാരുടെ ലിസ്റ്റുമായി. രാവിലെ തിമിര്‍ത്തു പെയ്ത മഴ ഞങ്ങളുടെ സ്വപ്‌നങ്ങളേയും തീരുമാനങ്ങളുടേയും മേല്‍ നിരാശ വീഴ്ത്തി. രാവിലെ എട്ട് മുതല്‍ ഏഴുകോണിലും കുണ്ടറയിലുമായി സംഘാങ്ങളില്‍ പലരും മഴയില്‍ കുടുങ്ങി നില്‍പ്പായി പത്തോടെ യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് മൊബൈല്‍ വഴിയുള്ള കൂടിയാലോചനയില്‍ ലഭിച്ചത്. അവസാനം സംഘാങ്ങള്‍ ഒരു തീരുമാനത്തിലെത്തി മഴ നനയാം. അങ്ങനെ കനത്തമഴയില്‍ ഞങ്ങള്‍ പതിനൊന്നോടെ കൊട്ടാരക്കരയില്‍  നിന്നും യാത്രയായി. നേരെ ചടയമംഗലം, ചിതറ വഴി കാനൂര്‍, കാനൂരില്‍ നിന്നും റാഷിദുമായി പാലോട്, വിതുര വഴി പൊന്മുടി. 

                          റാഷിദിനായി മുള്ളിക്കാട് ജങ്ഷനില്‍ അല്‍പം വെയിറ്റിങ് ബോറടി മാറ്റാന്‍ സമീപത്തെ ചായക്കടയില്‍ കയറി. അവിടെ വിഭവങ്ങളുടെ ഘോഷയാത്ര ദോശ, ചീനി (കപ്പ),നല്ല പോത്തിറച്ചി കറിയും. പിന്നെ ഒന്നും ആലോചിച്ചില്ല ആദ്യം ദോശയും ഇറച്ചിയും കഴിച്ചു. ന്ല്ല നാടന്‍ ദോശ മനസിന് തൃപ്തി നല്‍കിയെങ്കലും ചീനിയെന്ന പാരമ്പര്യവാദം പിന്നേം വയറിനെ കരയിച്ചു. ഒട്ടും മടിച്ചില്ല രണ്ട് പ്ലേറ്റ് ചീനിയും ഇറച്ചിക്കറിയും പറഞ്ഞു. നാടന്‍ കറികള്‍ക്കൊപ്പം നാട്ടിന്‍പുറത്തെ സ്‌നേഹവും കലകര്‍ത്തിയതായിരുന്നു ആ ഭക്ഷണമെന്നത് പറയാതിരിക്കുവാനാവില്ല. ബില്ല്് ഒടുക്കി പുറത്തിറങ്ങിയപ്പോള്‍ കാത്തു നിന്ന ആളും എത്തി. റാഷിദിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. നാല് ബൈക്കിലായി ഞങ്ങള്‍ എട്ട് പേര്‍ യാത്ര  സുഖം അവിടെ നിന്നും ആരംഭിച്ചു. വിതുര വരെയുള്ള യാത്ര റേസിങ്ങിന്റെ സുഖത്തിലായിരുന്നു. പരസ്പരം ഓവര്‍ടേക്ക് ചെയ്തു. 
          
വഴിയരുവിലെ ചെറുകാഴ്ചകളില്‍ സമയം ചിലവഴിച്ചും വിതുരയില്‍ ഉച്ചക്ക് ഒന്നോടെ എത്തി. അവിടെ ടൗണില്‍ കണ്ട ഹോട്ടലില്‍ നിന്നും എട്ട് പാഴ്‌സല്‍ വാങ്ങി ഞങ്ങള്‍ മൂന്ന് പേര്‍ നെയ്‌ചോറും ബാക്കിയുള്ളവര്‍ ബീഫ് ബിരിയാണയും. പാഴ്‌സലും വെള്ളവുമായി നേരെ പൊന്മുടിയിലേക്ക്. രണ്ടോടെ ഹൈറേഞ്ച് തൈയ്ക്കാവിലെത്തി കാട്ടുരുവിയില്‍ ശരീര ശുദ്ധി വരുത്തി നമസ്‌കരിച്ചു. പിന്നെ  അവിടെ തന്നെ ആഹാരം കഴിച്ചു.  വീണ്ടും യാത്ര പൊന്മുടിയുടെ സുഖം ആ ഹെയര്‍ പിന്‍ വളവുകളിലുണ്ടായിരുന്നു. രണ്ടാം മൈലില്‍ എത്തിയപ്പോള്‍ വഴിയരികില്‍ പേരയ്ക്കയും കരിമ്പുമായി ഒരു അമ്മ. 

  ബൈക്കുകള്‍ക്ക് എത്ര പെട്ടന്നാണ് സ്പീഡ് കുറയുന്നത്. അവിടെ കുറെ ഫോട്ടോ സെഷന്‍ നടത്തി ഇതിനിടെ റാഷിദ്  അമ്മച്ചിയുമായി പിണങ്ങി കുറെ പേരയ്ക്കയും വാങ്ങി വന്നു. വിളഞ്ഞില്ലെങ്കിലും കാട്ടില്‍ വളരുന്നതിന്റെ രുചി അതിനുണ്ടായിരുന്നു. ഞങ്ങളുടെ ബഹളം കണ്ടിട്ടോ മറ്റോ അമ്മച്ചി കരിമ്പിന്‍ തുണ്ട് വെട്ടി നല്‍കി. അതിന് പൈസ വാങ്ങുവാനും തയ്യാറായില്ല. അമ്മച്ചിയോട് അല്‍പനേരം കാര്യങ്ങള്‍ സംസാരിച്ചപ്പോഴേക്കും പൊന്മുടിയുടെ ഏകദേശ വിവരണം ലഭിച്ചു. പിന്നെ അവിടെ സമയം ചിലവഴിക്കുവാന്‍ തോന്നിയില്ല. നേരെ അടുത്ത ഹെയര്‍പിന്‍ വളവിലേക്ക് 22 ഹെയര്‍പിന്‍ വളവുകളാണ്  അടിവാരത്തു നിന്നും പൊന്മുടിയിലേക്ക്  എന്നാല്‍ ബോര്‍ഡുകളില്‍ ഇത് 24 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ഹെയര്‍ പിന്‍ വളവുകള്‍ എന്ന് പറയുമ്പോള്‍ വലിയ പ്രതീക്ഷ വയ്ക്കാതിരിക്കുന്നത് യാത്രക്ക് നല്ലത്).  

  ഒടുവില്‍ ഞങ്ങള്‍ ആ ഡെസ്റ്റിനേഷനിലെത്തി പൊന്മുടി അക്ഷരാര്‍ഥത്തില്‍ അതിന്റെ ഫീലിങ്  മനസില്‍ അലയടിച്ച് തുടങ്ങി. ചെറുതണുപ്പും മെല്ലെ തഴുകി കടന്ന് പോകുന്ന ഗ്രാമ്പു മണമുള്ള നനുത്ത കാറ്റും. കുറച്ച് മുന്നോട്ട് പോയതോടെ വനം സംരക്ഷണ സമിതിയുടെ ചെക്ക് പോസ്റ്റ് ഇവിടെ ഒരാല്‍ക്ക് 20 രൂപ പ്രവേശന ഫീസ് അടയ്ക്കണം.  ബൈക്കിന് പത്ത് രൂപ പാര്‍ക്കിങ് ഫീസും ഉണ്ട്. പാപ്പരാസികളെന്ന ബലത്തില്‍ ആ കടമ്പ കടന്ന് ഞങ്ങള്‍  നേരെ മൊട്ടകുന്നുകളിലേക്ക്. 





(പൊന്മുടിയെന്ന് പറയുമ്പോള്‍ വിശാലമായ കാഴ്ച പ്രതീക്ഷിച്ച് വരുന്നവര്‍ക്ക്  നിരാശയാകും ഫലം എന്നാല്‍ ഒരു ഹില്‍സ്റ്റേഷനില്‍ അല്‍പം സമയം ചിലവിടുകയും കല്ലാറിലെ കുളിയും മാത്രം ആഗ്രഹിച്ചാല്‍ അത് അവിസ്മരണീയ യാത്രയാകും. ) ഒരു മൊട്ടകുന്നില്‍ നിന്നും പുല്ലുകള്‍ക്കിടയിലൂടെ മറ്റൊന്നിലേക്ക്. പ്രകൃതി തന്നെ എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുന്ന മനോഹര മലനിരകള്‍ കാഴ്ചയുടെ വസന്തം ഇവിടെ ഭാവനയുടേത് ആവും മണിക്കൂറുകളോളം മൊട്ടക്കുന്നില്‍ മലനിരകളെ നോക്കിയിരുന്നാലും മടുപ്പുണ്ടാകാത്ത അവസ്ഥ. എത്ര നേരം അവിടെ ചിലവഴിച്ചെന്നറിയല്ല ദൂരെ മഞ്ഞിന്‍ കൂട്ടങ്ങള്‍ ഞങ്ങളെ തഴുകാനായി കടന്നു വരുന്നു യാത്രയുടെ ദൂരം  പിന്നോട്ട് വലിക്കുമ്പോഴും ആ ദൃശ്യങ്ങളില്‍ നിന്നും  കണ്ണെടുക്കുവാനാവുന്നില്ല. ഒടുവില്‍ 5.30 ഓടെ ഞങ്ങള്‍ ആ പുല്‍പ്പാടങ്ങളോട് വിടപറഞ്ഞു. ഇനിയും മടങ്ങിവരാമെന്ന വാഗ്ദാനത്തോടെ. പിന്നെ ഒഴു ഒഴുക്കായിരുന്നു.മടങ്ങിവരവില്‍ കല്ലാറിന്റെ മടിയില്‍  അല്‍പ്പം  അര്‍മാദം. കുളികഴിഞ്ഞ് വരും വഴി ആനപ്പാറയാണന്ന് തോന്നുന്നു കൃത്യമായ ഓര്‍മയില്ല ഒരു ചെറിയ സ്ഥലത്തെ കടയില്‍ നിന്നും ചൂട് കടിയും ചായയും കുടിച്ചു. ഏഴോടെ ബൈക്കുകള്‍ വീടുകളെ ലക്ഷ്യമാക്കി തിരിച്ചു. വീട്ടിലെത്തി ബൈക്കിന്റെ മീറ്ററിലേക്ക് കണ്ണോടിച്ചപ്പോള്‍ 208 കിലോമീറ്റര്‍ യാത്രചെയ്തിരിക്കുന്നു. എന്നാല്ഞ അതിന്റെ ആലസ്യമില്ലാത്ത ഒരു നല്ല ഉറക്കത്തിനായി കിടക്കയിലേക്ക്
ഇതാ ആ യാത്ര എന്റെ കാമറയിലൂട ..... കണ്ട ശേഷം അഭിപ്രായം എഴുതാന്‍ മറക്കല്ലേ!