Sep 10, 2012

ഈ പിഞ്ചുകുഞ്ഞുങ്ങള്‍ ദാഹജലത്തിനായി വലയുമ്പോള്‍ നിങ്ങള്‍ പുച്ഛിച്ച് തള്ളരുത്.




വീശീയടിക്കുന്ന കടല്‍കാറ്റിനും തലക്ക് മുകളില്‍ കത്തി നില്‍ക്കുന്ന ഉച്ചവെയിലിനും ഇടയിലാണ് രണ്ട് ദിവസമായി  കടലിന്റെ മക്കള്‍ എന്ന് നാം ഓമനിച്ച് വിളിക്കുന്ന പതിനയ്യായിരത്തോളം  ജനങ്ങള്‍.  മുലകുടിമാറാത്ത കുട്ടികളേയും ഒക്കത്തിരുത്തി മണലിലിരിക്കുന്ന അമ്മമാര്‍ക്ക് ഒറ്റ ആവശ്യമേ ഉള്ളു തങ്ങളുടെ ഭീതിയകറ്റാന്‍ ആണവനിലയത്തിന്റെ നിര്‍മാണം ഉടന്‍ നിര്‍ത്തി വെയ്ക്കുക. ഈ ഇരുപ്പ് തുടങ്ങിയിട്ട് ഇന്ന് രണ്ട് ദിവസം പിന്നിടുന്നു. ചുണ്ട് വരണ്ടുണങ്ങുന്ന പിഞ്ചോമനകള്‍ക്ക് പഞ്ചസാരവെള്ളത്തില്‍ കലക്കികൊടുത്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. 15000 വരുന്ന സ്ത്രീകളും പുരുഷന്‍മാരും 48 മഇക്കൂറിനുള്ളല്‍ ആകെ കഴിച്ചത് അല്‍പം കഞ്ഞിവെള്ളം മാത്രമാണ്. ഇവരെ നേരിടുവാന്‍ 20000 സായുധ പോലിസിനെയാണ് തമിഴ്‌നാഠ് നിയോഗിച്ചിരിക്കുന്നത്. ഊര്‍ജ്ജം നമ്മുക്ക് ഒഴിവാക്കാനാകാത്തതാണ്. നാട് വേണ്ടെന്നു പറയുന്നത് അഥിന്റെ ദുരിതങ്ങളെ ഓര്‍ത്താണ് സുനാമിയും ഭൂമികുലുക്കവും തകര്‍ത്ത ജീവിതത്തില്‍ നിന്നാണ് ഇവര്‍ സംസാരിക്കുന്നത് ആ കഥയിലേക്ക്







പനക്കുടി ചുരുട്ടുകളുടെ കൂടംകുളം
തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കിലാണ് കൂടംകുളം എന്ന ഗ്രാമം. കന്യാകുമാരിയല്‍ നിന്നും  25 കിലോമീറ്റര്‍ മാത്രം ദൂരമുള്ള കടലോര ഗ്രാമം. ഏഴുപതിനായിരത്തോളം പേര്‍ അധിവസിക്കുന്ന ഇരുപത്തിയഞ്ചോളം ഗ്രാമങ്ങള്‍ ചുറ്റപ്പെട്ടുകിടക്കുന്ന കൂടംകുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞിരുന്നത് പനക്കുടി ചുരുട്ടുകളുടെ പേരിലാണ്. മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടും, കാലികളെ വളര്‍ത്തിയും,  ബീഡി തെറുത്തുമാണ് ഇവിടെ ഗ്രാമീണര്‍ ജീവിച്ചിരുന്നത്. 1988ലാണ് കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും റഷ്യയും സംബന്ധിച്ച് കരാറിലേര്‍പ്പെടുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 2002 മേയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.എട്ട് റിയാക്ടറുകളുള്ള 9200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന വി.വി.ആര്‍.1000 എന്ന അതിനൂതന സാങ്കേതിവിദ്യയാണ് ഇവിടുത്തെ  റിയാക്ടറുകളിലുപയോഗിക്കുന്നത്. 15500 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചിലവായി കണക്കാക്കുന്നത്. രണ്ട് റിയാക്ടറുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. ഇനി നാലെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുവാനുണ്ട്. ആദ്യകാലങ്ങളില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഗ്രാമീണര്‍ ആവേശത്തോടെയാണ് വരവേറ്റത്. തദ്ദേശീയരായ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലുകള്‍ ലഭിച്ചു. മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടു അരിഷ്ടിച്ച് ജീവിച്ചിരുന്ന ഗ്രാമീണരെ ആണവനിലയം സമ്പന്നതയിലേക്ക് കൈപിടിച്ചുയര്‍ത്തി. വസ്തുവിന്റെ വില കുതിച്ചുയര്‍ന്നു.ഹാര്‍ബറുകളില്‍ ലേലത്തിന് മല്‍സ്യം എത്താതായി, പനക്കുടി ചുരുട്ടുകളുടേയും ബീഡിതെറുപ്പിന്റെയും വാസന കൂടംകുളത്തു നിന്നും അകന്നു.കൂടംകുളം ആണവനിലയത്തെ സ്‌നേഹിച്ച കാലമായിരുന്നു അത്.



സമരത്തിന്റെ ചരിത്രം
'മക്കള്‍ ശക്തി വെല്ലട്ടും
പോരാട്ടം വെല്ലട്ടും
പോരാട്ടമാം പോരാട്ടം
മനിതകുലം കാക്കും പോരാട്ടം'
 മുദ്രാവാക്യം വിളിയുടെ ആവേശത്തിനനുസരിച്ച് കൈകള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്താന്‍ വൈകുണ്ഠത്തിനാകുന്നില്ല. സമരത്തിന്റെ ആദ്യകാലത്ത് പത്ത് ദിവസം തുടര്‍ച്ചയായി നിരാഹാരം കിടന്ന വൈകുണ്ഠത്തിന്റെ വലത്തേകൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടു. സൈപ്തംബര്‍ 11 മുതല്‍ 22 വരെ തുടര്‍ച്ചയായി നിരാഹാരം കിടന്ന 54കാരനായ വൈകുണ്ഠത്തിന് സമരപന്തലില്‍ വെച്ച് ബോധം മറയുകയായിരുന്നു. ആശുപത്രിയില്‍ കണ്ണുതുറക്കുമ്പോള്‍ വലത് കൈയ്യുടെ ഭാഗത്ത് ഒരു തരിപ്പാണ് അനുഭവപ്പെട്ടത്. ഒരു കൈയ്യല്ല ജീവന്‍ തന്നെ നല്‍കാനാണ് ഞങ്ങള്‍ സമരം കിടന്നത്. ഇത്രയും നാള്‍ കടലില്‍ പോയാണ്  ജീവിച്ചത്. ഇനി ഉപജീവനത്തിന് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അണുനിലയം തുറന്നാല്‍ ഞങ്ങള്‍ എന്തിന് ജീവിക്കണം എന്ന മറുപടിയാണ് ലഭിച്ചത്.  സമരപന്തലില്‍ ഉയരുന്ന മുദ്രാവാക്യം തന്റെ കുലത്തിന്റെ  സംരക്ഷണം തേടിയുള്ളതാണന്ന് ഒരോ മല്‍സ്യതൊഴിലാളിയും വിശ്വസിക്കുന്നു. ആണവനിലയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍  തങ്ങള്‍ക്ക് മാത്രമല്ല വരുന്ന തലമുറകളും നാശത്തിലേക്കാണന്ന തിരിച്ചറിവാണ് ഒരോ ഗ്രാമീണനേയും ഇവിടേക്ക് എത്തിക്കുന്നത്. തുടക്കത്തില്‍  ആണവ നിലയത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളാണ്  ഉയര്‍ന്നത്. 90 കളില്‍ ആണവനിലയത്തിനെതിരെ കന്യാകുമാരിയില്‍ 1500 ത്തോളം പേര്‍ സംഘടിച്ച് പ്രതിഷേധിക്കുകയുണ്ടായി എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് വെടിവെയ്ക്കുകയായിരുന്നു.വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു. സമരം എന്തിനെന്ന് ഈ കടലോരവാസികളോട് ചോദിക്കുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരും ഉണ്ടായില്ല.  2001 നവംബറില്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പാമ്‌നെ ) മധുരയില്‍ ആണവനിലയത്തിനെതിരെ പൊതുസമ്മേളനം സംഘടിപ്പിച്ച് കൊണ്ട് വീണ്ടും പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങി. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ ഇല്ലാതാക്കാന്‍ വന്ന ശല്യക്കാരായിട്ടാണ് തുടക്കത്തില്‍ തീരദേശവാസികള്‍ സമരക്കാരെ കണ്ടത്. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയിലും റീയാക്ടറുകളുടെ നിര്‍മാണം തകൃതിയായി നടന്നു. സുനാമിയില്‍ തകര്‍ന്ന ഫുകുഷിമയുടെ ചിത്രം  കൂടംകുളത്തുകാര്‍ക്ക്  മുന്നറിയിപ്പായി. ആണവ വിരുദ്ധ സമരത്തില്‍ അണിനിരക്കേണ്ടതിന്റെ ആവശ്യകത ഫുക്കുഷിമ അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. 2005 ലെ സുനാമി സര്‍വ്വതും നക്കിതുടച്ച കടലോരവാസികള്‍  ഒത്തുചേര്‍ന്ന 2011 ആഗസ്ത് 10ന് ഏകദിന ഉപവാസം പ്രഖ്യാപിച്ചു ഉടന്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു ഒക്ടോബര്‍ എട്ടിനകം  ചര്‍ച്ച നടത്താം എന്ന ധാരണയില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ സെപ്തംബര്‍  എട്ടിന ഇംഗ്ലീഷ് പത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ആണവ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലന്ന്  ആണവനിലയ മേധാവി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇതോടെ സംഘടിച്ചെത്തിയ 127 നാട്ടുകാര്‍ സെപ്തംബര്‍ 11 മുതല്‍  അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു.  ആദ്യം അവഗണിച്ചെങ്കിലും ദിവസങ്ങള്‍ പിന്നിട്ടതോടെ ആണവനിലയത്തിനെതിരെയുള്ള സമരം  പുറംലോകം ചര്‍ച്ച ചെയ്ത് തുടങ്ങി. സമരത്തിന്റെ തീവ്രത മനസിലാക്കിയ സര്‍ക്കാര്‍ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് കൂടംകുളത്ത് കാരെ നാട്ടില്‍ നിന്നും ആട്ടിപ്പായിച്ചു. ആണവനിലയത്തിന് അഞ്ച് കിലോമീറ്റര്‍ ദൂരം അതീവ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ട ഗ്രാമീണര്‍ എത്തിയത് സമീപത്തെ ഗ്രാമമായ ഇടന്തിക്കരയിലാണ്. കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന സെന്റ് ലൂര്‍ദ്ദ് പള്ളിമുതല്‍ വിനായകര്‍ കോവില്‍ വരെ നാട്ടുകാര്‍ പന്തല്‍ കെട്ടി  നിരാഹാരം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശാന്തമാകുമെന്ന് ആണവനിലയ അധികൃതരും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിചാരിച്ച മുക്കുവരുടെ സമരപന്തലില്‍  പതിനൊന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും ആയിരങ്ങള്‍ ഒഴുകിയെത്തുകയാണ്.

അപ്രഖ്യാപിത അടിയന്തിരാവസ്ഥ
സമരം ഭരണകൂടങ്ങള്‍ക്ക് എന്നും അലോസരമാണ് സൃഷ്ടിക്കാറുള്ളത്. കൂടംകുളത്തും അതുതന്നെയായിരുന്നു സംഭവിച്ചത്. നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പുകള്‍ സമരക്കാരുമായി ചര്‍ച്ച നടത്തുവാന്‍ രാഷ്ട്രീയക്കാരെ പ്രേരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള സഹമന്ത്രി നാരായണ സ്വാമി പലവട്ടം സമരക്കാരുമായി ചര്‍ച്ചനടത്തിയിരുന്നു എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും ഒടുവില്‍ ആണവ നിലയം പൂട്ടണമെന്ന സമരക്കാരുടെ ആവശ്യത്തിന് മുന്നില്‍ മുട്ട് മടക്കി അധികാരികള്‍ സ്ഥലം വിടാറാണ് പതിവ്. സമരത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച് നടപടികള്‍ അടിയന്തിരാവസ്ഥയ്ക്ക് സമമാണ്. സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍ സമരസമിതിക്കെതിരെ ആരോപണങ്ങളുമായിട്ടാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്തെത്തിയത്. സമരക്കാരെ ജാതിയമായി തമ്മിലടിപ്പിക്കുവാന്‍ വരെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കം നടന്നു. സമരത്തിന് വിദേശത്ത് നിന്നും വന്‍ തോതില്‍ ഫണ്ട് ലഭിക്കുന്നുവെന്നും ഇത് ക്രിസ്തന്‍ മിഷണറിമാര്‍ വഴിയാണ് എത്തുന്നതെന്നുമാണ് ആദ്യം ആരോപണമുയര്‍ന്നത്.  കേന്ദ്രമന്ത്രി വി നാരായണ സ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ ജനരോക്ഷം ശക്തമായപ്പോള്‍ വിദേശ കരങ്ങളുമായി ചേര്‍ന്ന് രാജ്യത്തിന്റെ ഊര്‍ജ്ജ പുരോഗതിയെ തടയിടുവാനാണ് ആണവവിരുദ്ധസമരമെന്നും സമരത്തിന് പിന്നില്‍ വിദേശ കരങ്ങളുണ്ടെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. എന്നാല്‍ സമരക്കാര്‍ ഇത്തരം  ആരോപണങ്ങളെ പുച്ഛിച്ച് തള്ളുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടിനെ കുറിച്ച് അന്വേഷിക്കുവാന്‍ അവര്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ്. രാധാപുരത്തെ 15 ഗ്രാമങ്ങളില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്ന നാട്ടുകാര്‍ തങ്ങളുടെ വരുമാനത്തിന്റെ പത്ത് ശതമാനം ദിവസവും ഈ സമരത്തിനായി നല്‍കുന്നു. ചെറു സമ്പാദ്യങ്ങളുമായെത്തുന്ന വിദ്യാര്‍ഥികളും ബീഡി തെറുക്കുന്ന വീട്ടമ്മമാരും തങ്ങളുടെ അധ്വാനത്തിന്റെ പങ്ക് നല്‍കുന്നതിലൂടെയാണ് ഈ സമരം മുന്നോട്ട് പോകുന്നത് സമരസമിതി നേതാവ് ഡോ. എസ് പി ഉദയകുമാര്‍ പറയുന്നു.അല്ലങ്കില്‍ തന്നെ ഞങ്ങളുടെ സമരത്തിന് പണം വേണ്ട  പകല്‍ പട്ടിണി കിടക്കുന്ന ഞങ്ങള്‍ക്ക് എന്തിനാണ് പണം ഞങ്ങളുടെ കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നില്ല. ഈ ഗ്രാമത്തില്‍  വൈദ്യുതിയോ വെള്ളമോ എത്തുന്നില്ല, റേഷന്‍ കടകള്‍ മാസങ്ങളായി തുറക്കുന്നില്ല, ഇടന്തിക്കരയിലേക്കുള്ള റോഡില്‍ രാധാപുരത്ത് പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അവശ്യവസ്തുക്കള്‍ പോലും ഇങ്ങോട്ട് കടത്താതിരിക്കുവാന്‍. സമരപന്തലിലെ അരസാങ്കം (സര്‍ക്കാര്‍) ഈ ഗ്രാമത്തെ  ഇല്ലാതാക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്  മല്‍സ്യതൊഴിലാളിയായ ആരുള്‍ദാസ് പറഞ്ഞു. മൂന്ന് വയസുള്ള പേരമകള്‍ എയ്ഞ്ചലുമായിട്ടാണ് ദാസ് സമരത്തിനെത്തുന്നത്. ഇവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. ഇവരുടെ നല്ലനാളേക്കായി. ദാസിന്റെ വാക്കുകളില്‍ പ്രായം മറന്നുള്ള ആവേശമാണ്. കൂടംകുളത്തെ ഓരോ സമക്കാരിലും പ്രകടമാകുന്നത് ഈ നിശ്ചയദാര്‍ഢ്യമാണ്. 55,795 ഗ്രാമീണര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇടക്ക് പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. സമരക്കാര്‍ക്ക് വെള്ളവും വെളിച്ചവും തടയുന്നതിനുള്ള മാര്‍ഗമാണ് 144 പ്രഖ്യാപനം. 47 സ്ത്രീകളുള്‍പ്പടെ 148 പേരെയാണ് നംഗൂനേരിയിലേയും, തിരുച്ചറപ്പള്ളിയിലേയും, കൂടല്ലൂരിലേയും ജയിലുകളിലടച്ചത്. സമരത്തിന് നേതൃത്വം നല്‍കുന്ന എസ് പി ഉദയകുമാറിനേയും, പുഷ്പരായനേയും രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുവാനുള്ള നീക്കം ഗ്രാമീണര്‍ ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. രാവും പകലും ഇരുവരും താമസിക്കുന്ന സമരപന്തലിന് ചുറ്റും കണ്ണിമവെട്ടാതെ ഗ്രാമീണരുടെ കാവലുണ്ട്. പോലിസ് സമപന്തലിലെത്താതിരിക്കുവാന്‍ വഴികള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഭരണകൂട ഭീകരതയുടെ ഇരകളാണ് ഞങ്ങള്‍ ഇനി ഞങ്ങള്‍ക്ക് ഒരിഞ്ച് പോലും പിന്നോട്ട് പോകാനാകില്ല കാരണം ഈ ഗ്രാമീണര്‍ ഈ സമരത്തെ അത്രയേറെ നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു ഉദയകുമാര്‍ പറഞ്ഞു.


ആണവനിലയത്തെ കുറിച്ച് തങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം പ്രധാനമായും അവര്‍ ആവശ്യപ്പെടുന്നത് അണുനിലയം സ്ഥാപിക്കുന്നതിന് മുമ്പ് നടത്തേണ്ട പരിസ്ഥിതി ആഘാത പഠന റിപോര്‍ട്ട് പുറത്ത് വിടണമെന്നാണ്. ആണവനിലയം സുരക്ഷിതമാണന്ന വിദഗ്ധസമതിയുടെ റിപോര്‍ട്ട് സമരക്കാര്‍ തള്ളിക്കളയുന്നു. തീരത്ത് നിന്നും 25 മീറ്റര്‍ ഉയരത്തിലുള്ള റീയാക്ടറുകളെ സുനാമി തിരകള്‍ ബാധിക്കില്ലന്നാണ് ആദ്യം ഇവര്‍ പറഞ്ഞരുന്നത്.2005 സുനാമിയില്‍ 150 അടി ഉയരമുള്ള കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമക്ക് മുകളില്‍ വരെ സുനാമി തിര അടിച്ച് കയറിയിരുന്നു. ഇടന്തിക്കര കൂടംകുളം മേഖലയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത വിരളമെന്നാണ് ആണവ നിലയം വക്താക്കളുടെ വാദം. എന്നാല്‍ 2001 ല്‍ കൂടംകുളത്ത് ഭൂചലനം രേഖപ്പെടുത്തിയതായി  സമരസമിതി മറുവാദം ഉന്നയിക്കുന്നുണ്ട്. സുനാമി ഏറ്റവും അധികം ബാധിച്ച കന്യാകുമാരിയോട് ചേര്‍്ന്ന ഇടന്തിക്കരയില്‍ സുനാമി കോളനി തന്നെ നിര്‍മിച്ച സര്‍ക്കാരാണ് ഇവിടെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലെന്ന് പറയതാണ് വിരോധാഭാസം സമരസമിതി കണ്‍വീനര്‍ പുഷ്പരായന്‍ ചൂണ്ടിക്കാട്ടി. സമരക്കാരെ  വിശ്വാസത്തിലെടുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു അവരുടെ പഠനത്തില്‍ നിലയത്തിന് അനുകൂലമായ നിലപാടാണുണ്ടായിരുന്നത്. സമിതി തങ്ങളെ സമീപിക്കുകയോ തങ്ങളുടെ ആശങ്കകള്‍ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ലന്ന് പാമ്‌നെ ആരോപിക്കുന്നു. സമരത്തിലേര്‍പ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം നിലയം സന്ദര്‍ശിച്ച് സുരക്ഷിതമാണന്ന് അഭിപ്രായപ്പെട്ടിരുന്നു. സമരക്കാരുടെ മനസ് മാറ്റാന്‍ ബാംഗ്ലൂര്‍ നിംഹാന്‍സില്‍ നിന്നും മനശാസ്ത്രജ്ഞരെ ഇടന്തിക്കരയിലെത്തിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു.

ബദലിന്റെ ഊര്‍ജ്ജം
ആണവവിരുദ്ധ സമരം ഊര്‍ജ്ജത്തിനെതിരെയുള്ള സമരമായി വാദിക്കുന്നവരുണ്ട്. എന്നാല്‍ നമ്മുക്ക് നിയന്ത്രിക്കുവാനൊക്കാത്ത അപകട സാധ്യതയുള്ള ഊര്‍ജ്ജത്തേക്കാള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെ കുറിച്ചും സമരക്കാര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആണവനിലയം പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ 2000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കാവല്‍ കിണര്‍ മുതല്‍ കൂടംകുളം വരെയുള്ള 40 കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന കാറ്റാടി പാടത്ത് ഉല്‍പ്പാദിപ്പിക്കുന്നത് 4850 മെഗാവാട്ട് വൈദ്യുതിയാണ്. ആണവനിലയം പൂട്ടിയാലും നമ്മള്‍ക്ക്  ബദലുകള്‍ കണ്ടെത്താം. അതിനുള്ള മനസുണ്ടാകണം. കോടികളുടെ കോര്‍പറേറ്റ് ബിസിനസാണ് ആണവനിലയം ഇതിലൂടെ കൂറേപേര്‍ക്ക് കോടികളുടെ പ്രയോജനം ലഭിക്കും. ഒന്നര ലക്ഷത്തോളം വരുന്ന ഗ്രാമീണരുടെ ജീവിതത്തേക്കാള്‍ സര്‍ക്കാരിന്റെ ലക്ഷ്യം ആ കോടികളിലാണ് പുഷ്പരായന്‍ ചൂണ്ടിക്കാട്ടി.
കൂടംകുളത്തെ കുട്ടികള്‍ക്ക് ഇപ്പോള്‍ പള്ളിക്കൂടം ആ സമരപന്തലാണ്. ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിലൂടെ ആണവനിലയം എന്ന ഗോലിയാത്തിനെ തുരത്താന്‍ ഈ കുട്ടികള്‍ തങ്ങളുടെ ബാല്യം സമരത്തിന്റെ തീച്ചൂടില്‍ കുരുതി കഴിക്കുന്നു. പ്ലസ് ടുവരെ പഠിച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും സമരപന്തലിനോട് ചേര്‍ത്ത് തയ്യാറാക്കിയ ഷെഡില്‍ കംപ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്ന് ഇന്റര്‍നെറ്റിലൂടെ  തങ്ങളുടെ സമരത്തിന് രാജ്യത്തിന്റെ പിന്തുണ തേടുകയാണ്.മല്‍സ്യബന്ധനം കഴിഞ്ഞാല്‍ തൊഴിലാളികള്‍ നേരെ സമരപ്പന്തലിലേക്കാണ് എത്തുന്നത്.ഇവരുടെ സ്വപ്‌നവും ജീവിതവും ഈ സമരപന്തലായി മാറുകയാണ്.